ഈ ബ്ലോഗ് തിരയൂ

2014, ഏപ്രിൽ 20, ഞായറാഴ്‌ച

ഭഞ്ജനം


അവന്‍ ജനിമുതല്‍ അന്ധന്‍,
മരത്തണല്‍പ്പായ
വിരിച്ച വഴിവക്കില്‍
തട്ടിക്കലമ്പുന്ന നാണ്യധ്വനി,
ഭിക്ഷയുടെ പുരുഷായുസ്സ്
ആയുസ്സെന്നതിഭിക്ഷയ്ക്കുമേല്‍.
ഒരുനാള്‍ ദേവന്‍
അവന്‍റെ കണ്‍തൊട്ടു
ദിവ്യാഞ്ജനമെഴുതി;
കണ്ണ് വിടരേ
ദേവന്‍ ചോദിച്ചു:
"നീയെന്ത് കാണ്മൂ?"
"മനുഷ്യരെ, ചലിക്കുന്ന
വൃക്ഷം പോലെ."
"ആയില്ല കാഴ്ച വേണ്ടപോല്‍,"
ദേവന്‍ രണ്ടാമതും തൊട്ടു,
അഞ്ജനമല്ലത്, ഭഞ്ജനം-
കണ്‍കെണിയുടെ ഭഞ്ജനം.
മനുഷ്യന്‍ മരമല്ല;
മരംപോല്‍ തണലില്ല;
വെട്ടുവായില്‍ മലര്‍ന്ന
മരംപോല്‍ അവനെ
കെട്ടിയെടുത്തൂടാ,
മനുഷ്യന്‍ മരമല്ല;
നിന്‍റെ കുരുടറിവുകള്‍
തെളിഭൂവില്‍ വിളങ്ങില്ല.

2014, ഏപ്രിൽ 12, ശനിയാഴ്‌ച

നേദ്യം

മാവ്‌ കായ്ച്ചിട്ടുണ്ട്
അമ്മയീധരയ്ക്കും
പുതുമഴയ്ക്കും
ഇളകി കുളിര്‍പ്പിക്കും
നേര്‍ത്തൊരു കാറ്റിനും
മുത്തും കിളിച്ചുണ്ടിനും
ഇക്കിളിയേറ്റും
അണ്ണാന്‍ കൂട്ടിനും
നല്‍കാതൊന്നുപോലും
നിനക്കേകുമെന്നു
കരുതേണ്ട.

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

ബുള്‍ബുള്‍

എന്നും രാവിലെ
വണ്ടിയുടെ കണ്ണാടിയില്‍
മെയ്യഴകാസ്വദിക്കുന്ന
ബുള്‍ബുള്‍ പക്ഷിയറിയാന്‍.
ആ കണ്ണാടി ഞങ്ങള്‍ക്ക്‌
ഒരു മുന്നറിയിപ്പാണ്,
അകലം പാലിക്കാനൊരോര്‍മ്മ
പിന്നില്‍ കണ്ണില്ലാത്ത
കുറതീര്‍ക്കാനൊരു സൂത്രം.
അതുകൊണ്ട് ഞങ്ങള്‍
അതില്‍ മുഖം നോക്കാറില്ല;
നോക്കാറിലെന്നല്ല
വല്ലപ്പോഴുമോഴിച്ചാല്‍.
നീയിപ്പോള്‍ കണ്ടാകെ
മതിമയങ്ങുന്നത് നിന്നെതന്നെയാണ്
മതിമയങ്ങി പിന്നെയങ്ങ്
മതിമറക്കല്ലേ.
ചില ദൂരങ്ങള്‍
പാലിച്ചുതാനാകണം.