ഈ ബ്ലോഗ് തിരയൂ

2012, ജൂലൈ 29, ഞായറാഴ്‌ച

സ്ഥലനാമിക

സ്ഥലനാമിക
ഒരു നാടിന്‍ പേര്‌
ഓര്‍മ്മയിഴകള്‍ മുറിയാതെ
പിറകൊണ്ടു പുലരുന്നു,
വിദൂരകാലത്തൂന്ന്‌ തൊടുന്നെന്നെ.
ദേവചരിതമോ,വീരേതിഹാസമോ,
ഭൂവിശേഷമോ,കരിങ്കഥനമോ,
സര്‍ക്കാര്‍വക പോലുമോ
സ്ഥലനാമമൊന്നു ചാര്‍ത്താം.
പ്രതീതസൌഹൃദങ്ങളീക്കാലത്ത്‌
വാഴ്‌വിടങ്ങളെ അപ്രസക്തമാക്കുന്നു.
ശരീരദാഹങ്ങള്‍ക്കൊഴിച്ചാല്‍
സ്പര്‍ശ്യസാമീപ്യം വേണ്ടയൊട്ടും.
അങ്ങനെ സ്ഥലനാമങ്ങള്‍
പുതിയൊരു നിര്‍മ്മിതി തേടുന്നു.
നാടിന്‍ പേരുചേര്‍ത്ത്‌
ചതഞ്ഞരഞ്ഞ പെണ്ണിതളുകളെ
വിളിക്കാനതാണ്‌ വ്യാകരണം.
അങ്ങനെ കുറിക്കുമ്പോള്‍, ആ നാട്‌
വീടു,മവളുടെ കളിത്തട്ടുകളും
മധുരവായുവും,കിന്നരിക്കും തൊടിയും
ചേര്‍ത്തല്ല നാമറിയുന്നത്‌;
അവളെന്നൊരുടല്‍ ഭോഗബലിക്കായ്‌
ആദ്യമായ്‌ വലിച്ചിറക്കപ്പെട്ടയിടമെന്നാണ്‌.

jayant 29.07.12,thumpoly