ഈ ബ്ലോഗ് തിരയൂ

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

നരപാകം


നാനാവിധമല്ലേ
നീയെന്നെ കൊല്ലുന്നത്.
വെട്ടിയും നുറുക്കിയും
അറുത്തും വെടിയുതിര്‍ത്തും,
തൂക്കിയും ഞെരുക്കിയും
വെടിയുപ്പ് തൂവി
പൊട്ടിച്ചിതറിച്ചും.
ശേഷം,
വ്യാധിപൂണ്ട മാംസം
പോല്‍ എന്‍റെയുടല്‍ച്ചീളുകള്‍
എന്തേ നീ കളഞ്ഞിട്ടു
പോകുന്നു? പാഴാക്കേണ്ട.
അതെടുത്ത് കഴിച്ചോളു.
ദാഹങ്ങളല്ലേ തീര്‍ന്നതുള്ളൂ
നിന്‍റെ വിശപ്പിനിയും
ബാക്കിയല്ലേ.


#naakkila

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

അല്‍പപ്രാണി


കശുമാവിന്‍ താഴെക്കൊമ്പില്‍
കയര്‍കെട്ടിത്തൂക്കിക്കൊന്ന നായ
പുഴുത്തു സുഖക്കേടായ നായ
വാലാട്ടിയുമണച്ചും എന്നെ
ചുറ്റിയിരുന്ന വളര്‍ത്തുനായ.

ഒഴിവാക്കല്‍ കാത്തു നീറുന്ന
നരകയറിയ ഭൃത്യന്‍,
കാര്യശേഷി കുറയുംമുന്‍പ്‌
ഭാരിച്ച കഞ്ഞിക്കലങ്ങളില്‍
അയാള്‍ ചോറൊരുക്കിയിരുന്നു.

തെങ്ങിന്‍തടത്തില്‍ കുടഞ്ഞിട്ട
പൂത്തു കറുത്ത റൊട്ടിപ്പഴക്കം;
തിങ്ങിനിറഞ്ഞ് അണ്ണാക്കില്‍
തട്ടുമെന്നായപ്പോള്‍
ഞാന്‍ മാറ്റിവച്ചത്.

എന്‍റെ പരാക്രമങ്ങള്‍
എപ്പോഴും അല്‍പപ്രാണികളോടാണ്,
കടത്തട്ടിലെ ആയുസ്സ്‌ കുറഞ്ഞ
തിരിച്ചുകടിക്കാത്ത പണ്ടങ്ങളോട്.

  #naakkila

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

റെയ്ന്‍ റെയ്ന്‍

ശീമേലുള്ളൊരു കുട്ടിപ്പാട്ട്
പലവുരു നാമത് പാടീതാ.
"മഴയേ മഴയേ വെക്കം പോ.
തുള്ളീം പെയ്യാതീയൊരു നാള്‍;
മഴയേ പെയ്തോ പിന്നൊരുനാള്‍
ഓടീം ചാടീം ജോണിക്കുഞ്ഞിനു
കളികള്‍ പലതു കളിക്കേണം.
മഴയേ മഴയേ വെക്കം പോ."
ഈയൊരു പാട്ടിന്‍ ചോട് പിടിച്ച്
വേറൊരു പാട്ടും പാടീട്ട്
മഴയ്ക്ക്‌ ചക്കരപീര കൊടുത്ത്‌
പെയ്യാതെത്രയൊതുക്കീതാ.
എന്നിട്ടെന്തായി മാളോരേ!
കേരവുമില്ല പീരയുമില്ല
മധുരം കിനിയും ചക്കരയില്ല.
മഴയോ മഴയോ കാണാനില്ല.

Disclaimer: കഴിഞ്ഞ മാസം എഴുതിയതാണ്. ഇപ്പോള്‍ അല്പം മഴയുണ്ട്. അതനുസരിച്ച് വായിക്കുമല്ലോ. :)


2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

സ്നേഹമതില്‍


വൈദ്യുതിക്കാലില്‍
കുറികള്‍;
ഇത്തവണയവധിക്ക്
വീട്ടിലേക്ക് വഴി-
നീളയങ്ങനെ:
സ്നേഹമതില്‍
നിര്‍മ്മിക്കുമത്രേ,
വേണേല്‍ വിളിക്കാന്‍
നമ്പരും ചുവടെ.
നാളേറെയായ്
നാട്ടിലേക്ക്,
ഇതിനിടെ മതിലില്‍
സ്നേഹം പൂത്തതറിഞ്ഞില്ല.