പേജുകള്‍‌

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

മസ്തിഷ്കമരണം

മസ്തിഷ്കമരണം

"ഇരുന്നൊ?",ഗിയറേറ്റും മുന്‍പ്‌
ഭാര്യയോട്‌ ഒരുവട്ടംകൂടി,
"ഉവ്വ്‌",വഴിക്കാഴ്ചകളിലേക്ക്‌
ചരിഞ്ഞിരുന്നവള്‍ പറഞ്ഞു.
പിന്‍ഭാഗമൊഴിച്ചിട്ടാണ്‌
ബൈക്കുകളധികം കാണൂക,
ജോലിത്തിരക്ക്‌ വിട്ട്‌
അവധിത്തിരക്കിലേക്കിറങ്ങും വരെ.
ഡോക്ടറെ കാണണം, ഒരു മുഴ,
അതാണിന്ന്‌ നിറബൈക്കില്‍.
യാത്രയുടെ കരിങ്കടല്‍ച്ചാല്‌,
അക്ഷമയുടെ കടലടി,
ധൃതി സര്‍വത്ര,
ചിനച്ചും ചിലച്ചും ചക്രഭാവം.
അവന്‍-കണ്ണും കാതും കൂര്‍പ്പിച്ച്‌;
അവള്‍-മനോഗണിതത്തിന്‍
പെരുക്കപ്പട്ടിക ചൊല്ലി;
ആധാര്‍ കാര്‍ഡ്‌, അയല്‍ക്കൂട്ടം,
മൂത്തോളുടെ പത്തിലെ പരീക്ഷ,
ഇളയവണ്റ്റെ മുഖത്തെ ചുണങ്ങ്‌,
നടുവിലോളുടെ ജിമുക്കി
ശരിയാക്കാന്‍ തട്ടാണ്റ്റടുത്ത്‌,
രാത്രീലെ കൂട്ടാന്‍ അടച്ചു
വച്ചിരിക്കുമൊ, ചേട്ടണ്റ്റെയമ്മ
അതു നോക്കുമോ,
സന്ധ്യയ്ക്ക്‌ കുട്ടികളെയും?
ടക്ക്‌,ബൈക്കിലുരുമ്മി
ലോറിയുടെ ലോഹനാദം,
ഠപ്പ്‌,ഒരു തല
റോഡിനും പിന്‍ചക്രത്തിനുമിടെ.
മനസ്സിലെ എഞ്ചുവടി-
പ്പുസ്തകം കൊട്ടിയടച്ചത്‌
സര്‍പ്പമിഴഞ്ഞപോലൊരു വടു
ഇവിടെ ശേഷിക്കുന്നുണ്ട്‌-
ജീവിതത്തിനു പൊടുന്നനെ
ബ്രേക്കിടുമ്പോള്‍ വരുന്നത്‌.
അവന്‍- കഥപറയാന്‍
ബാക്കിയാം അര്‍ദ്ധപ്രാണന്‍.

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

അനിയാ, ഫേസ്ബുക്കേ!

അനിയാ, ഫേസ്ബുക്കേ!
എണ്റ്റെ സൌഹൃദക്ഷണങ്ങള്‍
തുടരെ തള്ളപ്പെടുന്നെന്ന്‌
കണ്ട്‌, സൌമ്യമെങ്കിലും
ഭീഷണമാം വാക്കില്‍
എനിക്ക്‌ നല്ലനടപ്പ്‌ വിധിച്ചു നീ.
ഞാന്‍ വിരണ്ടു.
നിണ്റ്റെ ഓശാരം ഞാന്‍
കുറെ കൈപ്പറ്റീറ്റുണ്ടല്ലോ.
എന്നാല്‍ ഒന്നു നീയറിഞ്ഞോ-
നെറ്റും മറ്റും വാ-കീറും മുന്‍പ്‌,
അതായത്‌ സുക്കര്‍ബര്‍ഗ്‌
നിന്നെ പെറുന്നതിനും വളരെമുന്‍പ്‌,
ഇക്ഷണം എന്നെ വരിക്കാത്ത
എണ്റ്റെ സൌഹൃദാര്‍ഥികള്‍
ചോരയും നീരുമായെന്നെ
കണ്ടിട്ടുണ്ട്‌,ഞാനവരെയും.
അവരുടെ നിരാസങ്ങള്‍
നിണ്റ്റെ കൃത്രിമബുദ്ധിയില്‍ പതിയുന്നു;
എന്തായിരിക്കാമാ നീരസം-
എണ്റ്റെയകൃത്രിമബുദ്ധി തിരയുന്നു.

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

വൃക്ഷായുസ്സ്‌

വൃക്ഷായുസ്സ്‌
എണ്റ്റെ ദേവോദയം
മരവുരി താണ്ടി
മരക്കാമ്പിലെത്തി
മരയുരുക്കള്‍ കണ്ട കാലം;
മുഖപ്പായ്‌, കോവിലായ്‌
ഉത്തുംഗ ശില്‍പതരുക്കള്‍-
ജലമിയറ്റാത്‌ ഞാനുണക്കിയ
കുളിര്‍ലേശമില്ലാത്ത
നീരറ്റ മരക്കൈകള്‍,
ഇലയറ്റ തരുപഞ്ജരം-
എണ്റ്റെ ഒന്നാം ജനി, വൃക്ഷമായ്‌.

മരം ചതച്ച്‌ നീര്‍ത്തിയൊരു

കടലാസുതാളില്‍
ഞാന്‍ കോറിയൊരു ചാരുവാക്ക്‌-
പച്ചയെക്കുറിച്ച്‌, മനുഷ്യനെക്കുറിച്ച്‌,
പച്ചയായ മനുഷ്യനെക്കുറിച്ച്‌,
നരണ്റ്റെ ദൈവഭാവത്തെക്കുറിച്ച്‌,
ദേവണ്റ്റെ നരഭാവവും.
കനംവച്ച പുസ്തകങ്ങള്‍
അച്ചുകൂടം ലോറിയിലേക്കൊഴുക്കിയത്‌;
അക്ഷരം,കൂടെ മരത്തിന്‍
മൃതമറ്‍മ്മരം കേട്ടു
ഞാനൊരു പ്രേതമരമായ്‌-
തണലില്ലാത്ത, കാറ്റിലാടാത്ത
എണ്റ്റെ രണ്ടാം ജനി, വൃക്ഷമായ്‌.

എണ്റ്റെ മഹാഗുരുത്വം

ജനക്കടലിരമ്പങ്ങള്‍ക്കു മീതെ,
വേദപ്പെടുത്തുമെന്‍ മഹാപാദം,
വിളംബരക്കുറികള്‍ വറ്‍ണ്ണംവരച്ച
നാലുപേജിണ്റ്റെ അധികപ്പത്രം.
ഇഞ്ചോടിഞ്ച്‌ വിലയിട്ടൊ-
രച്ചടിത്താളായ്‌
എണ്റ്റെ മൂന്നാം ജനി,വൃക്ഷമായ്‌.

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

കുരുവിയോട്‌

കുരുവിയോട്‌
നൂറ്റിക്ക്‌ മൂന്നെന്ന വിലയില്‍
കമ്പിക്കൂടടക്കം പോന്ന കുരുവീ,
നീ വന്ന തമിഴകത്ത്‌
നീ നെല്ല് തിന്നിരിക്കാം,
നിന്നെ വിറ്റയാള്‍ നിനക്കവ
വിതറിത്തരുന്നത്‌ ഞാന്‍ കണ്ടതാണ്‌.
ഇപ്പോള്‍ കൂടുമാറ്റവേ
നീ തെന്നിപ്പറന്നുപോയ്‌;
നിണ്റ്റെ പുതു കൂട്ടില്‍
തിനപ്പാത്രങ്ങളുണ്ടായിരുന്നു,
മലകടന്നു കടത്തട്ടിലെത്തിയ
അരിമണിച്ചാക്കുകള്‍
ഇട്ടുമൂടാം പണത്തിനു ഞാന്‍ വാങ്ങീത്‌.
എവിടെയെന്നറിയാതെ പുറത്തായ
നീയിനി ഏതരിമണി
ഏതിടത്തില്‍ കൊത്തിക്കൊറിക്കും!
കുഴപ്പം നിണ്റ്റേതല്ല,
എണ്റ്റെ നാട്‌ നിനക്കറിയില്ലല്ലോ.

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

ഞാന

ഞാന

ആള്‍ക്കടലായ്‌ തിരുമുറ്റം
നിമിഷാര്‍ദ്ധത്തിലിളകിപ്പാറി;
ശ്രീലകം വെടിഞ്ഞ്‌
ചുറ്റാല കടന്നും ആബാലവൃദ്ധം
ഓടുന്നു;പൊടിക്കാറ്‌.
നിലച്ചുപോം തുകലുര,
മറിഞ്ഞൊഴുകിയെണ്ണപ്പടര്‍പ്പില്‍
ആളാതെപോം ദീപാഗ്നി;
ആനയിടച്ചില്‍ - സഹ്യപുത്രണ്റ്റെ
വനേതരജീവന്നസഹ്യഖണ്ഡം.

ഇണയൊക്കാത്ത ചെരുപ്പുകള്‍

ചിന്നിത്തെറിച്ച പൂരപ്പുറം-
അതിജീവനങ്ങളുടെ നിഷ്പാദുകചരിതം;
സ്വന്തം ഉയിര്‍കവിഞ്ഞൊന്നും
പുണരാതെയോടും ആവേഗത്തില്‍
മറ്റനേകത്തിലൊന്നായുരിഞ്ഞവ.

പച്ചോലകെട്ടില്‍ അന്നത്തിന്‍

കേവുഭാരം ഗ്രഹിച്ച്‌,
തഴമ്പിച്ച കാല്‍ത്തൂണുകള്‍
തീത്തലം വഴി താണ്ടി,
ഞാനുമൊരാന ഈനാട്ടില്‍,
കാടിണ്റ്റെ കൊട്ടില്‍പതിപ്പില്‍.
കുത്തുകോലാഴുമ്പോള്‍
മദപ്പാടടക്കുന്നവന്‍.
തേവര്‍പ്പറമ്പില്‍ നൂറ്റൊന്നാന-
നിരന്നതിലൊരൊറ്റയാനായ്‌;
കരിയായ്‌ കളഭമായ്‌
പകര്‍ന്നാടിത്തളര്‍ന്ന്‌,
പിഴുതൊരു വാല്‍മുടിയില്‍
പിടിവിട്ടുപോം കൊലക്കൊമ്പ്‌.