ഈ ബ്ലോഗ് തിരയൂ

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

നിര്‍മ്മമ ബുജികള്‍


<സ്വതന്ത്ര പരിഭാഷ>

അന്ന്‍
എന്‍ നാട്ടിലെ
നിര്‍മ്മമ ബുജികളെ
തീരെ സാദാ നരര്‍
ചോദ്യം ചെയ്യും.

ദേശം മെല്ലെ
ചത്തടിഞ്ഞപ്പോള്‍
അവരെന്ത്‌ ചെയ്തെന്നു
ചോദിക്കും.

പുറയാടയെക്കുറിച്ചോ
ഉച്ചയുണ്ടിട്ട്
നീണ്ടുറക്കത്തെക്കുറിച്ചോ
അവരോട് ചോദിക്കില്ല
ശൂന്യതാസങ്കല്‍പത്തെ
കുറിക്കുന്നയവരുടെ
മച്ചിവാദങ്ങള്‍ ആരുമെതിര്‍ക്കില്ല
ഉച്ചസ്ഥായിയാം
അവരുടെ വിദ്യാധനത്തെയും.

യവനേതിഹാസങ്ങളില്‍
അവരുടെ ഗ്രാഹ്യമളക്കില്ല;
അവരിലൊരാള്‍ ഭീരുവിന്‍
മൃതി വരിക്കുമ്പോള്‍
അവരണിയുന്നയാത്മനിന്ദയും
വിലപ്പെടാ.

തികഞ്ഞ നുണ
നിഴല്‍ വീഴ്ത്തുമവരുടെ
മൂഢന്യായങ്ങള്‍
ചെവിക്കൊള്ളാതെ-
യന്ന്‍
സാദാ മനുഷ്യര്‍ വരും.

നിര്‍മ്മമ ബുജികള്‍
ബുക്കിലോ കവിതയിലോ
കുറിക്കാത്ത അവര്‍ വരും;
അവര്‍, ദിനവും
പാലും അപ്പവും
തീനും മുട്ടയും
മുടങ്ങാതണച്ചവര്‍;
വണ്ടിയുരുട്ടിയും
പട്ടിയെ കുളിപ്പിച്ചും
പൂങ്കാവൊരുക്കിയും
പണിയെടുത്തവര്‍;
അവര്‍ ചോദിക്കും:
"നിസ്വര്‍ വലഞ്ഞപ്പോള്‍
ദുരിതപ്പേമഴ കൊണ്ടപ്പോള്‍
നേര്‍മ്മയുമുയിരും 
അവരില്‍നിന്നു
വെന്തൊലിച്ചപ്പോള്‍
നിങ്ങളെന്തു ചെയ്തു?"

എന്റെ നറുനാടിന്‍
ബുജികളെ നിര്‍മ്മമരേ,
നിങ്ങള്‍ക്കുത്തരം മുട്ടും.
മൌനമാം കഴുകന്‍
നിങ്ങളുടെ കുടല്‍ പറിക്കും.
നിങ്ങളുടെ ദൈന്യം
അന്തരാളത്തില്‍ കൊത്തും.
ലജ്ജയില്‍ നിങ്ങളുടെ
സ്വരം മരിച്ചടിയും.


Courtesy: English Translation  of Intelectuales apoliticos, a poem by Otto Rene Castillo

2014, ഡിസംബർ 17, ബുധനാഴ്‌ച

ഉണക്കപ്പൊന്ന്‍


ഇന്ന് ഞാന്‍  പൂവനി-
പ്പാതേ നടന്നതില്‍
കാല്‍ക്കീഴമര്‍ന്നൊരു
കുല കുരുമുളക്.
മുറ്റിയടര്‍ന്നതും,
മുറ്റാതടര്‍ന്നതും,
വിരല്‍ത്തോതില്‍
പല മരീചമാല.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.
മണ്‍സൂണ്‍ കുളിപ്പിച്ച
കൊടുംമഴക്കാടുകള്‍,
കാവലിഴയുന്നതായിരം
നാഗങ്ങള്‍, എരിച്ചും
പുകച്ചും തുരത്തി,
തുടുത്ത കുരുക്കള്‍
ഉണങ്ങുന്ന പുകയില്‍
കറുത്തപൊന്നിന്നൊരുക്കം.
അതിപുരാനാള്‍ തൊട്ട്
ഊണിന്നുറകൂട്ടിയും
മരുന്നുമായ്‌ കറുംപൊന്ന്.
മലയും മലബാറുമിറങ്ങി
നറുവിളചാക്കില്‍ കപ്പലേറി
പടിഞ്ഞാറടുക്കുന്ന കാറ്റല
കോര്‍ത്ത് പോയി.
വാണിയക്കാലങ്ങള്‍
മേലായ്മക്കോലങ്ങള്‍
തന്ത്രക്കരാറുകള്‍
കൊതിക്കരാളങ്ങള്‍.
പലദേശം പല ചന്ത
കറുത്ത പൊന്നിന്‍ ചാക്ക്
കനത്ത പണചാക്ക്.
കിഴിയില്‍ മുളക് റാത്ത-
ലൊന്നു വച്ച് പകരം
അടിമക്കടേന്നൊരടിമ.
നിത്യനഗരത്തിന്‍
കറുംപൊന്‍ശേഖരം,
ബര്‍ബരപ്പടകേറ്റം
ഗോത്തും ഹൂണരുമവരുടെ
കടുംതടയും തീയാഴിയും;
ചൊരിഞ്ഞു പെരുക്കിയ
മുളകിന്‍ കൂനയില്‍
തുറയും പുരമോക്ഷം.
ഇരുണ്ടയുഗം,
മദ്ധ്യഭൂക്കടല്‍
മതപ്പോരുകള്‍
വാണിഭനെടുമയ്‌ക്കൊരു
അറബിച്ചാണ്‍.
പോര്‍മുനയും ക്രൂശും
വിളകോരിയും പേറി
നാവിക സായ്‌വുകള്‍;
ഫ്രാങ്കിയും ലന്തനും,
തമ്മില്‍ പുക്കാറും;
ഞെരിയുന്ന നാട്ടകം.
കടല്‍ച്ചാലും കരച്ചാലും.
ഭൂതലരേഖകള്‍
മായ്‌ച്ചെഴുതുന്നു.
കരകരത്തൊണ്ടയില്‍
എറിയുമ്പോഴും
പെപ്പര്‍ ബീഫില്‍
എരിയുമ്പോഴും
നാമറിയാത്തൊരു,
(താങ്ങുവില വേണ്ടാത്ത)
നാളാഗമം കറുംപൊന്നിനുണ്ട്.
പൂര്‍വ്വയുഗങ്ങളെക്കുറി-
ച്ചൊരു മരീചമാനം.
കഴിക്കുന്നതോക്കെയും നാമാകുന്നു
നാമോ ലോകവും.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

അരയാളും അരയാലും

പകല്‍ വിടപറഞ്ഞിറങ്ങി
പടിവാതിലിനിയും താണ്ടീല്ല.
തൊലിയുണക്കി കുളിര്‍പ്പിച്ച്
നേര്‍ത്തൊരു കാറ്റ് വീശി.
ഒറ്റയ്ക്ക്, ഞാനൊറ്റയ്ക്കൊരു
മട്ടുപാവില്‍ കൈകാല്‍
കറക്കി കസര്‍ത്ത്.
പിന്നില്‍ പതിഞ്ഞൊരു വിളി;
മനസ്സിലൊരു കൊള്ളിയാന്‍.
ഇത് വേറെയാരീ ഞാന്‍
മാത്രമുള്ളീടത്ത്‌, ഞാന്‍
മാത്രമായിപ്പോയീടത്ത്‌?
ആരുമല്ലതീരില-
മതില്‍ പൂണ്ടു വാഴുമൊരു
കുരുന്നാലിന്‍ ഈരില.
തമ്മിലും മതിലോടുമുരുമ്മി
നേര്‍ത്തൊരു മന്ത്രണം.
മതിലിന്‍ ഈറന്‍വഴിയേയവ
വേരാഴ്ത്തി തഴയ്ക്കയായ്‌.
ഘനമീഭൂവില്‍ നീര്‍വഴി
തേടിത്തോറ്റു ഞാനോ ഉണങ്ങി.
ആലേ, നീ വളര്;
അസ്ഥാനമാണ് നിന്‍
സ്ഥാനമെന്നാകിലും.
കല്ലിലും ഇരുമ്പിലും
കല്ലായ് കനത്തയേതിലും
വിടരു,മുറങ്ങുന്ന
ചെറുവിത്തുകളെന്നു മൊഴിയ്‌;
നീരും ചെടിയും പുല്‍പ്പച്ചയും
നഷ്ടഭൂമിക തിരികെപിടിക്കുന്ന
പടഹകാലം വരുന്നെന്നും.
2014, ഡിസംബർ 8, തിങ്കളാഴ്‌ച

പെരുവഴിപ്പാണ്ടുകള്‍

വരയന്‍കുതിരയെ കണ്ടിട്ടില്ലേ?
ഒന്നിനൊന്നായ്‌ വര
കറുത്തും വെളുത്തും.
പെരുവഴിപ്പുറത്തെ
കുതിരവര കണ്ടിട്ടില്ലേ?
കടലടിപോല്‍ വണ്ടികള്‍
ഇടമുറിയാതലയ്ക്കുന്ന,
കണ്ണടച്ചാല്‍ കടല്‍വിളി
ധ്വനിക്കുമാ വഴിയൊലി.
മുറിച്ചുകയറാന്‍ പഥികന്‍
കാല്‍വച്ചും പിന്‍വലിച്ചും
കുഴയുന്ന വഴിത്തീരം.
കീലിന്‍ കരിയാഴിത്തലപ്പില്‍
പായല്‍ത്തുണ്ടളവിലൊരു
തെളിവിന് എന്തിനാ ഹേ,
കുതിരയുടെ പേര്?
പറക്കുമൊരു വെള്ളക്കുതിര-
പ്പുറമേറി ആളുകള്‍
അങ്ങോട്ടുമിങ്ങോട്ടും
പാതകടക്കുമ്പോള്‍
നമുക്ക് കുതിരകളെക്കുറിച്ച്
വീണ്ടും പറയാം.
അത്ര കാലം, "ചായം
മറിഞ്ഞെന്തോ വെളുത്ത
പാണ്ടോ പുള്ളിയോ"-
നമുക്ക് ആ വരകളെ
അങ്ങനെ വിളിക്കാം.