ഈ ബ്ലോഗ് തിരയൂ

2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ഒരാൾ <പരിഭാഷ>

മൂന്നാലുപേറ്‍ ഒരു മുറിയിലുള്ളതില്‍

ഒരാളെപ്പോഴും ജനലരികെ നിന്ന്
പുറംപാളയങ്ങളിലനീതിയും
കുന്നിന്‍മുകളില്‍ വെടിത്തീയും
കാണുവാന്‍ വിധിക്കപ്പെടും.
പൂര്‍ണ്ണകായരായ്‌ രാവിലെ
വീടുവിട്ടിറങ്ങിയവര്‍
വൈകിട്ട്‌ ചില്ലറപോല്‍
വീട്ടിലേക്ക്‌ പൊതിഞ്ഞെടുക്കപ്പെടും.
മൂന്നാലുപേറ്‍ ഒരുമുറിയിലുള്ളതില്‍
ഒരാളെപ്പോഴും ജനലോരം-
ചിന്തമേല്‍ മുടിഭാരംചാര്‍ത്തി;
പിന്നിലൊരു മൊഴി, അലയുന്നു
തൂക്കാതൊരു ഭാണ്ഡം;
ഇടമില്ലാത്ത ഹൃദയങ്ങളില്‍
ഈറനല്ലാത്ത പ്രവചനങ്ങള്‍;
മഹാശിലകള്‍ നാട്ടിയതിവിടവിടെ,
അടഞ്ഞൊരു കുറിമാനം പോല്‍,
മേല്‍വിലാസം പേറാതെ,
ആരും ഏല്‍ക്കാതെ.യെഹൂദാ അമിഖായി 
Yehuda Amichai

Of Three Or Four In The Room

2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

കഷ്ടം <പരിഭാഷ>

കഷ്ടം, നമ്മള്‍ നല്ലൊരു സംവിധാനമായിരുന്നു;

നിണ്റ്റെ തുടകള്‍ എണ്റ്റെയിടുപ്പില്‍-
നിന്നവര്‍ ഛേദിച്ചു;
എനിക്കു തോന്നുന്നു,
അവരെല്ലാം സര്‍ജന്‍മാരാണ്‌, എല്ലാം.
നമ്മെ അവര്‍ പൊളിച്ചുനിരത്തി,
ഒന്ന്‌ മറ്റൊന്നില്‍നിന്ന്‌;
എനിക്കു തോന്നുന്നു,
അവരെല്ലാം എന്‍ജിനിയര്‍മാരാണ്‌, എല്ലാം.
കഷ്ടം നമ്മള്‍ ഉത്തമം,
സ്നേഹം നിറഞ്ഞൊരു സംവിധാനമായിരുന്നു-
നരനും ഭാര്യയും ചേര്‍ന്നൊരു വിമാനം
ചിറകും ഒന്നും കുറയാതെ
ഭൂമിയില്‍ നിന്നല്‍പ്പം പൊന്തി
തെല്ല്‌ നാം പറക്കുകകൂടി ചെയ്തു.യെഹൂദ അമിഖായി

Yehuda Amichai


2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

ശാന്തി പരത്തുന്നു <പരിഭാഷ>

എണ്റ്റെ കുഞ്ഞ്‌ ശാന്തി പരത്തുന്നു

ഒരു മണമെന്നപോലെ,
കുനിഞ്ഞ്‌ ഞാനവനെ തൊടുമ്പോള്‍,
അതൊരു സോപ്പുമണമല്ലതന്നെ.
എല്ലാവരും ശാന്തി പരത്തുന്ന
പൈതങ്ങളായിരുന്നു.
എന്നിട്ടുമീ നാട്ടില്‍ ചലിക്കുന്നൊരു
തിരികല്ലും ശേഷിച്ചില്ല.
തയ്യല്‍ വഴങ്ങാത്ത
കീറത്തുണിപോല്‍ നാട്‌.
മക്ഫേലയിലെ* കല്ലറയില്‍
ഒറ്റപ്പെട്ട്‌ ഞെരുങ്ങി പിതാമഹര്‍;
കുട്ടികളില്ലാത്തപോല്‍ നിശ്ശബ്ദം.
എണ്റ്റെ കുഞ്ഞ്‌ ശാന്തി പരത്തുന്നു,
ദൈവം നമുക്ക്‌ നല്‍കാത്തൊരുറപ്പ്‌
അമ്മയുടെയുദരം അവനു നല്‍കി.

*മക്ഫേല:യെഹൂദചരിത്രത്തില്‍ അബ്രഹാം, ഇസഹാക്ക്‌, യാക്കോബ്‌,റാഹേല്‍, റബേക്ക തുടങ്ങിയ പൂര്‍വ്വപിതാക്കന്‍മാരും പൂര്‍വ്വമാതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി.


Yehuda Amichai  യഹൂദാ അമിഖായി

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

ചില വിശദാംശങ്ങള്‍ <പരിഭാഷ>

സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ പൊതുവെ അസ്വസ്ഥാജനകമായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതില്‍ എനിക്കൊരു പ്രാവീണ്യം ഉണ്ടായിരുന്നിരിക്കണം. "താനൊരു സിനിക്കാണല്ലേ" എന്ന്‌ മലയാളം ടീച്ചര്‍ ചോദിച്ചത്‌ എണ്റ്റെ ഉപന്യാസങ്ങള്‍ വായിച്ച്‌ സഹികെട്ടിട്ടായിരിക്കണം. മരണകരമായ ഒരു നിരാശബോധത്തോടെ എനിക്കൊരിക്കലും എഴുതേണ്ടിവന്നിട്ടില്ല എന്നാല്‍ മൃദുലവികാരങ്ങള്‍ പൊലിപ്പിക്കാന്‍ എനിക്കൊട്ടും സാധിച്ചിട്ടുമില്ല. ഇനിയും വറ്റി തീര്‍ന്നിട്ടില്ല്ളാത്ത മനുഷ്യനന്‍മയില്‍ ഞാന്‍ വിശ്വസിക്കുന്നു. ഒരു ദൈവവിശ്വാസിയും സന്ന്യാസിയും എന്ന നിലയില്‍ അതിലേറേ പ്രത്യാശ പുലര്‍ത്തുന്നു. എന്നാല്‍ തത്സ്ഥിതികളോട്‌ ഇനിയും പൂര്‍ണ്ണതയെത്താത്ത പരിണാമദശകള്‍ എന്നതില്‍ക്കവിഞ്ഞ്‌ യാതൊരു വാത്സല്യവുമില്ല. എല്ലാം ശരിയായിക്കഴിഞ്ഞിരിക്കുന്നു എന്നു ആശ്വസിച്ചു നിര്‍വൃതി പൂകാനും ആലസ്യം വരിക്കാനും എനിക്ക്‌ ഇനിയും സമയമായിട്ടില്ല, നിനക്കും.


സിനിക്കുകളെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞത്‌ തത്വശാസ്ത്രപഠനകാലത്താണ്‌. κυναικός എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നാണ്‌ സിനിക്ക്‌ പിറകൊള്ളുന്നത്‌. അര്‍ഥം "ശ്വാനദാര്‍ശനികര്‍," പരിഹാസം മുറ്റിനില്‍ക്കുന്ന ഒരു പേര്‌. മതിമറന്നുറങ്ങുന്ന വിശ്രമവേളകളില്‍ കുരച്ചുവിളിക്കുന്ന നായ്ക്കളിലാണ്‌ നാം മനോസ്വാസ്ഥ്യം കുടുക്കിയിട്ടിരിക്കുന്നത്‌ എന്നോര്‍ക്കുമ്പോള്‍ സിനിക്കുകള്‍ക്ക്‌ ആശ്വസിക്കാം. വര്‍ദ്ധിച്ചുവരുന്ന കെന്നെല്‍ വ്യവസ്സയം നായ്ക്കള്‍ ഇനിയും അസ്ഥാനത്തല്ല എന്നു തെളിയിച്ചും വരുന്നു. ഒരു നാട്ടിന്‍പുറത്തുകാരണ്റ്റെ അന്ധവിശ്വാസത്തോടെ പറയുകയാണെങ്കില്‍ അപരിചിതമോ, അനര്‍ഥമോ കണ്ടിട്ടായിരിക്കണം നായ കുരക്കുന്നത്‌, അതൊരു പരേതാത്മാവു തന്നെയായിക്കൂടെന്നില്ല, ഒരു പക്ഷെ പേയോ പിശാചോ ആകാം. ചില മരണസൂചനകള്‍- മരിച്ചതോ , മരിക്കാവുന്നതൊ, മരിക്കപ്പെടാവുന്നതോ ആയ ജന്‍മങ്ങള്‍ ശ്വാനഘോഷത്തിണ്റ്റെ ഈണങ്ങളില്‍ പറയപ്പെടുന്നുണ്ട്‌.

മൂലഭാഷയില്‍ നിന്ന്‌ ഇംഗ്ളീഷിലേക്ക്‌ വിവര്‍ത്തനം ചെയ്ത ഏതാനും കവിതകള്‍ ഞാന്‍ ഒന്നുകൂടെ മൊഴിമാറ്റിനോക്കുകയാണ്‌. ഇവ മധ്യപൂര്‍വേഷ്യയില്‍ നിന്നാണെന്നും യുദ്ധം വിങ്ങിനില്‍ക്കുന്ന തേങ്ങലുകളാണെന്നതും യാദൃശ്ചികം മാത്രം. ഞാന്‍ പറഞ്ഞില്ലേ, ആ പഴയ സിനിക്ക്‌- ഒരു ശ്വാനണ്റ്റെ ഘ്രാണപ്പെരുമ...അതാകാം... 

****************

ചില വിശദാംശങ്ങള്‍

ചില വിശദാംശങ്ങള്‍ ഓര്‍ത്തുവയ്ക്കുമോ-
പ്രിയമുള്ളോരണിഞ്ഞ ഉടുപ്പ്‌:
അവര്‍ കാണാതെപോകും നാള്‍ നിങ്ങള്‍ക്ക്‌ പറയാം-
ഒടുവില്‍ കണ്ടപ്പോള്‍ ഒരു തവിട്ട്‌ മേലുടുപ്പ്‌
വെളുത്ത തൊപ്പിയെന്നോ മറ്റോ.
ചില വിശദാംശങ്ങള്‍ ഓര്‍ത്തുവയ്ക്കണേ.
കാരണം അവര്‍ക്ക്‌ മുഖമില്ല, ആത്മാവ്‌
മറഞ്ഞിരിന്നെവിടെയോ, കരച്ചില്‍ തന്നെ-
യായ ചിരിയിലവര്‍ അമരുന്നു.
അവരുടെ മൌനത്തിനുമുത്ക്രോശത്തിനും ഒരേ മാനം,
98 ഡിഗ്രി 108നുമിടയ്ക്ക്‌ മെയ്ച്ചൂട്‌,
പുറമേയ്ക്കില്ലാതെ ജീവിതം കൂടുങ്ങിക്കുടുസ്സായ്‌;
അവരുടെ ചിത്രങ്ങളാരും കൊത്തിയില്ല-
വരുടെ സ്മൃതിയും സാരൂപ്യവും.
ഉത്സവലഹരികള്‍ പകരുന്നതവര്‍ കടലാസുകോപ്പകളില്‍
ഒന്നൊരിക്കല്‍ മാത്രം ഉപയോഗിക്കാമവ.
ചില വിശദാംശങ്ങള്‍ ഓര്‍ത്തുവയ്ക്കണേ,കാരണം,
ഉറക്കത്തില്‍ പറിച്ചെടുക്കപ്പെട്ടവരാണധികവും
ആ പിച്ചിചീന്ത്‌ ആരുമുണക്കില്ല.
വനജന്തുക്കളാകാതവര്‍ ജീവിച്ചു,
താന്താന്‍ ഒളിമാളങ്ങളില്‍, ഏകാന്തര്‍;
പടഭൂമികളില്‍ കണക്കറ്റ്‌ മരിച്ചു,
ആശുപത്രികളിലും.
ഒന്നായവരെ വിഴുങ്ങുന്ന ഭൂമിയിലങ്ങനെ
നേരും നെറികേടും ഒരുപോല്‍ വിഴുങ്ങുന്ന ഭൂവില്‍.
ഒരോരുത്തരും മരണത്തോടിടഞ്ഞ്‌
ഒടുങ്ങുവോളം വാതുറന്ന്‌,ഒരേ
വിളിയില്‍ ശപിച്ചും പുകഴ്ത്തീം.
ശ്രമിക്കൂ, വിടാതെ ശ്രമിക്കൂ
ചില വിശദാംശങ്ങള്‍ ഓര്‍ക്കാന്‍.