പേജുകള്‍‌

2013, ജൂൺ 20, വ്യാഴാഴ്‌ച

സമാധാനത്തിണ്റ്റെ കാരണങ്ങള്‍

സമാധാനത്തിണ്റ്റെ കാരണങ്ങള്‍
നടന്നു നീങ്ങുമ്പോള്‍, പിന്നിലൊരു
നായ മുരണ്ടുവിളിക്കുന്നു.
ഭയക്കണം,ഭുവനവ്യാപാരതന്ത്രം
പഠിച്ചുറച്ചവനെപ്പോലാണവണ്റ്റെ നില്‍പ്പ്‌.
ആയുധമെന്തുവോര്‍ അതൊന്നു
നിലത്തിറക്കേണ്ട താമസം,
കൊത്തിനുറുക്കി, കുടലും
ചങ്കുമിത്യാദിയംഗങ്ങള്‍ വലിച്ചിറക്കി
ചോരപ്പെയ്ത്തില്‍ കുളിച്ച്‌
ഈറനുടുത്ത്‌ കയറുമെതിര്‍ത്തല,
എതിര്‍പ്പിന്‍മേല്‍ വാള്‍ത്തലവീശി
കണ്‍ചിമ്മാതെയവരിങ്ങനെ നില്‍ക്കും.
എന്താണീവിധം എന്നെ വിരട്ടി-
ഈ നായിണ്റ്റെ മോന്‍ നില്‍പ്പൂ.
കുനിഞ്ഞ്‌ കല്ല്‌ പരതുന്നപോല്‍
നടിച്ച്‌ നിവര്‍ന്ന്‌ തൊടുത്ത്‌:
പായുന്നു ശുനകനും ഇത്രനേരം
എന്നെ വലച്ച ഭീതിയും.
അന്യോന്യഭയത്തിന്‍ സൂക്ഷ്മ-
സന്തുലനത്തെ സമധാനമെന്ന്‌ പേരിട്ട്‌
സര്‍വചരാചരങ്ങള്‍ക്കും സഹജര്‍ക്കും
മേന്‍മേല്‍ ശാന്തിയോതി നടന്നകലുന്നു ഞാന്‍.

2013, ജൂൺ 13, വ്യാഴാഴ്‌ച

ചായയെടുക്കട്ടെ

ചായയെടുക്കട്ടെ
തീയുണ്ട്‌ ചായ തിളക്കുമ്പോളതിന്‌
അവതാരലക്ഷ്യങ്ങളില്ലാതില്ല.
കറയൂറി ജലം തീക്ഷ്ണമായ്‌
തിളങ്ങുമ്പോളതിനുമുണ്ടുദ്ദേശ്യം.
രണ്ടുകോപ്പ ചായമേല്‍ പറഞ്ഞൊടുക്കാ-
നാകാത്ത പ്രശ്നമില്ലിഹത്തില്‍;
കോപ്പയില്‍ വന്‍കാറ്റിനിടമുണ്ട്‌,
ചായക്കിടമില്ലെന്നു വന്നീടില്‍.
നിദ്രാലസ്യബന്ധനമുക്തരാകാ-
തെത്ര ഗ്രാമീണരീയിടവഴിപ്പീടികയില്‍
ചായ കുടിക്കേ പകരുന്നു സ്വപ്നവും,
വ്യഥയും, വാശിയും വീരസ്യവും.
ഉറങ്ങാന്‍ വൈകുന്ന നഗരമുണര്‍ന്നിറങ്ങും
അതിദ്രുത വഴിയോരങ്ങളി-
ലിടമില്ല ഒതുങ്ങിനില്‍ക്കാന്‍, കാഴ്ചകാണാന്‍,
ചിരിയൊഴുക്കാന്‍, പറഞ്ഞൊരുക്കാന്‍
ചെന്നുകേറുന്ന വീടേതിലും നീ
സ്വീകാര്യനാണെന്നാദ്യമേയോതി,
സ്നേഹസാന്ദ്രമായ്‌ നീട്ടിയ കൈകളില്‍
കണ്ടില്ലേ ഒരു കോപ്പ ചായ കണ്‍ചിമ്മിയത്‌.
മതിമറന്നുറങ്ങാന്‍ മദിരയാവാം
ദുരമൂത്തുറങ്ങാന്‍ രുധിരമാവാം
കണ്ണിലിരൂള്‍ ചേരുമീ മദ്ധ്യാഹ്നത്തില്‍
ഉണര്‍ന്നിരിക്കാന്‍ ഒരു ചായയെടുക്കട്ടെ.

2013, ജൂൺ 6, വ്യാഴാഴ്‌ച

സാധകണ്റ്റെ നോവുകള്‍

സാധകണ്റ്റെ നോവുകള്‍
ഒരു ഗിറ്റാറുണ്ടെനിക്ക്‌, തന്ത്രിയറ്റ്‌,
ഏറെനാള്‍ പൊടിപിടിച്ച്‌ മൂലയില്‍
ഇരുന്നതൊരിക്കലൊരു സഖിയെ, സഹപാഠിയെ
കണ്ണിലീറനണിയിച്ചതോര്‍പ്പൂ ഞാന്‍.
'ഭാഗ്യമില്ലാത്ത ഗിറ്റാര്‍', അമ്മ പറയും,
'തികച്ചൊരു ഗാനമതെന്നു മീട്ടുമെന്തോ. '
നാദത്തിന്‍ നിറചെപ്പഴിച്ച്‌ സ്വരധാരയേകാ-
നെത്രമേലായത്‌ കൊതിച്ചിരിക്കാം.
വായിച്ചില്ലെന്നതൊഴിച്ചാല്‍ ഒരു കാലമത്രയും
എണ്റ്റെ സ്വപ്നദൃശ്യങ്ങളില്‍ നിറഞ്ഞാടി,
കൊതിയേറ്റി, ആകാശപ്പമ്പരങ്ങളില്‍
ഒപ്പം തോള്‍ചാരിയതിരുന്നു.
നീണ്ടകേശമുലച്ച്‌ ചടുലഭാവനായ്‌
വിദ്യുത്പ്രസരം ഞരമ്പിലേറ്റി, ഞാന്‍
നിറഞ്ഞസദസ്സിന്‍ തിരയിലേറി
തെന്നിപ്പായുന്നതോര്‍ത്തു മോദിച്ചു.
എന്നാലിന്ന് മറന്ന സ്വരസ്ഥാനം
തിരയുന്നെന്‍ വിലക്ഷണാംഗുലികള്‍,
തൊടുക്കന്നപശ്രുതി,
പരതുന്നു ശുഭതാളം, വിഫലം.
തുടങ്ങീട്ടേറെനാളായ്‌, ചെയ്തൊട്ടു
തീര്‍ന്നുമില്ലെന്ന് പൊതുവില്‍ ജീവിതം
അലസമായ്‌ നീങ്ങവേ, ഈ സ്വപ്നഭംഗം
അപ്രതിരോധ്യം, അനിവാര്യം.