ഈ ബ്ലോഗ് തിരയൂ

2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ദുര്‍യോഗനിദ്ര
ദുര്‍യോഗനിദ്ര
സത്നാം,നിണ്റ്റെ പേര്‌
വ്യാകരിക്കാന്‍ അറിവില്ലെനിക്ക്‌,
എങ്കിലും സല്‍പ്പേരെന്നൊരു
ധ്വനിയതിലുണ്ടെന്ന്‌ നിനക്കട്ടെ.

ചിത്തവൃത്തിനിരോധം യോഗ-

മെന്നു പതഞ്ജലീപദം;

ചിത്തമില്ലാത്തതോ,വൃത്തിയില്ലാത്തതോ-

ഏതാണ്‌ നിന്‍ ദുര്യോഗം?

ഗയ-ബോധിവൃക്ഷങ്ങളുടെ
ഊയല്‍ വേരിലാടിയ
നരഗരിമയുടെ നിര്‍വേദസ്മൃതി
മീമാംസകളുടെ ചിറയില്‍ തച്ചുടയുന്നു.

ഗയ-നിണ്റ്റെ നാടെന്ന്‌

പത്രത്താള്‍ പറയുന്നത്‌,

ഊരുവിലക്കില്‍ ആര്യസത്യങ്ങള്‍

പിന്നിട്ടുപോയൊരു നാട്‌.

ജടയും ജാടയും യോഗസിദ്ധം;
മറുത്തവ ക്ഷൌരം ചെയ്യും
അച്ചടക്കത്തിന്‍ മൊത്തവാണിഭ-
മേല്‍ക്കും കുലശ്രേഷ്ഠര്‍.

കുഴകള്‍ തിരിച്ച്‌ അവര്‍ നിന്നെ

ചിരിപ്പാവകളിലൊന്നായ്‌ നിരത്തും.

വികടകാലത്തിന്‍ ലാസ്യത്തില്‍

വിടച്ചിരി ചിരിക്കാനൊരുക്കും.

കുതറിയാല്‍ അവര്‍ നിന്നെ
മുഴക്കോല്‍ ചേര്‍ത്തുടയ്ക്കും;
ഊമയടികളില്‍ കുഴഞ്ഞ്‌
വെള്ളത്തിനായ്‌ നീയിഴയും.

കണ്ണീര്‍ത്തുമ്പ്‌ തേടി പ്രിയരെത്തുമ്പോള്‍

കുറഞ്ഞത്‌ മൂന്നു കാരണങ്ങളെങ്കിലും

നിന്നെ മരിപ്പിച്ചിരിക്കാമെന്നവര്‍ പറയും,

ആര്‍ക്കുമറിയാത്ത മൂന്നു കാരണങ്ങള്‍.

നിയമമറിയാതൊരു കൊല,
കഥമെനയാനൊരു പ്രേതഗണിതം,
കഥപാടാന്‍ നാവായിരം.
സത്നാം, ഞാനിരക്കുന്നൊരു മാപ്പ്‌.

Satnam Singh Mann was killed on 05.08.12. read the following links for further details

2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

പുരുഷാര്‍ഥം

പുരുഷാര്‍ഥം
വേദവിന്യാസം പോലുള്ള
ജീവിതങ്ങളെ തപശ്ചര്യകളുടെ
കൈപ്പുസ്തകങ്ങളില്‍ കൊരുത്തു
നോക്കി ഞാനിരിക്കുന്നു.
ഹൃദയം തീണ്ടാതെ,
ലക്ഷണമെത്താതെ,
കപിലവര്‍ണ്ണം പുതച്ചൊരു
തപവാഴ്വില്‍ താപം
കുറയ്ക്കാന്‍ വഴി തേടുന്നു.
വര്‍ണ്ണഭേദങ്ങളിലും ഇഴചേരാന്‍,
തൃഷ്ണകള്‍ നിവര്‍ത്തീട്ട
ആളൊഴിഞ്ഞിടപ്പാതകള്‍.
കണ്‍മറവില്‍ പാപപ്പരുങ്ങലില്ല,
രാത്തിരകള്‍ അടിച്ചാര്‍ത്ത
ഉടലില്‍ കാണ്‍കെ ക്ഷതങ്ങളില്ല.
ഇരവടുക്കുവോളം കുറുകലൊതുക്കി
ജപനേരം എക്കിള്‍ ആറ്‍ക്കുന്നു.
ദീക്ഷയെന്നു നിനച്ചൊരു വാഴ്വില്‍
ഒന്നാം പദമേ ദീക്ഷാന്തമായിടില്‍
പിന്നെ രാക്കുളിരില്‍ കരിമ്പടം പൂട്ടി
ആത്മാവിന്‍ ഇരുണ്ടിരവുകളെ
വെളിച്ചക്കടലില്‍ മുക്കാം,
എണ്റ്റെ തൊടിയിലെ എണ്റ്റെ കടലില്‍,
എണ്റ്റെ തൃക്കാപ്പഴിച്ചു ഞാനും
നിണ്റ്റേതഴിച്ചു നീയും.

2012, ജൂലൈ 29, ഞായറാഴ്‌ച

സ്ഥലനാമിക

സ്ഥലനാമിക
ഒരു നാടിന്‍ പേര്‌
ഓര്‍മ്മയിഴകള്‍ മുറിയാതെ
പിറകൊണ്ടു പുലരുന്നു,
വിദൂരകാലത്തൂന്ന്‌ തൊടുന്നെന്നെ.
ദേവചരിതമോ,വീരേതിഹാസമോ,
ഭൂവിശേഷമോ,കരിങ്കഥനമോ,
സര്‍ക്കാര്‍വക പോലുമോ
സ്ഥലനാമമൊന്നു ചാര്‍ത്താം.
പ്രതീതസൌഹൃദങ്ങളീക്കാലത്ത്‌
വാഴ്‌വിടങ്ങളെ അപ്രസക്തമാക്കുന്നു.
ശരീരദാഹങ്ങള്‍ക്കൊഴിച്ചാല്‍
സ്പര്‍ശ്യസാമീപ്യം വേണ്ടയൊട്ടും.
അങ്ങനെ സ്ഥലനാമങ്ങള്‍
പുതിയൊരു നിര്‍മ്മിതി തേടുന്നു.
നാടിന്‍ പേരുചേര്‍ത്ത്‌
ചതഞ്ഞരഞ്ഞ പെണ്ണിതളുകളെ
വിളിക്കാനതാണ്‌ വ്യാകരണം.
അങ്ങനെ കുറിക്കുമ്പോള്‍, ആ നാട്‌
വീടു,മവളുടെ കളിത്തട്ടുകളും
മധുരവായുവും,കിന്നരിക്കും തൊടിയും
ചേര്‍ത്തല്ല നാമറിയുന്നത്‌;
അവളെന്നൊരുടല്‍ ഭോഗബലിക്കായ്‌
ആദ്യമായ്‌ വലിച്ചിറക്കപ്പെട്ടയിടമെന്നാണ്‌.

jayant 29.07.12,thumpoly 

വ്യോമയാനം

വ്യോമയാനം
പറക്കുവാന്‍ കൊതി മാത്രമല്ല
ആകാശയാത്രയ്ക്കിടയായ്‌
ഭൂതലം മടുത്തതുമുണ്ട്‌;
കയറ്റിറക്കങ്ങളുടെ ദുര്‍മുഖം,
നിത്യദൈന്യത്തിന്‍ തമോമുഖം,
പണപ്പെരുക്കത്തിന്‍ തീയമുഖം-
മടുക്കുവാനിനിയുമെത്ര കാരണങ്ങള്‍.
ഗഗനവീഥിയില്‍ ഭൂതലം
ഒരു താഴ്ത്തലം മാത്രം,
സര്‍വ്വഭേദങ്ങളും ഞെരിച്ചടക്കിയ
സമതയുടെ ദ്വിമാനതലം,
കാഴ്ചയിണങ്ങിയൊരു ചിത്രതലം,
നിലം തൊടുമ്പോള്‍ വീണ്ടുമുയിര്‍-
കൊള്ളും ആ ത്രിമാന വേദി,
ഭീതിയുണര്‍ത്തും മന്ത്രഭൂമി.

jayant 27.07.12,thumpoly 

തൊട്ടില്‍മരണങ്ങള്‍

തൊട്ടില്‍മരണങ്ങള്‍
കിഴവെത്തിയാല്‍ മരണം
ഏതുവഴി വന്നുകൂടാ?
എങ്കിലും, മരണം വരുന്നെങ്കില്‍
ആരുമറിയാതെ വേണ്ട;
ഉണ്ണീ, നീ കൂട്ടുകിടക്ക
നിന്‍ പിതമഹനൊപ്പം;
ഇരവിലൊരെക്കിട്ടമായ്‌ പ്രാണന്‍
പറിഞ്ഞാല്‍,അറിയാന്‍,
പറ്റിയാല്‍ ഒരു തുള്ളിയിറ്റിക്കാന്‍,
ചാവിന്‍ തണുവേറും മുമ്പ്‌
ഇമയടയ്ക്കാന്‍, ഉടല്‍ നിവര്‍ത്താന്‍.
ഇത്രയൊക്കെയേല്‍പിച്ചിട്ടുമൊടുക്കം
മൂത്തോരു നിന്നിട്ടും, ഇവടടിയുന്ന
ശവക്കച്ചകള്‍,ഉണ്ണീ, നിന്നെ പുതച്ചവ;
തിടുക്കത്തിലകാലം പൂകി
വിഗതിയായ്‌, വിഗതമായ്‌-
ശിഷ്ടമിവിടെ കനംവച്ച വഴിക്കണ്ണുകള്‍.

jayant 27.07.12,thumpoly 

2012, ജൂലൈ 26, വ്യാഴാഴ്‌ച

വീട്ടകത്തെ തൂവച്ചെടികള്‍

വീട്ടകത്തെ തൂവച്ചെടികള്‍1
ആദിനരന്‍ കൈനീട്ടിത്തന്നയാ പച്ചില
കാലവീഥിയ്ക്കിടെ നിന്നൊരാള്‍ വാങ്ങി-
യടക്കി പുസ്തകത്താളിടുക്കില്‍.
പിന്നെയിന്നലെയത്‌ നീര്‍ത്തിനോക്കുമ്പോള്‍
പഴന്താളില്‍ പച്ചപ്പമര്‍ന്നിട്ടും,
ഇലയുണ്ടതില്‍ അന്യോന്യബന്ധത്തിന്‍
പടര്‍പ്പായ്‌, ഞരമ്പോട്ടമായ്‌.
(I)
മന്ത്രകോടിയില്‍ സ്വപ്നങ്ങള്‍ പൊതിഞ്ഞ്‌
അവള്‍ പടികടന്നകത്തേറി
ആ ചേലയുടുത്താണൊടുക്കം മടങ്ങാത്ത
പടിയിറക്കമെന്നുമവളന്നു പറഞ്ഞു. 2
കാലാന്തരേ, മുടങ്ങിയ സ്വപ്നങ്ങളെ
തഴുകുമ്പോള്‍,ദ്രവിച്ച പട്ടിന്‍പൊടി
കയ്യില്‍ പുരളുന്നതവല്‍ കണ്ടുനിന്നു.
(II)
നീര്‍വറ്റിയുണങ്ങി വിണ്ടു-
കീറിയ കണ്‍തലങ്ങളെ
വിയര്‍പ്പിന്‍ കുതിപ്പ്‌ നീറ്റുന്നു;
ധൂമപടലങ്ങളിലവന്‍ പരതുന്നു-
"എന്‍ കിടാങ്ങളെ കൈതെറ്റിക്കൊടുക്കവയ്യ"
എന്നിട്ടും, വിരലടര്‍ത്തിയവരകലുമ്പോള്‍
അവന്‍ തണ്റ്റെ പിഴകളെണ്ണിത്തുടങ്ങുന്നു.
(III)
ഒരു കുഞ്ഞിന്‍ ചിരിയിലും
കാമം ഗ്രഹിക്കുന്ന പുതുഭാഷയുണ്ടിവിടം.
അതും മൊഴിഞ്ഞീ പെണ്ണാളെ
തൊലിയോളമുരിക്കുമ്പോളാ
വിങ്ങലില്‍ തിളങ്ങുമൊരു മറുഭാഷ:
"തൊലിക്കീഴെ, ഞാന്‍ ഇരയും
നീ വേടനുമാകും വേര്‍തിരിവില്ല. "
(IV)
നാള്‍വഴിപുസ്തകക്കെട്ടിന്‍-
മേലുറങ്ങിയ കണ്ണട
കാറ്റിളക്കത്തില്‍ തെറിച്ചുടഞ്ഞു;
മറിയുന്ന പുറങ്ങളില്‍
അക്ഷരംതാങ്ങി വരകള്‍
ആകെ കനത്തു ചുവന്നു,
ചെയ്തിട്ട തെറ്റിനെ കുറിച്ചു.

1.തൂവച്ചെടി: ചൊറിയാണം എന്ന ചെടി
2.മന്ത്രകോടി:ദാമ്പത്യബന്ധത്തിണ്റ്റെ അടയാളമായി നല്‍കപ്പെടുന്ന ഒരു പട്ടുചേല.മൃതസംസ്കാരസമയത്ത്‌ തങ്ങളെ പുതപ്പിക്കാനായ്‌ ചില ക്രിസ്ത്യാനിപ്പെണ്ണുങ്ങളെങ്കിലും ഇതു സൂക്ഷിച്ചുവയ്ക്കുന്നു.

jayant 2011,marygiri

പിതൃകാമേഷ്ടി

പിതൃകാമേഷ്ടി
എനിക്കൊരു കുഞ്ഞു പിറന്നു,
ഒരു പെണ്‍കുഞ്ഞ്‌.
ഞാനൊരാണെന്നതിനിനി
ഒരു കുറി വേണ്ട.
അവള്‍ വളര്‍ന്നേറട്ടെ,
നിഴല്‍മറകളില്‍, ആ ഉടല്‍
പൂകുമെന്‍ വിത്തുചാല്‍,
ആണ്‍പെരുമയുടെ മൃഗധ്വനി
മുഴങ്ങുമാ നിഴല്‍മറയില്‍,എന്‍
പുരുഷശേഷിയിന്‍ ശേഷഖണ്ഡം.
പുത്രിയെക്കൊണ്ടെന്താണിന്നു മെച്ചം:
താതനെറിയുന്ന കാകനോട്ടം,
മാംസം തേടുന്നൊരാങ്ങളക്കൈ,
ഒരാണ്‍പറ്റത്തിനു നഗരമദ്ധ്യേ
ഭേദിക്കാനൊരു നിറമേനി.
കനത്തുവരുന്നുണ്ടെങ്ങും
മുരുണ്ടുനില്‍ക്കും കൂറ്റനാടിന്‍ ചൂര്‌.

jayant 26.07.12,thumpoly

2012, ജൂലൈ 22, ഞായറാഴ്‌ച

കൈത

കൈത
മുള്ളുണ്ട്‌. കൈതച്ചെടി
തൊട്ടുകൂടെന്നും മറ്റും
ചെറുപ്പത്തിലറിഞ്ഞിട്ടുണ്ട്‌,
അതിന്‍ പച്ചത്തഴപ്പില്‍
പാമ്പുകള്‍ പതിഞ്ഞിരിപ്പെന്നും.
ചെഞ്ചിന്തുകള്‍ നീട്ടി
കൈതപൂക്കള്‍ വിളിച്ചിട്ടും, അതാണ്‌
നോട്ടം ഒളികണ്ണിലടച്ചത്‌,എന്നിട്ട്‌
പൂതലിച്ച തഴപ്പായകളില്‍
കൈതയിഴ ചിക്കിത്തലോടി,
ഒരു പച്ചക്കൈതോല പോല്‍,
പറയാ കിന്നാരങ്ങള്‍ ചൊല്ലി.
ഇത്രയേറെ മുള്ളുനിരന്നിട്ടും,
എന്തേ കൈത തോടിറമ്പു-
വിട്ടോടിപ്പോയ്‌,ചെറുക്കാതെ?

jayant 21.08.2012

2012, ജൂലൈ 17, ചൊവ്വാഴ്ച

അമ്പലക്കിളികള്‍

അമ്പലക്കിളികള്‍
ദാവീദിണ്റ്റെ* മസ്മൂറുകളില്‍**
കുരുവികള്‍ കൂടിട്ട ബലിത്തറയുണ്ട്‌
മീവല്‍ക്കിളികള്‍ കുഞ്ഞിനെയൂട്ടി
കോവില്‍ക്കെട്ടില്‍ ഇളവേറ്റു.
സമരസത്തിണ്റ്റെയീ ദ്യോതകമൊരു
ജപമണിപോല്‍ ദാവീദുഴിഞ്ഞു.
പടകേറ്റത്തില്‍ ക്ഷേത്രമേധത്തില്‍
കല്ലിടിഞ്ഞവ പിന്നെ മറഞ്ഞുകാണും.
പലനാളകന്ന,വ ഹന്നാണ്റ്റെ***
ചന്തക്കൂടുകളില്‍ തിങ്ങിയിരിക്കാം
നസ്രായണ്റ്റെ**** കഥചൊല്ലലില്‍
ചേക്കേറാന്‍ ഒരു ചിറകടിദൂരത്ത്‌.
റോമരുടെ പടവിളികളില്‍
കോവിലെരിഞ്ഞ്‌, മടക്കമില്ലാതെ
മറഞ്ഞതിനും മുമ്പ്‌
അവിടെ കിളികളുണ്ടായിരുന്നു

*ദാവീദ്‌=ഇസ്രയേലിണ്റ്റെ ആദ്യത്തെ രാജാവ്‌.നിരവധി സങ്കീര്‍ത്തനങ്ങള്‍ രചിച്ചു.
**മസ്മൂറ്‍=സങ്കീര്‍ത്തനം
***ഹന്നാന്‍=ക്രിസ്തുവിണ്റ്റെ കാലത്തെ മുഖ്യപുരോഹിതന്‍
****നസ്രായന്‍=യേശുക്രിസ്തു

ആഴക്കര

ആഴക്കര
യാപനമാണ്‌ കടല്‍ക്കിടങ്ങിണ്റ്റെ ശീലം.
തപിച്ചുപടരുന്നയംളബാഷ്പം,
ഇറുക്കിപുതയ്ക്കുമിരുള്‍പടം,
ഒളിച്ചിന്തുപോലും ചൂണ്ടലിരപോല്‍
കെണിപാകുമിടം.
ഇവിടെ വെളിവുകളില്ല,
കൂട്ടമില്ല,സ്വാര്‍ഥവേദം മാത്രം;
ഏകാന്തതയുടെ ഗിരിയേറ്റങ്ങള്‍.
കരയിലുമുണ്ടീ കിടങ്ങുകള്‍
ആഴക്കുഴികള്‍, എല്ലാം
വാപിളര്‍ന്നെടുക്കുന്നവ,
ഇരുട്ടിലേക്കാവഹിക്കുന്നവ,
നിന്നെ ഞാന്‍ വെടിയുന്നിടം
ആത്മബോധത്തിന്‍ വേതാളഭൂമി.

jayant 

കാടുകാണല്‍

കാടുകാണല്‍
സ്വന്തം മുറിയ്ക്കകം പോലെ
ഞാന്‍ കാടുകണ്ടു;
ശ്ളീലമല്ലാത്തൊരെന്‍ ഭാവങ്ങള്‍
വിഴുപ്പിറക്കുന്നയെന്‍ മുറിയ്ക്കകം.
തീന്‍മേശയും വീഞ്ഞറയും
ഭോഗത്തറയും, രാക്കാഴ്ചകളും
കടിന്‍ മാറില്‍ വിരിച്ച
കമ്പളങ്ങളില്‍ പറിച്ചു നട്ടു.
കാട്‌ ഒരു പ്രതീതിയായ്‌,
പ്രാഗ്ഭാവങ്ങളുടെ കാഴ്ചപ്പെട്ടകം.
ഉടയാത്ത ചില്ലറകളില്‍ കിടന്നു
ഞാന്‍ കാണുന്നു വെറുമൊരു കാഴ്ചയായ്‌.
കാടെന്തെന്നറിയില്ലയെത്രയെന്നറിയില്ല-
യെന്തിനെന്നറിയില്ലേലുമൊരു വനക്രീഢ.
കാടെന്നെ കണ്ടില്ല, മരതകക്കണ്ണുകള്‍
തീതിന്നുപോയ്‌,മൊഴിച്ചാലുകള്‍
മണ്ണെടുത്തുപോയ്‌, ഗന്ധരാജികള്‍
വിരസവാനില്‍ പടര്‍ന്നുപോയ്‌,
എന്നിട്ടും,തളര്‍ന്നോരിലയൊച്ചയും
അറിയാതെന്നെ നടുക്കുന്നു.

jayant 

2012, ജൂലൈ 8, ഞായറാഴ്‌ച

പൂതവഴികള്‍

പൂതവഴികള്‍
പണ്ടെന്നപോലെ യക്ഷികള്‍
രക്തദാഹികള്‍ വഴിചേരുന്നില്ല. എങ്കിലും ചോര കിനിയുന്ന
പൂതതേറ്റകള്‍ ഈവഴിക്കീഴെ-
യുള്ള പോല്‍.
അടരാട്ടം കഴിഞ്ഞിട്ട
കബന്ധം കണക്കുടലുടഞ്ഞ്‌
പലരീവഴി മരിക്കയാല്‍,
വീടണയാതവരൊന്നും
പറഞ്ഞേല്‍പ്പിക്കാതവറ്‍.
ഉള്ളില്‍ കനക്കുന്ന ചാവലകള്‍
ഓലിയിട്ടറിയിച്ചു രക്ഷായാനങ്ങള്‍
ഇന്നേദിനം കൂടി കഴിച്ചെന്നു
വരുത്തിയുറങ്ങുവോരെ ഞെട്ടിച്ചുണര്‍ത്തി.
ഘാതകര്‍,ക്കോടി മറയാന്‍
മറഞ്ഞോടിയണയാന്‍
ഈവഴിയുതകുമ്പോള്‍, ഇരകളെന്നും
കാലിടറി ഇവിടെ വീഴുമ്പോള്‍
ബഹുജനം സാക്ഷി പിടഞ്ഞകലുമ്പോള്‍
നഖം നീണ്ടൊരു രക്തക്കൈയിന്നും
മണ്‍മറവില്‍ മാംസം രുചിക്കുന്നു.

ഭാഷാന്തരം

ഭാഷാന്തരം
പഴമയാല്‍ പാഴായ മൊഴിപോല്‍
തെക്കിഴക്ക്‌,വടക്കെന്നും മറ്റുമയാള്‍
തന്ന വഴിത്തുമ്പുകള്‍
വെളിവാകാതണഞ്ഞു പോയി.
ഇടതും വലതും മുന്നും പിന്നുമെ-
ന്നിടങ്ങളെ ഗണിക്കുന്നെനി-
ക്കോരോ ചുവടും നൈമിഷികം.
വേണ്ടതപ്പോള്‍ ചുവടുവച്ചെടുക്കാമെ-
ന്നല്ലാതെ ദിഗന്തങ്ങളില്ലാതെ
പടര്‍ന്നാടുന്ന കാലഗതിയ-
ളക്കാന്‍ ദിശാമന്ത്രങ്ങള്‍ വശമില്ല.
ഹരന്‍ ഞാന്‍, പെരുപ്പങ്ങളുള്ളം-
കാലാലളന്നു ചുരുക്കി
നിമിഷാര്‍ദ്ധങ്ങളെണ്ണുന്ന മഹാന്‍.

സ്വപ്നപീഢ

സ്വപ്നപീഢ
ഉറക്കത്തെ മുറികൂടാ-
വിധം ചിതറിച്ച സ്വപ്നങ്ങളില്‍
ചോരക്കലര്‍പ്പല്ല, കൂരിരുട്ടല്ല,
വിയോഗങ്ങളല്ല,ഗതിയറ്റ പിതൃക്കളല്ല
കബന്ധങ്ങളല്ല, തീരാക്കടങ്ങളല്ല;
പഠിച്ചൊരുങ്ങാതു-
ത്തരം മുട്ടി പകച്ചു
ഞാന്‍ നില്‍ക്കുമേതോ തീര്‍പ്പുവേള-
ഗണിതമാണ്‌ പ്രശ്നങ്ങള്‍-
ഓര്‍ക്കുന്നു ഞാനുണര്‍വ്വില്‍,
ആധിയുണ്ടുണങ്ങിയെ-
ന്നുള്ളിലെ നീര്‍വഴികളും.
ആ സ്വപ്നപീഢ വീണ്ടുമോര്‍ക്കവേ
ഏതൊരു കണക്കാകാം
പിഴച്ചതെന്നറിയില്ല

2012, ജൂലൈ 5, വ്യാഴാഴ്‌ച

ചന്തയിലെ മൃഗങ്ങള്‍

ചന്തയിലെ മൃഗങ്ങള്‍
തുച്ഛം മാംസമായ്‌ പരിണമിച്ചവ
മാത്രമല്ല ചന്തയിലെ മൃഗങ്ങള്‍,
മാംസമായ്‌ തന്നെ വിരിഞ്ഞു,
പുലര്‍ന്നു, തൂക്കമൊത്തവരുമുണ്ട്‌.
ആന്ത്രമേറെ തിന്നിട്ടും ചോരയ്‌-
ക്കാര്‍ത്തി തീരാത്ത നായ്ക്കളൂണ്ട്‌;
തീനിടലഹളകളില്‍ ചോരയിറ്റ്‌
വയറൊട്ടി മടങ്ങിയവയുമുണ്ട്‌.
തീറ്റപെരുക്കത്തിലും ഒന്നുമൊക്കാതെ
ഞെരുങ്ങി കാലുടഞ്ഞവര്‍ക്ക്‌
ജിതരുടെ കൊഴുത്ത പാദഗര്‍ത്തങ്ങളില്‍
ഇനിയങ്ങോട്ടു ചാവുനോറ്റിരിക്കാം.
ചെകിളപ്പൂക്കള്‍ ചുണ്ടടക്കിയ കാകരും
മരണം ചികയുന്ന കഴുകരും കുറിച്ച
ആകാശക്കഥകള്‍ ഇനി വേറൊരെഴുത്തില്‍;
തൂക്കക്കട്ടികള്‍ കണ്‍മറയാതെ, വിരലിറുക്കി
ഞാനെണ്ണുന്നതും ഇനി വേറൊരെഴുത്തില്‍.

ഓര്‍മപ്പച്ച

ഓര്‍മപ്പച്ച
പാച്ചില്‍പ്പുറങ്ങള്‍ക്കതിരിട്ട്‌ തണല്‍മരം;
ഛായയല്ലതില്‍ ഓര്‍മ്മയാണധികവും-
പാതയൊരുക്കി,യങ്ങനെ നേര്‍ത്തൊരു
കാടിണ്റ്റെ അവശിഷ്ടസ്മൃതി.
കാല്‍ പതിഞ്ഞും,യാനം ഗമിച്ചും
പുല്ലൊഴിഞ്ഞ വനപര്‍വ്വങ്ങള്‍,
താര്‍വഴികളില്‍ ഒരുനിരമരമായ്‌
നാം തിരിച്ചെടുത്തേക്കും.
തളര്‍ന്നുറക്കത്തിലും തണല്‍ വിരിച്ച-
വ സ്നേഹക്കാറ്റയച്ചേക്കും,
കാലമെത്താതെ മഴുവേറ്റില്ലേല്‍,
പേക്കാറ്റില്‍ ഉടലടര്‍ന്നിലേല്‍,
താഴെ കീല്‍പ്പുറങ്ങളില്‍ ഞെരിഞ്ഞ തണ്റ്റെ
താവഴികളവ നോക്കിയിരുന്നേക്കും

പൂമരചോട്ടിലെ കിണര്‍

പൂമരചോട്ടിലെ കിണര്‍
പൂമരച്ചോട്ടിലൊരു കിണര്‍ നല്ലതാണ്‌-
അത്‌ എണ്ണച്ചായം തീര്‍ത്ത ചിത്രമെങ്കില്‍,
പൂവിറ്റു വീണു വെള്ളം ദുഷിച്ചാലു-
മത്‌ പുഷ്പവൃഷ്ടിയായിടില്‍,
ചുറ്റിടിച്ച്‌ വേരിഴഞ്ഞാലും
ഭൌമരതിഭാവങ്ങളായതറിഞ്ഞാല്‍,
ജലയുദ്ധങ്ങളില്‍ തൊട്ടികള്‍
കലമ്പുമ്പോള്‍ ചില്ലകളറ്റ്‌
മരം തീരാതെ നിന്നാല്‍, പിന്നെയും
തെളിനീരില്‍ മുഖം നോക്കി
ചുറ്റും പൂക്കളുതിര്‍ത്തുലഞ്ഞാല്‍
പൂമരച്ചോട്ടിലൊരു കിണര്‍ നല്ലതാണ്‌.

ഗുണ്ട

ഗുണ്ട
നീതിയുടെ ഏകതാനമാണ്‌ ഞാന്‍,
വികലബോധത്തിന്‍ വികല്‍പം,
ജീവസംഗമങ്ങളില്‍ ചാപിള്ളയായ്‌,
അപരണ്റ്റെ വാഴ്വില്‍ വൈരാഗിയായ്‌,
ഇളമയിലെ തളിര്‍ത്ത ദ്വേഷമായ്‌,
പകയ്ക്ക്‌ പണംമാത്രമുറവായ്‌;
ത്വരിതജീവിതം ലേലം വിളിക്കുമ്പോള്‍
മറുതടയുമടിയുമായ്‌ ഞാനുണ്ടാകണ-
മവിടെ പുതുന്യായത്തിന്‍ ചടുലതയായ്‌.
നാട്ടുചട്ടങ്ങള്‍ക്കാമവേഗമാകയാല്‍
വായുവേഗമായ്‌ ഞാന്‍ ഇരുമ്പിളക്കീടണം.

ഒളിക്യാമറകാലത്തെ പ്രണയം

ഒളിക്യാമറകാലത്തെ പ്രണയം
ക്യാമറയ്ക്ക്‌ കണ്ണുകള്‍ മാത്രമേവിടുള്ളൂ
ഒപ്പിയ കാര്യങ്ങള്‍ നീലപ്പല്ലുകള്‍
കാര്‍ന്നൂതിന്ന വഴികള്‍ താണ്ടിപോയിരിക്കും
രാഗത്തിന്‍ മൂര്‍ദ്ധാവില്‍ ലെന്‍സ്‌
അടുക്കുമ്പോള്‍ അതില്‍ നീമാത്രമേയുള്ളൂ, അവനില്ല.
നിന്‍ പ്രണയപീഢ വായടക്കമറ്റതും
പ്രേമാര്‍ച്ചന മെയ്മറന്നതും
ചെല്ലപ്പേരുകള്‍ പേറി ലോകം ചുറ്റും
ഓര്‍മ്മച്ചിപ്പുകള്‍ മറിഞ്ഞും, ചിത്ര
ക്കുഴലുകളില്‍ പടര്‍ന്നുംകൈത്തലത്തില്‍ ഭോഗദ്രവ്യമായ്‌.

പ്ളാസ്തികം

പ്ളാസ്തികം
ഉണ്ണിച്ചുണ്ടിന്‌ പാല്‍ഞ്ഞെട്ടായ്‌
കളിക്കോപ്പുകള്‍ക്കാടയായ്‌
അന്നത്തട്ടായ്‌, വരക്കോലായ്‌
ചെപ്പായ്‌, ചിപ്പായ്‌,യന്ത്രമായ്‌
പങ്കയായ്‌,ഇരിപ്പിനിടമായ്‌
ഉള്ളം പകര്‍ത്തുന്ന ചാലകത്തോടായ്‌
ഗര്‍ഭഭംഗമായ്‌ ജീവരക്ഷയായ്‌
പലചരക്കുറങ്ങുന്ന വാണിഭത്തോലായ്‌
എന്തുമായിടാമൊരു കയര്‍ത്തുണ്ടായ്‌
വൃദ്ധകാലത്തിനിണങ്ങുന്ന താങ്ങിയായ്‌
ശ്വാസവിടുതലളന്നിളകുന്ന മാപിനിത്താളമായ്‌
സര്‍പ്പിളസമയത്തിന്‍ കാല്‍ത്താരിയായ്‌
ഒടുവിലീ ധരയില്‍ അജീര്‍ണ്ണമായ്‌
ഉയിര്‍കൊണ്ടതൊടുങ്ങും നാളത്രയും
എന്തുമായ്‌ വഴങ്ങും പ്ളാസ്തിക-
മെന്‍ ജന്‍മം.

അടുപ്പും അടുപ്പവും

"അടുപ്പും അടുപ്പവും"
പക്കത്തെ വീട്ടില്‍
അടുക്കളപ്പുക കണ്ടിട്ടില്ല
എങ്കിലും,
അടുപ്പു കൂട്ടാതെ ചോറാവാതെ
അവരൊടുങ്ങിയെന്നറിഞ്ഞില്ല.
ഗ്യാസടുപ്പിണ്റ്റെയീക്കാലത്ത്‌
പുകയാത്തൊരടുക്കള
അവരെയൂട്ടുന്നെന്നു ഞാന്‍ ധരിച്ചു,
അത്രേയുള്ളൂ.

ഉന്മീലനം

ഉന്മീലനം

പാറക്കുരുത്തില്‍
കല്ലുളിയാട്ടം,
ശിലാലോലം
വഴിങ്ങിയിറക്കം.
ഉണരുന്ന തലപ്പ്
തെളിയുന്ന പരപ്പ്
ചാറുന്ന പുഞ്ചിരിച്ചാറ്
മന്ത്രത്തെളിമയില്‍
ചിന്തിയെന്‍ കണ്‍തുറപ്പി-
നി കല്‍രൂപമല്ല ഞാന്‍
മിഴിയില്‍ ഉയിര്‍വഴിയും
ദേവന്‍ സുനേത്രന്‍