ഈ ബ്ലോഗ് തിരയൂ

2014, ഡിസംബർ 17, ബുധനാഴ്‌ച

ഉണക്കപ്പൊന്ന്‍


ഇന്ന് ഞാന്‍  പൂവനി-
പ്പാതേ നടന്നതില്‍
കാല്‍ക്കീഴമര്‍ന്നൊരു
കുല കുരുമുളക്.
മുറ്റിയടര്‍ന്നതും,
മുറ്റാതടര്‍ന്നതും,
വിരല്‍ത്തോതില്‍
പല മരീചമാല.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.
മണ്‍സൂണ്‍ കുളിപ്പിച്ച
കൊടുംമഴക്കാടുകള്‍,
കാവലിഴയുന്നതായിരം
നാഗങ്ങള്‍, എരിച്ചും
പുകച്ചും തുരത്തി,
തുടുത്ത കുരുക്കള്‍
ഉണങ്ങുന്ന പുകയില്‍
കറുത്തപൊന്നിന്നൊരുക്കം.
അതിപുരാനാള്‍ തൊട്ട്
ഊണിന്നുറകൂട്ടിയും
മരുന്നുമായ്‌ കറുംപൊന്ന്.
മലയും മലബാറുമിറങ്ങി
നറുവിളചാക്കില്‍ കപ്പലേറി
പടിഞ്ഞാറടുക്കുന്ന കാറ്റല
കോര്‍ത്ത് പോയി.
വാണിയക്കാലങ്ങള്‍
മേലായ്മക്കോലങ്ങള്‍
തന്ത്രക്കരാറുകള്‍
കൊതിക്കരാളങ്ങള്‍.
പലദേശം പല ചന്ത
കറുത്ത പൊന്നിന്‍ ചാക്ക്
കനത്ത പണചാക്ക്.
കിഴിയില്‍ മുളക് റാത്ത-
ലൊന്നു വച്ച് പകരം
അടിമക്കടേന്നൊരടിമ.
നിത്യനഗരത്തിന്‍
കറുംപൊന്‍ശേഖരം,
ബര്‍ബരപ്പടകേറ്റം
ഗോത്തും ഹൂണരുമവരുടെ
കടുംതടയും തീയാഴിയും;
ചൊരിഞ്ഞു പെരുക്കിയ
മുളകിന്‍ കൂനയില്‍
തുറയും പുരമോക്ഷം.
ഇരുണ്ടയുഗം,
മദ്ധ്യഭൂക്കടല്‍
മതപ്പോരുകള്‍
വാണിഭനെടുമയ്‌ക്കൊരു
അറബിച്ചാണ്‍.
പോര്‍മുനയും ക്രൂശും
വിളകോരിയും പേറി
നാവിക സായ്‌വുകള്‍;
ഫ്രാങ്കിയും ലന്തനും,
തമ്മില്‍ പുക്കാറും;
ഞെരിയുന്ന നാട്ടകം.
കടല്‍ച്ചാലും കരച്ചാലും.
ഭൂതലരേഖകള്‍
മായ്‌ച്ചെഴുതുന്നു.
കരകരത്തൊണ്ടയില്‍
എറിയുമ്പോഴും
പെപ്പര്‍ ബീഫില്‍
എരിയുമ്പോഴും
നാമറിയാത്തൊരു,
(താങ്ങുവില വേണ്ടാത്ത)
നാളാഗമം കറുംപൊന്നിനുണ്ട്.
പൂര്‍വ്വയുഗങ്ങളെക്കുറി-
ച്ചൊരു മരീചമാനം.
കഴിക്കുന്നതോക്കെയും നാമാകുന്നു
നാമോ ലോകവും.
എരിമണിമാലകള്‍
തൂവിയെവിടോ മറഞ്ഞ്
ഗൂഢമാലേയന്‍
മൌനഹാസത്തില്‍
പഴങ്കഥപ്പാഠം
വീണ്ടുമുതിര്‍ക്കുന്നു, 
എന്‍ കാല്‍ക്കീഴിലെല്ലാം
വീണ്ടുമമരുന്നു.