ഈ ബ്ലോഗ് തിരയൂ

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

കുതിരപ്പച്ച

കുതിരപ്പച്ച
വിളഭംഗി മെരുക്കാത്ത
പച്ചക്കുതിപ്പുണ്ട് ഭൂമിയില്‍.
എത്ര കിള്ളിപ്പറിച്ചാലും
പിന്നെയുമതില്‍ ഉയിര്‍ക്കും
ഓരോ സൂര്യച്ചുംബനത്തിലും
മഴനനയിലും ആയിരമുയിര്‍കള്‍.
കളയും വിളയും പിരിക്കാതൊരു
ഭൂമിയുടെ സ്വതഭാവം.

2013, ഡിസംബർ 15, ഞായറാഴ്‌ച

ചില കഴുകന്മാര്‍

ചില കഴുകന്മാര്‍

അവന്‍ ഒരു കഴുകനായിരിക്കണം
ഒരു നോട്ടത്തിലെന്‍റെ ബലക്കേട് കാണാന്‍,
ഒരായിരം പൊയ്‌വാക്കൊഴുക്കി
അതിലാഞ്ഞാഞ്ഞ് കൊത്താന്‍.
നുണക്കഥയുടെ നല്ലൊഴുക്കോര്‍ക്കുമ്പോള്‍
അവന്‍ ആയിരമിരകണ്ട തഴക്കമുണ്ടതില്‍.
പൊളിപെയ്തൊഴിഞ്ഞ വായി-
ലെന്നെ കൊരുക്കുമ്പോള്‍
ചിറകുണരാത്ത കൂടുതിര്‍ക്കും
പശിപ്പോര്‍വിളി അവന്‍റെ
ചെവിപിളര്‍ക്കുന്നതുമാകാം.

2013, ഡിസംബർ 8, ഞായറാഴ്‌ച

ബുദ്ധഛിദ്രം

ബുദ്ധഛിദ്രം
എന്‍റെ തേര്‍ എത്രനാള്‍
ഈവഴി കണ്ടു:
കെടുതിയും നര,ദീനവും
പടുഭൂമിയില്‍ തീയെയൂട്ടുന്ന
എല്ലിന്‍ കൊള്ളിയും,
ശാക്യനല്ല, മുനിയല്ല ഞാന്‍
തേര്‍വെടിഞ്ഞീ ചുടുഭൂവില്‍
യുദ്ധാന്തമൊരു ബുദ്ധതരു പൂകാന്‍.
ഒരു വടിയൂന്നി എല്ലുന്തി,
ഇരന്നു ഞാന്‍ തീക്ഷ്ണമൊരു
മൃതഗന്ധമായ്‌ ഒരിക്കല്‍
നിന്‍റെ തേര്‍ത്താരെ
അരയാല്‍ത്തണല്‍ തേടും.
ഞാനോ ബുദ്ധനായില്ല നീയും;
നമുക്കിനിയാര്യസത്യങ്ങളുടെ
പെരുക്കപ്പട്ടിക ചൊല്ലാം,
നാലുംകടന്നഞ്ചുംകടന്നങ്ങനെ.

2013, ഡിസംബർ 3, ചൊവ്വാഴ്ച

ആപേക്ഷികസാന്ദ്രത

ആപേക്ഷികസാന്ദ്രത

രക്തം വെള്ളത്തേക്കാള്‍
കട്ടിയായിരുന്നില്ലേ?

ഒരുകവിള്‍ ഘനജലപ്പരപ്പില്‍
നാവുഴറുമ്പോള്‍
ജലരുചിമാത്രകള്‍
ലോഹം മണക്കുന്നു.

ചോര: തളംകെട്ടാവിധം
നേറ്‍ത്തുപോയൊരു ചെങ്കുറി;
ഒടുനിശ്വാസത്തിലൊരു
നീര്‍മണിയുതിര്‍ക്കേണ്ടും
കൈകള്‍ ചോരപുതച്ച്‌
തൊട്ടതൊക്കെ ചുവപ്പിച്ച്‌
ഉമ്മറം കടന്നുപോം.
രുധിരോത്സവങ്ങളുടെ
കുടുംബപുരാണങ്ങളില്‍
ആരും കൊല്ലപ്പെടുന്നതല്ല,
മരണം പതിവുതെറ്റിച്ച്‌
മുന്‍വാതില്‍ കയറിവരുന്നതും
പിന്‍വാതിലില്‍ നട്ട നമ്മുടെ കണ്ണുകള്‍
അതു കാണാത്തതുമാണ്‌.

ജലനിണങ്ങളുടെ
തീവ്രമാം പുതുവര്‍ഥത്തില്‍
രക്തമിനിയും വെള്ളത്തേക്കാള്‍ കട്ടിയുള്ളതോ?