ഈ ബ്ലോഗ് തിരയൂ

2012, ജൂലൈ 5, വ്യാഴാഴ്‌ച

ചന്തയിലെ മൃഗങ്ങള്‍

ചന്തയിലെ മൃഗങ്ങള്‍
തുച്ഛം മാംസമായ്‌ പരിണമിച്ചവ
മാത്രമല്ല ചന്തയിലെ മൃഗങ്ങള്‍,
മാംസമായ്‌ തന്നെ വിരിഞ്ഞു,
പുലര്‍ന്നു, തൂക്കമൊത്തവരുമുണ്ട്‌.
ആന്ത്രമേറെ തിന്നിട്ടും ചോരയ്‌-
ക്കാര്‍ത്തി തീരാത്ത നായ്ക്കളൂണ്ട്‌;
തീനിടലഹളകളില്‍ ചോരയിറ്റ്‌
വയറൊട്ടി മടങ്ങിയവയുമുണ്ട്‌.
തീറ്റപെരുക്കത്തിലും ഒന്നുമൊക്കാതെ
ഞെരുങ്ങി കാലുടഞ്ഞവര്‍ക്ക്‌
ജിതരുടെ കൊഴുത്ത പാദഗര്‍ത്തങ്ങളില്‍
ഇനിയങ്ങോട്ടു ചാവുനോറ്റിരിക്കാം.
ചെകിളപ്പൂക്കള്‍ ചുണ്ടടക്കിയ കാകരും
മരണം ചികയുന്ന കഴുകരും കുറിച്ച
ആകാശക്കഥകള്‍ ഇനി വേറൊരെഴുത്തില്‍;
തൂക്കക്കട്ടികള്‍ കണ്‍മറയാതെ, വിരലിറുക്കി
ഞാനെണ്ണുന്നതും ഇനി വേറൊരെഴുത്തില്‍.