ഈ ബ്ലോഗ് തിരയൂ

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ഗ്രന്ഥദഹനം

ഞാനിന്നലെ പകലാകെ
ഒരു പുസ്തകക്കൂന തീയിട്ടു.
ചിതലോടി, താള് പൊടിഞ്ഞ
അറിയാമൊഴി കോറിയ
ഒരു പുസ്തകക്കൂന തീയിട്ടു.
കാലം സ്മൃതിചെപ്പിലടച്ച
പോയനാളിന്‍ പെരുമയാം
മതിപ്രയാണ വീഥികള്‍
തീപാഞ്ഞ വഴികളില്‍
കനല്‍ വീണടഞ്ഞു.
ഗ്രന്ഥമൊന്ന് നൂറു താളായ്
പിരിഞ്ഞ് തീയോടിടഞ്ഞു,
അരിക് ചുരുണ്ട്
തീവായെ തടുത്തു.
ഞാനപ്പോള്‍ ഒരു
പടപ്പെരുമാളെയോര്‍മ്മിച്ചു;
കണ്ണിലും കയ്യിലും
നാശത്തീ പാറുന്ന,
ചിതകളില്‍ ജീവനെരിക്കുന്ന
പടപ്പെരുമാള്‍.
പകലകന്നപ്പോള്‍,
ഗ്രന്ഥച്ചിതയുതിര്‍ത്ത
കനല്‍ത്താളുകള്‍
അസംഖ്യം കനല്‍പ്പറവകള്‍
കൊത്തിപ്പറന്നെന്‍റെ
സ്വപ്നമണ്ഡലം നിറച്ചു.
മരണമില്ലാത്തയക്ഷരികള്‍
മരണമുള്ളെന്‍റെ ചെയ്തിയും
പടപ്പുറപ്പാടും കുറിക്കും;
മരിച്ചാലുമൊടുങ്ങാത്ത
വികലസ്മൃതിയായ്.


2015, ജൂലൈ 20, തിങ്കളാഴ്‌ച

മഴചിഹ്നങ്ങള്‍

നനഞ്ഞു കുതിര്‍ന്ന
വീട് വെയിലേറ്റു-
ണങ്ങാത്ത തുണിപോല്‍
മുഴിഞ്ഞുനാറി.
ഉമ്മറത്തടുക്കുകള്‍
വെള്ളം കുടിച്ചു
വീര്‍ത്തുവഴുക്കി.
എത്ര തുടച്ചിട്ടും
ബാക്കിയായ കാല്‍മണ്ണ്‍
കോലായില്‍നിന്നകത്തേക്ക്
കോലംകോറിക്കേറി
അകം വിടാന്‍ മടിച്ച്
മഴപ്പിടിവെട്ടിച്ചു നിന്നു.
ഒരുകുടയൊരുകൂര-
യെത്രമഴകളകറ്റും.
പുറമേ മഴ തല്ലിത്തീര്‍ത്ത
പുല്ലും പൂവും തരുവും
ഇളകിയൊലിച്ച മണ്ണും
എനിക്ക് മഴക്കെടുതിയാം;
ഇത്രനാളൊതുക്കിവച്ച
മഴനൃത്തമാടിയവ
അരങ്ങൊഴിഞ്ഞതാകാം
എന്നാണ് ഇപ്പോള്‍
ഞാന്‍ ചിന്തിക്കുന്നത്.
അല്ലെങ്കില്‍, മേലില്‍
മഴയെ വെറുത്തെങ്കില്‍,
പുല്ലും പൂവും തരുവും
മണ്ണും വീണ്ടും
താരുണ്യം പോകുമോ?

2015, ജൂലൈ 14, ചൊവ്വാഴ്ച

നേരനുഭവം

എന്റെ തീന്മേശയില്‍
നാലുനേരമൂണ്
നാലുണ്ട് കറികള്‍
നാലാണ് പഴങ്ങള്‍
ഞാന്‍ രാജാവെന്ന്
നിനച്ചു പോയതില്‍
തെറ്റില്ല. അല്ലേ!! 

2015, ജൂലൈ 9, വ്യാഴാഴ്‌ച

രാത്രിജോലി(Night Shift by Shu Li Zhu)

റെയില്‍ വഴി പോയി
നഗരം എന്ന് വിളിക്ക-
പ്പെടുന്നിടത്ത് ഞങ്ങളെത്തി.
ചെറുപ്പവും കായത്തുടിപ്പും
വില്‍ക്കാന്‍ വച്ചു;
ഇനി വില്‍ക്കാനൊന്നുമില്ല.
ബാക്കിയായതിതത്രയും:
കുത്തിക്കയറുന്ന ചുമ,
ആരുമെടുക്കാത്ത എല്ലിന്‍കൂട്;
ഉറക്കം കെട്ടവര്‍,
നടുരാത്രി;
ഏവരും കൂര്‍ക്കംവലിച്ചുറങ്ങുന്നു.
ഞങ്ങളില്‍ ഒരു ജോടി
പച്ചമുറിവ് വായ്‌തുറന്നിരിപ്പൂ,
ഇരുണ്ടൊരു ജോടി മിഴികളും.
പറയൂ,
വെളിച്ചമെന്നെങ്കിലും വരുമോ?

libcomm.org

2015, മേയ് 29, വെള്ളിയാഴ്‌ച

പൊതുവിജ്ഞാനം ഉണ്ടാകുന്നതിനും മുന്‍പ്‌

ധ്രുവദേശങ്ങളില്‍
ചിത്രശലഭങ്ങളിലെന്നു
പറഞ്ഞത്‌
ഡോക്ടറുടെ മുറിയിലെ
മേശക്കലണ്ടര്‍.
പൂമ്പാറ്റകള്‍ പറക്കാതായ
മഞ്ഞിന്‍ കണ്ണുമായ്
ഞാനത് വായിച്ചു.
പൊതുവിജ്ഞാനമാണ്,
ഉപകാരപ്പെട്ടേക്കും-
മഞ്ഞുരുകി വര്‍ണ്ണംവിതറി
വസന്തമുണര്‍ന്നു
തെളിവാനം നിവരുന്നൊരു
കാലത്ത്‌, ഒരു പക്ഷെ.
അന്ന് ഞാന്‍ ചിത്ര-
ശലഭങ്ങളിലാത്ത
ധ്രുവദേശങ്ങളെ
കളിയാക്കി ചിരിക്കും.
അതല്ല, ഇനി എന്‍റെയുള്ളിലെ
ഹിമവാതങ്ങള്‍ കനപ്പെടാന്‍
തുനിഞ്ഞാല്‍, ഉറഞ്ഞുപോയ
ഹിമമണികളില്‍
പതിഞ്ഞുറങ്ങും
പൂമ്പാറ്റകളെ നോക്കി
ഞാന്‍ പറയും:
"ധ്രുവങ്ങളില്‍
പൂമ്പാറ്റകളുണ്ടായിരുന്നു."

2015, മേയ് 16, ശനിയാഴ്‌ച

നെറികെട്ട പാട്ട് (Shu Li Zhu ,by)

ചന്ദ്രനോളമിരുമ്പ് ഞാന്‍
വിഴുങ്ങിയെന്നിട്ടും, ഞാന്‍
ഒരാണി വിഴുങ്ങിയെന്നെ-
യവര്‍ പറയൂ.
തൊഴില്‍ശാലയഴുക്ക് വിഴുങ്ങി,
തൊഴിലില്ലായ്മക്കുറികളും,
തിക്കും തിരക്കും നിരാസവും,
നടപ്പാലവും തുരുമ്പിച്ച
ജീവനും വിഴുങ്ങി ,
ഇനി വിഴുങ്ങാന്‍ മേലാതെ.
വിഴുങ്ങിയതൊക്കെ തൊണ്ട
തിക്കി പുറത്തുവന്നു
ജനിഭൂമികയില്‍
ഒരു നെറികെട്ട പാട്ടായ്‌
ചൊരിയുന്നു.

libcom.org

2015, മേയ് 11, തിങ്കളാഴ്‌ച

ഞാനാം അക്ഷരം

അ...ആ... ചൊല്ലി
നിര്‍ത്തി അം...അഃ...യില്‍
അക്ഷരമാലിക
വാടാതെ വിടരും
വീണ്ടും അന്താക്ഷരേ;
വാക്ക്‌ അടയാതെ തുറന്ന
 പുതുവഴി അം...അഃ...യില്‍;
ഞാനൊരിക്കലുണര്‍ന്ന്
തുടര്‍ന്നുമുണരുന്നെന്‍
അഛനില്‍ എന്‍ അമ്മയില്‍.

2015, മേയ് 6, ബുധനാഴ്‌ച

നദി, തീരം (River, Shore by Shu Li Zhu)


വഴിയോരം ഞാന്‍
വഴി പാര്‍ത്തു നിന്നു.
കാല്‍നടക്കാര്‍, വണ്ടികള്‍,
 വരുന്നേവരും പോകുന്നു.
ഞാനൊരു മരച്ചോട്ടില്‍,
മേലെയൊരു 
വണ്ടിക്കടവിന്‍ കുറി.
കാണുന്നൊരു നീരോട്ടം
വന്നതും പോവതും,
നിണവും നിനവും 
നിര്‍ഗ്ഗമിച്ചും ഗമിച്ചും;
ഇതെല്ലാം വരുവതും
പോവതും കണ്ടു ഞാന്‍
വഴിയോരം നില്‍പ്പൂ.
വഴി നടന്നോരും കാണുന്നു
എന്റെ വരവും പോക്കും.
അവര്‍ നദിയിലും
 ഞാന്‍ തീരത്തും;
അവര്‍ നഗ്നതനു
കുഴഞ്ഞു നീന്തു-
ന്നാവും വേഗത്തില്‍:
ചുറ്റും വ്യാധി പോലീക്കാഴ്ച.
ഒരു വേള ഞാന്‍ കുഴങ്ങി:
ഞാനും നദിയിലിറങ്ങട്ടെ?
അവരോത്തു നീന്തി-
ക്കുഴയുവാന്‍, നോവ്‌ കടിച്ചിറക്കാന്‍.
മലകടന്നു സൂര്യന്‍ മറഞ്ഞിട്ടും
ഞാനിനിയും തീരുമാനിച്ചതില്ല.2015, ഏപ്രിൽ 1, ബുധനാഴ്‌ച

വൈകി വന്ന മനതാപം (Late Repentance by Shu Li Zhu)

എന്നും വൈകിട്ട്
ഫാസ്റ്റ്‌ഫുഡ്‌ കഴിച്ചു
തന്നെത്താന്‍ മൂടിനൊരു
തട്ടും കൊടുത്തെഴുന്നേല്‍ക്കുന്ന
പതിവുണ്ടെനിക്ക്.
ഇന്നത്‌ ചെയ്യാന്‍ തുനിഞ്ഞതും
ഈ രംഗം പലയാണ്ട്
പിന്നിലെന്‍ വീട്ടില്‍ 
കണ്ടതായോര്‍ത്തു.
മൂന്ന് പുത്രരോടൊത്തു-
ണ്ണുന്നോരപ്പന്‍ 
അവരെ മൂട് തട്ടി
എണീച്ചു വിടുന്നു.
ബാക്കിയൊരു തീന്‍മേശ,
ഉണ്ടതിന്‍ ബാക്കി 
പൊട്ടും പൊടിയും:
അമ്മയൊറ്റയ്ക്ക്
തൂത്തുവെടിപ്പാക്കാന്‍.


www.libcom.org

2015, മാർച്ച് 17, ചൊവ്വാഴ്ച

മോസാസോറസ്*


കുട്ടിക്കാലത്തൊരു കമ്പം
ജുറാസിക്‌ ജീവിതമറിയാന്‍;
പ്രാഗ്-വനങ്ങളില്‍ വാനങ്ങളില്‍
നദികളില്‍ പുളിനങ്ങളില്‍
പുളഞ്ഞു തുടിക്കുന്ന
ഉരഗപ്പെരുങ്കാലം.
അന്യം നിന്ന് പോകാതെ
ചിലവയെന്‍റെ സ്വപ്നഭൂമി,
വാനം,നീര്‍ത്തടം കയ്യേറി.
വീട്ടിലെ കൊച്ചുകുളത്തില്‍
പോലും കുളിക്കനെനിക്ക് 
ഭയമായ്‌, ഊതിപെരുക്കിയ
ജലജന്തുക്കളെ ഭയമായ്‌.
സജലമാം നിന്‍ മിഴി 
കാണുമ്പോള്‍ ഒരു നീര്‍പ്പുറ-
മാണെന്‍ ഓര്‍മ്മയില്‍.
അതിന്‍ കീഴില്‍ ഇര-
പാര്‍ത്തുറങ്ങുന്ന ജലജന്തുക്കളെ
ഞാന്‍ ഭയക്കുന്നു; ഞാന്‍ പറഞ്ഞല്ലോ,
ചെറുപ്രായം തൊട്ടേ അങ്ങനെയെന്ന്‍.
നിന്റെ കണ്ണീര്‍ തുടയ്ക്കാത്ത
എന്റെ വിരലെണ്ണി നീ പകച്ചു നില്‍ക്കയാല്‍
ഒരു ക്ഷമ ഞാന്‍ ചോദിക്കുന്നു,
ഭയമാണെനിക്ക് ഭയം.*മോസാസോറസ്
2015, മാർച്ച് 12, വ്യാഴാഴ്‌ച

വാഴ്വ് മൂടിയ ഹൃദയം (Heart Buried By Life by Shu Li Zhu)

ഇപ്പോഴും സഹിക്കാനാകുന്നുണ്ടോ?
കണ്‍പോള മലപോല്‍ കനത്ത്‌
അവന്റെ തല,യിരവില്‍
ഒന്ന് പൊങ്ങി നോക്കി.
മിഴിനീര്‍ കുതിര്‍ത്ത താരാംശു
കീഴേയ്ക്കിരച്ചിറങ്ങി.
ഓരോ കാറ്റിലുമുലയുന്ന
ശുഷ്ക്കമുടല്‍,
യൌവനത്തിര കെറുവിച്ചിറങ്ങുന്നു.
ശേഷമൊരു ഹിമവാതം, ഘോരക്ഷോഭം,
കനവില്‍ നുണഞ്ഞ തീനാളം
തണുത്ത മഞ്ഞുപോല്‍.
ഉരച്ചുരിഞ്ഞ തൊലിച്ചീന്ത്‌
പഞ്ഞികെട്ടിയ മെത്തയായ്‌.
കാലപ്പെരുങ്കാറ്റില്‍ല്‍ ചിതറിപ്പറന്ന
ആരൂഢബോധ്യങ്ങള്‍;
ദിശയേശാതെ, കടലാഴം വെല്ലുന്ന-
യാഴത്തില്‍ വാഴ്വ് വന്നു മൂടി-
യവന്റെ നെഞ്ചകം.


www.libcom.org

2015, മാർച്ച് 3, ചൊവ്വാഴ്ച

പാടലം (Pink by Shu Li Zhu)

നാളേറെയായ് ഞാന്‍ കാണ്മൂ
ഒരു ഖബര്‍, ആ നഗരത്തിലൊരു
ഗ്രാമത്തില്‍;
പാടലമതിന്‍ സ്മരണശില.
പാടലമാം പുല്‍പ്പുറം
പാടലമാണരുവിയും,
പഞ്ഞിക്കെട്ടുമേഘവും.
എനിക്കിളംചോപ്പ് ദീനം വന്നി-
ട്ടിളംചോപ്പാം മഞ്ചയടിയും;
അതിന്‍റെ അടപ്പ്‌
പതിയെ പതിയുമ്പോള്‍
പാടലസൂര്യനില്‍
കണ്‍മുനയാഴ്ത്തി ഞാന്‍
പാടലമൊരു നടുനാള്‍-
വാനം കാണും;
മൂകമായ്‌ തേങ്ങി
ഇളംചോപ്പാം
രണ്ടുചാല്‍ കണ്ണീരൊഴുക്കും.


Translation of  Pink, by  Shu Lizhu,

china.libcom.org

2015, ജനുവരി 20, ചൊവ്വാഴ്ച

എന്‍റെ നിണമൊഴികള്‍ (ഷൂ ലീ ഴൂ)

2014 സെപ്തംബര്‍ 30... ഷൂ ലീ ഴൂ എന്ന 24-കാരനായ യുവാവ്‌ ചൈനയിലെ ഷെന്‍സെന്‍ എന്ന സ്ഥലത്തെ ഫോക്സ് കോണ്‍ ഇലക്ട്രോണിക് നിര്‍മ്മാണശാലയില്‍>> താഴേയ്ക്ക് ചാടി മരിച്ചു. ദാരിദ്ര്യവും, അമിത ജോലിയും, അധികാരി വര്‍ഗത്തിന്റെ നിസ്സംഗതയും സമാസമം ചേര്‍ന്ന മരണകാരണം. ആളുകള്‍ തിക്കും തിരക്കും ഉണ്ടാക്കി മേടിക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ ഉല്‍പാദിപ്പിക്കുന്നത് അവിടെയാണ്. ഇത് വായിക്കുന്ന ആരെങ്കിലും ഐ ഫോണുകള്‍ ഉപയോഗിന്നെന്കില്‍ ഒന്ന് മണുത്ത്‌ നോക്ക്‌: ചിലപ്പോള്‍ ഉണങ്ങിയ ചോരയുടെ മണം കിട്ടിയേക്കും. തിന്നാന്‍ ആളുണ്ടെങ്കില്‍ പിന്നെ കൊന്നു തരാനാണോ ആളില്ലാത്തത്? അദ്ദേഹത്ത്തിന്‍റെ കുറിപ്പ് പുസ്തകങ്ങളില്‍ ജീവിതഗന്ധിയായ നിരവധി കവിതകളും കുറിമാനങ്ങളും കണ്ടെത്തി പ്രസിദ്ധീകരിച്ച http://libcom.org എന്ന ഇടതുപക്ഷ/ബഹുജനപക്ഷ ചിന്താനിധികുംഭത്തെ  അഭിമാനത്തോടെ ഓര്‍ക്കുന്നു, നന്ദിയോടെയും. ഈ ഇന്റര്‍നെറ്റ്‌ സ്ഥലി സന്ദര്‍ശിക്കാന്‍ മറക്കല്ലേ.
http://libcom.org/blog/xulizhi-foxconn-suicide-poetry


പരിഭാഷ: I SPEAK OF BLOOD
എന്‍റെ വാക്കില്‍ ചോരയുണ്ട്,
അതില്ലാതെ വയ്യ.
പൂവാടുമിളങ്കാറ്റും
മഞ്ഞിന്‍ചെപ്പിലെയമ്പിളിയും:
എനിക്കിഷ്ടമാണ് അവയെ-
ക്കുറിച്ച് പറയാനേറെ;
പെരുമാള്‍ക്കഥകളും
വീഞ്ഞിറ്റും കവനകേളിയും-
ഇഷ്ടമാണേറെ ചൊല്ലുവാന്‍.
എങ്കിലും നിജബോധങ്ങള്‍
നിണഗീതിയല്ലാതെ മറ്റൊന്നു-
ന്റെ നാവില്‍ ചാര്‍ത്തീല്ല.
രക്തം, തീപ്പെട്ടിച്ചാളയില്‍
ഇറുകിക്കഴിഞ്ഞ്
സൂര്യാംശു തഴുകാത്ത
തൊഴിലാളും പെണ്ണും
കുമിഞ്ഞിറങ്ങുന്ന
വാടകക്കൂട്ടിലെ രക്തം.
ദൂരെ ദൂരേക്ക്‌ കെട്ടിച്ചയച്ച
ഗതിയറ്റലയും സ്ത്രീകള്‍,
തട്ടുകടയില്‍ നാടന്‍ കൊതി
വില്‍ക്കും സിഹ്വാന്‍ പയ്യര്‍,
ഹെനാനിലെ കിഴവിത്തള്ളകള്‍
വില്‍ക്കാന്‍ നിരത്തിയ വഴികള്‍;
പിന്നെ ഞാന്‍ പകലാകെ
ജീവിതമെത്തിപ്പിടിക്കാനോടി-
ത്തളര്‍ന്നീ രാത്രിയില്‍
കവിതയ്കായ്‌ കണ്‍പാര്‍ത്തിരിപ്പൂ.
ഞാനിവരെക്കുറിച്ചാണ് പറയുന്നത്,
ഞങ്ങളെക്കുറിച്ച്.
വാഴ്വിന്‍ ചെളിപ്പരപ്പില്‍
വലയുന്ന ഞങ്ങളുറുമ്പുകള്‍.
തൊഴിലിടപ്പാതയിലുടനീളം
പതിഞ്ഞുണങ്ങും ചോരമൊട്ട്,
പോലീസ് പടയോടിച്ചിട്ടടിച്ചും,
യന്ത്രം ചതച്ചതും, ചോര.
ഉറക്കക്കേടും വ്യാധിയും 
തൊഴില്‍ച്ചേതവും ആത്മവധവും
വാക്കിന്‍ പൊട്ടിത്തെറികളും
വകഞ്ഞുമാറ്റി ഞാന്‍,
പവിഴനദിപ്പൊഴിയില്‍*
പണിയിടയാജ്ഞയാം
കൊലവാള്‍ പിളര്‍ത്തിയ
ദേശനാഭിയില്‍ നിന്ന് ഞാന്‍
ഇതെല്ലാം നിന്നോടു പറയുന്നു,
നാവടഞ്ഞുപോകുന്നെന്‍-
നാവു വിണ്ടുപോകിലും.
മൌനം, ഈ യുഗത്തിന്‍
മൌനം ചിന്തിയെറിയാന്‍,
നിണഗാഥ ചൊല്ലുവാന്‍, പിന്നെ
വാനം പൊളിഞ്ഞു  വീണതും.
എന്‍റെ നിണമൊഴികള്‍,
വായാകെ ചോപ്പ്.*Pearl River Delta, booming economic zone in China

2015, ജനുവരി 16, വെള്ളിയാഴ്‌ച

വായാടിപ്പട്ടിക

ക്ലാസ്സ്‌ലീഡറെടുത്ത
വായാടിപ്പട്ടികയില്‍
സ്വരങ്ങളെല്ലാം
കുറിച്ചിരുന്നു,
സ്വരസ്ഥാനങ്ങളും:
പേരെല്ലാം മുഴുവനായ്‌
ജാതതാതകുലനാമമാകെ.
പട്ടിക നിവരുന്നു, ചൂരലും,
പേരൊഴുകുന്നു ,
ചറപറ ചൂരലാടി.
ഞാനും എന്റെ ജനിതാക്കളും
കുലമാകെയും
അടിയില്‍ പുളയുന്നു.
പേര് തൊട്ടാല്‍
ആള്‍ക്ക് നോവുമെന്നു
കുട്ടികള്‍ നാം
അന്ന് പഠിച്ചു;
നോവിക്കേണ്ടപ്പോഴൊക്കെ
പേര് നീട്ടിവിളിക്കാനും.
പിന്നെ നാം വളര്‍ന്നപ്പോള്‍
വ്യവഹാരച്ചീട്ടിലാണ്
മുഴുപ്പേര്‍ കണ്ടത്‌,
ചെല്ലപ്പേരോ വിളിപ്പേരോ
അപ്പീലില്ലാവിധം
തള്ളിപ്പോയതും.

പക്ഷെ എനിക്കൊന്നു പറയാനുണ്ട്:
നിന്‍റെ പുന്നാരച്ചിരിയില്‍
എന്റെ പേര് ലോപിക്കുമ്പോള്‍
നിന്‍റെ വിഷം തീണ്ടി പിന്നൊ-
രിക്കല്‍ ഞാന്‍ മരിക്കുമെന്ന്
ഭയമുണ്ട് തെല്ല്.
അതിലും ഭേദം
വ്യവഹാരം കഴിഞ്ഞ്
കോടതി പൂട്ടി
വിധിയാള്‍ നല്‍കുന്ന
ഒരു തൂക്കുകയററ്റമാം-
മുഴുവന്‍ പേര്‍ ചൊല്ലി
എന്നെ മാത്രം
വിളിച്ച് തന്നത്.

2015, ജനുവരി 5, തിങ്കളാഴ്‌ച

വിവേക്‌ എക്സ്പ്രസ്‌*


തെക്കേത്തലയിലെ കന്യാമുനമ്പും
തൊട്ട് തമിഴൂരും
കേരളവും പിന്നെയും തമിഴൂരും
അന്ധ്രയുമിപ്പോപ്പിന്നെ തെലുങ്കാനയും
ഉത്ക്കലനാട്, വംഗദേശം
കടന്നാസ്സാമിന്‍ സമതലം
പിന്നിട്ട് മലനാട് കേറാന്‍
സപ്തസോദരിമാരുടെ^
പച്ചക്കൈ തൊടുമ്പോള്‍;
കണ്ണെത്താ ദൂരത്തൊ-
ളിയായ്‌ ഹിമവന്‍മല മിന്നി;
കണ്‍പാച്ചിലില്‍ ഇക്കണ്ട
നാടും നഗരവും മാഞ്ഞു;
നമ്മള്‍ ബംഗാളികളെ-
ന്നൊറ്റപ്പേരില്‍ കുറിച്ചവര്‍
പലനാടും പല മൊഴിയും
പല താളവും പല തുടിയും
പാട്ടുമായിറങ്ങി പോയ്.
തെന്നിന്ത്യയാകെ  മദിരാസായ്
ചുരുക്കിയതിന് അങ്ങനെ
പേരിനു പേരെന്ന്
നാം പക വീട്ടി
പഴയ കൊളോണിയല്‍-
ക്കണ്ണിലെ പുത്തന്‍ കണ്ണട:
മദ്രാസും ബംഗാളും-
ഗമ ചോര്‍ന്നില്ലയൊട്ടും.

കന്യാമുനമ്പിലെ
മൂന്നാഴിച്ചെപ്പിലെ
ചുടുസൂര്യഗോളം തൊട്ട്
ഹിമവാന്റെ ജടയില്‍
മുന്നമേ മുത്തുന്ന പുലരി-
പ്പൊന്നൊളി കാണാന്‍
കുതിക്കയായ്‌ എത്ര
കാതം കഴിഞ്ഞിട്ടുമീ
വിവേക്‌ എക്സ്പ്രസ്.


*കന്യാകുമാരി-ദിബ്രുഗഢ്(ആസ്സാം) എക്സ്പ്രസ്, ഏകദേശം 4000 കിലോമീറ്റര്‍ നീളമുള്ള റയില്‍ വഴി. ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയിലോട്ടം എന്ന് ഗണിക്കാം...വിവേകം, വിവേകാനന്ദം, ഹാ! എന്താ ഒരു ആനന്ദം. कन्याकुमारी से होकर डिब्रूगढ़ तक जानेवाले ट्रेयिन नम्बर____ विवेक एक्सप्रस धोटी ही धेर में....

^ഭാരത്തത്തിന്റെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ അങ്ങനെയും അറിയപ്പെടുന്നല്ലോ.