ഈ ബ്ലോഗ് തിരയൂ

2014, ജൂൺ 28, ശനിയാഴ്‌ച

വഴിമാറ്റം


ഒന്നാം വാരം:
ഇവിടൊരു വന്‍മരം
നാലാളുടെ
നെഞ്ചുവിരിപ്പാകത്തില്‍;
അതിന്‍ചോട്ടില്‍
കായും ഇല, പൂവും
പുതച്ച മണ്ണ്‍.

രണ്ടാം വാരം:
മരമവിടെത്തന്നുണ്ട്
അതിന്‍റെ തണല്‍
തേടാതെ പോര്‍വിളി-
കൂട്ടി ഉരുളുവണ്ടിയൊന്ന്‍.
താറുപാകാന്‍,
മരത്തില്‍ തട്ടി-
നില്‍ക്കും താര്‍വഴി.

മൂന്നാം വാരം:
മരമവിടുണ്ടായിരുന്നു
തായ്ത്തടി പലനുറുങ്ങായ്
ചത്തയുടല്‍ അടുക്കിയ
പട്ടട-ശാഖകള്‍.
നിവര്‍ന്നു നീണ്ട താര്‍വഴി-
പ്രവേഗങ്ങളുടെ
തീ പടരും,
ആ തീയില്‍
ആ ചിതയെരിയും.
2014, ജൂൺ 22, ഞായറാഴ്‌ച

നീ-രസം

പടിഞ്ഞാറൂന്ന്‍
എണ്ണക്കളങ്ങളിലെ പുകക്കളി,
അതങ്ങനെ നില്‍ക്കെ
അതിലും പടിഞ്ഞാറൂന്ന്‍
പച്ചക്കളങ്ങളിലെ പന്തുകളി.
ലോകമൊന്നാകണമെന്നാ-
ണെല്ലാവരും പറയുന്നത്,
അതിനാണ് കളങ്ങലെല്ലാം-
യുദ്ധമാകട്ടെ,കളിയാകട്ടെ-
കളങ്ങലെല്ലാം.
ഒരു കളി മുറുകുമ്പോള്‍
മറുത് ഞാന്‍ കാണാതെപോം.
നിന്‍റെ നൊമ്പരത്തീച്ചോട്ടില്‍
തീകായുന്നയെന്നോട് പൊറുക്കണേ.

2014, ജൂൺ 15, ഞായറാഴ്‌ച

തിട്ടം


അവന്‍റെ വാ തോര്‍ന്നില്ല
ഓരോ പ്രസ്‌താവത്തിനൊടുവില്‍
"അല്ലേ?" എന്ന ചോദ്യത്തൊങ്ങല്‍
ചാര്‍ത്തി അവനെന്‍റെ പ്രതിശ്രുതി തേടി.
ഊങ്കാരമോ തലയാട്ടമോ മതി
നിര്‍ത്താതണയുന്നവന്‍റെ
വാഗ്ത്തിരകള്‍ക്ക് തുണയല്ലെങ്കിലും
അത് മതി.
ആര്‍ക്കാണിത്ര തിട്ടം?
അവന്‍റെയുറപ്പുകള്‍ക്ക്
എന്‍റെയുറപ്പെന്തിനു വേണ്ടൂ?
അതോ ആര്‍ക്കുമത്ര
തിട്ടം പോരാഞ്ഞിട്ടോ?

2014, ജൂൺ 1, ഞായറാഴ്‌ച

പാട്ടുകാരി


അവളുടെ സ്വരം
അത്രമേലിഷ്ടം-
തോന്നിയിട്ടാണവളുടെ
ലൈക്ക്‌ പേജില്‍
കയറിയത് ലൈക്കാന്‍.
അവളുടെ പാട്ടൊഴിച്ച്
മറ്റെല്ലാം അഴിച്ച്
അവിടെ വിളമ്പിയിട്ടുണ്ട്.
വേണമെങ്കില്‍
നിങ്ങള്‍ക്കും നോക്കാം.