പേജുകള്‍‌

2014, മാർച്ച് 29, ശനിയാഴ്‌ച

ഞാനൊരു ചിത്രത്തോല്‍

കാലം മഹാജ്ഞാനിയാകാം
എങ്കിലും ചിലനേരമത്
ഒരു കുട്ടിയേക്കാള്‍
അലമ്പെടുക്കും.
കാലം വെണ്‍രേഖ
നേര്‍ത്തതൊന്നില്‍
തുടങ്ങി നരഗാത്രത്തില്‍
ജരാനര കുറിക്കുമ്പോള്‍
അതിന്‍റെ പണിക്കുറ്റം
നാമറിഞ്ഞുതുടങ്ങും.
കൈമെരുങ്ങാത്ത ശില്‍പി-
യവിടിവിടെ തീര്‍ത്ത
മുഴുപ്പുകള്‍, വിരല്‍മര്‍ദ്ദം.
നീര്‍ക്കെട്ടുകളെ പൊതിഞ്ഞ്
നീരുണങ്ങിയ ചര്‍മ്മതലേ
ഉണങ്ങിയ കാകവിരല്‍.
ലംബമൊരു നടത്തയെ
മൂന്നാലുകാലില്‍ മടക്കും-
പരിണാമത്തിന്‍റെ വിപരീതഗതി.
ഒടുവില്‍ മധുരമോര്‍മ്മകള്‍
ചൂഴ്ന്നെടുക്കും,
കാലത്തിന്‍റെ അവസാനതെളിവും.
കാലം മഹാശില്‍പിയാകാം
മഹാവികൃതിയായ മഹാശില്‍പി.


2014, മാർച്ച് 23, ഞായറാഴ്‌ച

കല്‍ദായച്ചൂള

ഇതൊരു പഴങ്കഥയാണ്
വേദകഥ, ഗുരുവാക്ക്‌.
യൂദരുടെ പ്രവാസകാലം
കല്‍ദായഭൂവിലെ
പതിതവാഴ്വ്.
നന്നേ ഇളതിലേ-
യിറുത്തെടുത്ത യൂദബാലര്‍:
അധീശവഴക്കം
പഠിപ്പിച്ച്, നാടും
സ്മൃതിയും വേദവു-
മെന്തിനു മൊഴിപോലും
ഉടച്ചൊരുക്കി-
ഹനനിയാ,അസറിയാ,
മിസായേല്‍, അതില്‍ മൂവര്‍.
അവരില്‍ സ്വത്വമുണര്‍ന്നത്
രാജവെറിക്കിരയായ്‌;
ചൂളയൊരുക്കി
പതിന്മടങ്ങാക്കത്തില്‍.
തീപ്പടര്‍പ്പില്‍ മൂവര്‍
ദൈവസ്തുതികള്‍ പാടി:
ഭിന്നതകളുണക്കുന്ന,
വൈരമകറ്റുന്ന
പ്രാപഞ്ചികമൊരു
ദൈവഗീതി.
നാലാമതൊരാള്‍ ചൂളയില്‍
ഇവര്‍ക്കിടെ കാണപ്പെട്ടെന്നുമത്
ദൈവദൂതെനെന്നും കഥ,
കൊടുംചൂടില്‍ കുളിര്‍
ചോരിഞ്ഞൊരു ദൂതന്‍.
ഞാന്‍ കരുതുന്നു,
അത് മൂന്നു ദൈവദൂതരും
ഒരു മനുഷ്യനുമെന്ന്‍.
സഹനത്തീയിലൊന്നായൊട്ടി
മനുഷ്യനാം മനുഷ്യന്‍,
പിന്നെ,
സഹനമെന്ന വരം
ലഭിക്കാതെ മൂന്നും
മൂന്നായ്‌ നില്‍ക്കുന്നൊരു
പറ്റം ദൈവദൂതര്‍.


2014, മാർച്ച് 15, ശനിയാഴ്‌ച

വയര്‍ നിറയെ ഓര്‍മ്മകള്‍

പായുമൊരു കിളി
കൊതിക്കണ്ണില്‍,
പശിനോവില്‍ കുരുക്കുമൊരു
തുടുത്ത ഫലഭോജ്യം,
അതുപോല്‍ ഞാനും
നല്ലോര്‍മ്മ കൊയ്ത്
കെട്ടോര്‍മ്മയുരിഞ്ഞ്
തിളച്ചുപാറും,
തുടുമാംസമുണ്ട്,
ചെഞ്ചാറൂറ്റി.
വയറൊലി നിലയ്ക്കെ,
ജഠരാഗ്നിയെരിക്കാത്ത
അതിശായിയാം വിത്തുകള്‍
ചുടുമണ്ണിലുണരും
വായറൊഴിഞ്ഞോര്‍മ്മയുടെ
വളമേറ്റ് വളരും.

2014, മാർച്ച് 6, വ്യാഴാഴ്‌ച

ബദല്‍

മെലിയുന്ന കാടിന്‍റെ
ഒടുവീര്യമെന്നോണം
നാട്ടുവനികളിലോടി-
പ്പാഞ്ഞേറി പച്ച,
ഇരുകിപ്പുണരുന്ന
ധൃതരാഷ്ട്രപ്പച്ച,
തടുക്കുന്ന പച്ച,
ശ്വാസം തടുക്കുന്ന പച്ച.