പേജുകള്‍‌

2021, മേയ് 23, ഞായറാഴ്‌ച

ആധിയും വ്യാധിയും മോദവും


ഈ വ്യാധി തുടങ്ങിയ കാലം മുതൽ
അയാൾ ആധി അകറ്റാൻ, പ്രാസത്തില്‍
കവിതകൾ ചൊല്ലുമായിരുന്നു.
പലതും നാം തീ കൊളുത്തിയും
തകരം കൊട്ടിയും ഏറ്റുപാടി.
ചില്ലിട്ട ശാലകളിൽ പാർപ്പുറപ്പിച്ചയാൾ
ചേലിട്ട ശീലുകൾ പറഞ്ഞുറപ്പിച്ചു.
🔸
മൊഴിമാറ്റം വഴക്കാത്ത
ചേലുണ്ടതിൽ.
ചുണ്ടുകൾ ഇടറുന്ന
കടുനോവുണ്ട്.
തുള്ളിക്കൊരു കുടം
പാകം കണ്ണീരതിൽ.
🔹
ഇങ്ങനെ മൂന്ന്
ഒറ്റവരിക്കവിതകൾ 
വായിക്കട്ടെ ഞാൻ.
നാടറിയണം, ഹിന്ദി പേശാത്ത
നാടറിയണം, ഈ കവിമഹിമ.
ഈ നാടിന്റെ ജ്ഞാനവൃദ്ധനെ.
🔸
കവിത ഒന്ന്:
2020 അന്ത്യം.

"ജബ് തക് ദവായ് നഹി
തബ് തക് ഢിലയ് നഹി"
(മരുന്നെത്തും വരെ
അശ്രദ്ധ പാടില്ല.)

ചില അശ്രദ്ധകൾ
നമുക്ക് ശ്രദ്ധിക്കാതിരിക്കാമല്ലേ!
മരുന്നെത്തിയില്ലേലും.
🔹
കവിത രണ്ട്:
2021 ആദ്യം.

"ദവായ് ഭീ ഔർ കഡായ് ഭീ"
(മരുന്നും വേണം സൂക്ഷവും)

ഹിന്ദി പേശാത്തവർ ഫോൺ-
തലയ്ക്കൽ കേട്ട
"ദി വൈബി ഓർ ക്ളൈബി".

ആരും പേടിക്കേണ്ട
മരുന്ന് എത്തിയിട്ടുണ്ട്,
ഇനി സൂക്ഷിച്ചാൽ മതി.
🔸
കവിത മൂന്ന്:
2021 മദ്ധ്യം

"യഹാം ബീമാർ വഹാം ഉപചാർ"
(രോഗമുള്ളിടത്ത് പരിചരണം)

പടികടന്നെത്തുന്ന പരിചരണം.
അയാളുടെ സുഖമൊഴികൾ 
രോഗിക്ക് ചാരെയുണ്ട്: ഉപചാർ.
🔹
ചാരെയുമില്ല, ഉപചാരവുമില്ല.
ആരും പടിയിറങ്ങുന്നുമില്ല.
ഇനിയും പടിയിറങ്ങിയവർക്ക്
അന്ത്യമൊരുപചാരം പോലുമില്ല.
വട്ടിക്കണക്കിൽ തീവെട്ടിക്കാലത്തിൽ
ഒരു വട്ടി ചാരമായ് അവർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ