ഈ ബ്ലോഗ് തിരയൂ

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഫ്ലക്സ്‌ പ്രോട്ടോക്കോള്‍

അവരെല്ലാം ചിരിക്കുകയായിരുന്നു
സ്ഥിരമായി ചിരിക്കാത്ത ചിലരൊഴികെ.
പച്ചപ്പുല്‍പ്പുറങ്ങളില്‍ പുല്ലൊട്ടും
ഞെരിക്കാത്ത വ്യോമപാദം‍,
തുകല്‍ പൊതിഞ്ഞ പാദം
അണച്ചവര്‍ നിന്നു.
എല്ലാവരും കൈവീശി
നടന്നേറുന്നതിനിടെ
പടമായ് പതിഞ്ഞപോല്‍-
നല്ലനാളെയ്ക്കായി മുന്നോക്കം.
മുഖചര്‍മ്മം സൂര്യനിഴഞ്ഞ
പോല്‍ ശോഭിതം;
ആള്‍പൊക്കത്തില്‍ മാത്രമാണ്
ഏറ്റക്കുറച്ചില്‍ കണ്ടത്‌,
ചിലര്‍ തലയെടുപ്പൊത്ത്‌
നടുക്ക്‌ നില്‍ക്കുമ്പോള്‍
കോണ്‍ ചേര്‍ത്തുവച്ച
ആയിരം തലയായ്‌
ബാക്കിയവര്‍ നിരന്നു.
തലകള്‍ മാറിമറിയും
കൈവീശിനടക്കുമ്പോള്‍,
ഇനിയും കാതം കുറേയില്ലേ?
കാര്യമൊക്കെ ശരി തന്നെ;
പക്ഷെ, ഫ്ലക്സൊരുക്കുന്നോരേ,
പ്രോട്ടോകോള്‍ നോക്കണേ
ഇല്ലേല്‍ പണി പാളും.2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

പതിഞ്ഞ പാട്ടുകള്‍

എല്ലാ പാട്ടും കേള്‍ക്കാനുള്ളതല്ല
ചിലവ കേള്‍ക്കപ്പെടാനുള്ളതാം
പതിഞ്ഞൊച്ചയില്‍ മറുകാതി-
ലണയാതെ, ഉതിര്‍ന്ന ചുണ്ടില്‍
നിന്നൊരു പൊടിദൂരമവ
നേര്‍ത്തലിഞ്ഞുപോം.
എന്നിട്ട് കാലം കടന്നേറേ
ചുണ്ടിലിനിയും തുടിക്കും,
മൊഴിമാറാമീ,ണവും;
വിങ്ങിക്കരഞ്ഞുലഞ്ഞു-
രിഞ്ഞ മനനാരുകള്‍
കുരുങ്ങി എങ്ങലുകള്‍
ചുഴിക്കാറ്റായ് നെടുവീര്‍പ്പി-
ളക്കുമ്പോള്‍ ഏറുമൊരു ചൂളം.
ആര്‍ക്കെന്നില്ലാതെ പാടിയ
കൊയ്ത്തുപാട്ടും, നീ
മുറമാഞ്ഞുവീശിയതില്‍
പതിരനക്കത്തിലാഴ്ന്നു-
പോയൊരു മൂളിപ്പാട്ടും,
മെതിപ്പാട്ടും,നെല്ല് കുത്തി
കിതച്ചോണ്ടിട്ട താളവും;
തിരിയാത്ത ഭാഷയില്‍
താരാട്ടിണക്കി നീയാരോടു-
ണര്‍ത്തിക്കുന്നീ-
യമ്മത്തുടികൊട്ട്,
കുഞ്ഞിനോടാകില്ലി-
നിയും വാക്കിലേക്കുണരാത്ത
കുഞ്ഞിനോട്.
കതിര്‍ത്തല തഴുകുന്ന
കാറ്റില്‍ കാവല്‍മാടം
തൊടുത്തൊരു രാപ്പാട്ട്
രാവ്‌ മരിക്കുവോളം.
മുഴച്ചു പറയാതെ
നീറിപ്പാടിയസംഖ്യം
ഗീതികള്‍, കീഴിലായ്പ്പോയൊരുടെ
കരളൊലിപ്പെരുപ്പങ്ങള്‍,
മൊഴിമാറാമീ,ണവും
പിന്നെയും പിന്നെയായ്‌ കാലവും.

2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

ചില്ലറ നഷ്ടങ്ങള്‍

ചില്ലറ നഷ്ടങ്ങള്‍

നമ്മള്‍ മൊത്തമായ്‌
ജീവിച്ചുതീര്‍ക്കുമ്പോള്‍
ചില്ലറയായ്‌ത്തീരുന്ന
മറുജീവനങ്ങളുണ്ട്.
ഉദാഹരണം, സിനിമയില്‍
ഒരു യൂണിഫോമിനുവേണ്ടി
നീ തലയ്ക്കടിച്ചിട്ട ജോലിക്കാര്‍-
(എയര്‍പ്പോര്‍ട്ടിലാണധികം,
പിന്നെയാസ്പത്രിയില്‍,
കാവല്‍പ്പുരകളില്‍, ചുരുക്കത്തില്‍,
ഐ.ഡി കാണിക്കേണ്ടിത്തെല്ലാം)-
എന്ത് പിഴയാണൊടുക്കിയേ?
പിന്നീടവര്‍ ഉണര്‍ന്നെഴുന്നേറ്റ്
പോയെങ്കില്‍ ആ ഉടുപ്പെങ്കിലും
തിരികെകൊടുക്കണേ.
കണ്ടുപിടിക്കാന്‍ എളുപ്പമാകും
കൃത്യം നിന്‍റെ പൊക്കം വണ്ണം
തയ്യല്‍ പോലും നിനക്കൊത്ത്;
ചോദിച്ചാല്‍ മതി
ചത്തിട്ടില്ലെങ്കില്‍ കാണാം.

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

മണ്ടേല

മണ്ടേല

പ്രിയ ജോഹാനെസ്‌ബര്‍ഗ്,
നിന്‍റെ നഷ്ടത്തില്‍
ദുഃഖമുണര്‍ത്തിക്കട്ടെ
വൈകിയെങ്കിലുമാദ്യം.
നീയറിഞ്ഞുകാണുമല്ലോ,
നിന്‍റെ ഇരുള്‍ക്കഥകളെ
വെളുപ്പിച്ച നിന്‍റെ
പ്രിയപുത്രന്‍ മരിച്ചിട്ട്
പിന്നെയതിന്‍ മുമ്പും
മലയാളക്കുറിയില്‍ പലവട്ടം
വെളിപ്പെട്ടുവെന്ന്‍.
നമ്മള്‍ തമ്മിലെയകലം,
അന്തരമെല്ലാം നോക്കിയാല്‍
കണക്കറ്റ് ഞങ്ങള്‍ ഊറ്റം
കൊണ്ടതാണ് മണ്ടേലയെച്ചൊല്ലി,
ഞങ്ങള്‍ മലയാളികള്‍
വെളുത്തവരായിട്ടുകൂടി;
കണ്ടിട്ടില്ലേ ഞങ്ങളുടെ
തിരപ്പടങ്ങള്‍, പുസ്തകങ്ങള്‍
കാലികങ്ങള്‍,പരസ്യപ്പെരുംപുറം,
കണ്ടിട്ടില്ലേ ഞങ്ങളുടെ
ഫേസ്ബുക്ക് കമന്‍റുകള്‍,
കല്യാണത്തിളക്കങ്ങള്‍,
എല്ലാം വെളുത്തും തുടുത്തും
നിറയുന്ന പൂമേനിയല്ലേ!
എന്നിട്ടും ഞങ്ങള്‍ക്കിഷ്ട-
മായിരുന്നേറെ മണ്ടേലയെ.
നിര്‍ത്തട്ടെ, ഒരു പണിയുണ്ട്-
ദില്ലീലൊരു പുംഗവന്‍
ഒരു പഴങ്കവിതയില്‍
കറുത്ത് മെലിഞ്ഞവര്‍
എന്ന് മങ്കമാരെ വിളിച്ചതായറിഞ്ഞു,
നല്ല നാല് പറയാനുണ്ട്,
എവിടെയാ ചൂല്.

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

കടല്‍നാക്ക്

കടല്‍നാക്ക്
കമാലക്കടവി*ലെന്‍റെ
കാല്‍ക്കുരുന്നോടിയ കാലം;
ചിതറിയടിഞ്ഞ കണവാസ്ഥികള്‍
കടല്‍നാക്കെന്നവര്‍ പറഞ്ഞു.
നിര്‍ത്താതെ അലച്ച്
തേഞ്ഞുണങ്ങിപ്പോയവ
പുതുനാവുകള്‍ക്കായി
കടലൊഴിഞ്ഞതാകാമെന്നുമോര്‍ത്തു.
മുതിര്‍ന്നപ്പോള്‍ അവ ഞാന്‍
കാണ്മത് നിര്‍ത്താതെ ചിലയ്ക്കുന്ന
സ്നേഹക്കിളിക്കൂട്ടില്‍-
കൊഞ്ചിപ്പെറുക്കിയവ
കൊത്തികോതിയതിന്‍ ചുണ്ണാമ്പ്‌.
ധാതുക്ഷയം തീര്‍ന്നോര-
ണ്ഡപടലമൊരു
കിളിക്കുഞ്ഞിനെ കാക്കും,
ശബ്ദഭൂവിലെക്കുയര്‍ത്തും.
കടല്‍ പിന്നെയും നാവു-
രിയുന്നു, ജീവമജീവവും;
രാഗമാലപോലേറിക്കുറയുന്ന
സ്വരദ്യുതിയില്‍,
ഒരു കടല്‍ദീപംപോല്‍;
ചില സ്വരാരോഹണങ്ങളില്‍
ജീവനെ പുണര്‍ന്നേറി,
മൂന്നാംപക്കമവരോഹണത്തില്‍
സ്വരം മൃതമായുലഞ്ഞും.
കടല്‍ നാവുകള്‍
ഉതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
നീ കേള്‍ക്കുന്നുണ്ടോ?


*കൊച്ചി കടപ്പുറത്തിന്‍റെ ഒരു പേര്