പേജുകള്‍‌

2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

രണ്ടു കവിതക്കുട്ടികള്‍

ലോറി സാര്‍

'ഗുരുനാഥന്‍' എന്നാണയാള്‍
ലോറിക്കിട്ട പേര്.
നെഞ്ചത്ത് കയറാന്‍പഠിപ്പിച്ചയേതോ
ഗുരുവിന്‍റെയോര്‍മ്മയ്ക്ക്.

***

വിനീതവിധേയന്‍

ഞാനിട്ടയൊപ്പുകളൊക്കെയും
എന്‍റേതുതാനെന്ന്‍
ഇതിനാല്‍ ഞാന്‍
സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന്,
ഞാന്‍.
ഒപ്പ്‌.

2014, സെപ്റ്റംബർ 21, ഞായറാഴ്‌ച

ആരും തുടങ്ങാത്ത മെഴുതിരിജാഥകള്‍

നമ്മുടെ വളപ്പിന്റെ
ആ അറ്റത്തൊരു യൂദനും
ഈ അറ്റത്തൊരു യാങ്കിയും
മറ്റൊരറ്റത്ത്‌ ഫിരാന്‍ഗിയും
പിന്നൊരറ്റത്ത്‌ നാസിയും
ഇല്ലാത്തിടത്തോളംകാലം
കസേരയും ചാരി
നമുക്കവരുടെ നെറികേടുകളെ
പിരാകി പല്ലിടകുത്തിയിരിക്കാം,
ഗാസയെ രാകി ചോരചുടാം,
മേലാളപ്പോരിന്‍ കരിങ്കാലങ്ങളോര്‍ക്കാം,
പുതുതീയൂട്ടി പിന്നെയും
കാലം കരിക്കാം.
അപ്പോഴും സീഞാറിനെയോര്‍ക്കണേ
മൊസൂളിനെയോര്‍ക്കണേ,
ഒരു ചെറുവാക്ക് അവര്‍ക്കൂടെ;
ജപിച്ചറുത്ത ഗളനാഡിയും,
പിഴുത തലയും തിരുനാമങ്ങളും
മെരുങ്ങാത്ത കൊലക്കയ്യും നാവും
പടച്ച, കാലത്തിന്‍റെയേറ്റം
വികലമാമൊരു ചിത്രവും.

2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

ഈയം


കേള്‍വികെടുത്തുന്ന
ചെവിക്കായം മാത്രമേ-
യെനിക്കറിയൂ.
വേദനിരോധത്തില്‍
ചെവിക്കീയം ചോരിയല്ലേ.
നല്ലത് ഞാന്‍ കേട്ടോട്ടെ.


#naakkila

2014, സെപ്റ്റംബർ 7, ഞായറാഴ്‌ച

കവര്‍പാല്‍


പൈയോമനയുടെ
മെയ്‌ച്ചൂടടങ്ങാത്ത
പാല്‍മൊന്തയല്ലിത്;
കടഞ്ഞാല്‍ വെണ്ണയും
തിളച്ചാല്‍ സുരഭിയും
ഉടഞ്ഞാല്‍ തൈരു-
മുതിര്‍ക്കുന്ന വീട്ടിലെ പാല്‍.
ശീമയും നാടനുമങ്ങനെ
ആയിരം പൈമ്പാല്‍-
വഴികള്‍ ചേര്‍ന്ന്
തിങ്ങിയ പാല്‍ക്കടല്‍
കോരി നെയ്യായ്‌
തൈരായ്‌, പാല്‍ക്കട്ടിയായ്
പിന്നെയൊടുക്കം
സമകാലിക പാലായി
പിരിച്ച് കവറിലാക്കിയ
നിസ്സംഗഗവ്യങ്ങള്‍.
കവറധികം കുലുക്കരുത്,
തണുപ്പൊഴിയരുത്‌
ചൂടേറരുത്,
ചിലപ്പോള്‍ പിരിഞ്ഞേക്കാം
അതിലുറങ്ങുന്നാ-
യിരം ഗോശാലകളുടെ
തൊഴുത്തില്‍പ്പോരുകള്‍
തുടര്‍ന്നുമരങ്ങേറി
പാലെന്നയീ ദ്രവത്തെ
നീരായ്‌ കട്ടിയായ്‌
പിരിക്കും.


#naakkila