ഈ ബ്ലോഗ് തിരയൂ

2012, ജൂലൈ 26, വ്യാഴാഴ്‌ച

വീട്ടകത്തെ തൂവച്ചെടികള്‍

വീട്ടകത്തെ തൂവച്ചെടികള്‍1
ആദിനരന്‍ കൈനീട്ടിത്തന്നയാ പച്ചില
കാലവീഥിയ്ക്കിടെ നിന്നൊരാള്‍ വാങ്ങി-
യടക്കി പുസ്തകത്താളിടുക്കില്‍.
പിന്നെയിന്നലെയത്‌ നീര്‍ത്തിനോക്കുമ്പോള്‍
പഴന്താളില്‍ പച്ചപ്പമര്‍ന്നിട്ടും,
ഇലയുണ്ടതില്‍ അന്യോന്യബന്ധത്തിന്‍
പടര്‍പ്പായ്‌, ഞരമ്പോട്ടമായ്‌.
(I)
മന്ത്രകോടിയില്‍ സ്വപ്നങ്ങള്‍ പൊതിഞ്ഞ്‌
അവള്‍ പടികടന്നകത്തേറി
ആ ചേലയുടുത്താണൊടുക്കം മടങ്ങാത്ത
പടിയിറക്കമെന്നുമവളന്നു പറഞ്ഞു. 2
കാലാന്തരേ, മുടങ്ങിയ സ്വപ്നങ്ങളെ
തഴുകുമ്പോള്‍,ദ്രവിച്ച പട്ടിന്‍പൊടി
കയ്യില്‍ പുരളുന്നതവല്‍ കണ്ടുനിന്നു.
(II)
നീര്‍വറ്റിയുണങ്ങി വിണ്ടു-
കീറിയ കണ്‍തലങ്ങളെ
വിയര്‍പ്പിന്‍ കുതിപ്പ്‌ നീറ്റുന്നു;
ധൂമപടലങ്ങളിലവന്‍ പരതുന്നു-
"എന്‍ കിടാങ്ങളെ കൈതെറ്റിക്കൊടുക്കവയ്യ"
എന്നിട്ടും, വിരലടര്‍ത്തിയവരകലുമ്പോള്‍
അവന്‍ തണ്റ്റെ പിഴകളെണ്ണിത്തുടങ്ങുന്നു.
(III)
ഒരു കുഞ്ഞിന്‍ ചിരിയിലും
കാമം ഗ്രഹിക്കുന്ന പുതുഭാഷയുണ്ടിവിടം.
അതും മൊഴിഞ്ഞീ പെണ്ണാളെ
തൊലിയോളമുരിക്കുമ്പോളാ
വിങ്ങലില്‍ തിളങ്ങുമൊരു മറുഭാഷ:
"തൊലിക്കീഴെ, ഞാന്‍ ഇരയും
നീ വേടനുമാകും വേര്‍തിരിവില്ല. "
(IV)
നാള്‍വഴിപുസ്തകക്കെട്ടിന്‍-
മേലുറങ്ങിയ കണ്ണട
കാറ്റിളക്കത്തില്‍ തെറിച്ചുടഞ്ഞു;
മറിയുന്ന പുറങ്ങളില്‍
അക്ഷരംതാങ്ങി വരകള്‍
ആകെ കനത്തു ചുവന്നു,
ചെയ്തിട്ട തെറ്റിനെ കുറിച്ചു.

1.തൂവച്ചെടി: ചൊറിയാണം എന്ന ചെടി
2.മന്ത്രകോടി:ദാമ്പത്യബന്ധത്തിണ്റ്റെ അടയാളമായി നല്‍കപ്പെടുന്ന ഒരു പട്ടുചേല.മൃതസംസ്കാരസമയത്ത്‌ തങ്ങളെ പുതപ്പിക്കാനായ്‌ ചില ക്രിസ്ത്യാനിപ്പെണ്ണുങ്ങളെങ്കിലും ഇതു സൂക്ഷിച്ചുവയ്ക്കുന്നു.

jayant 2011,marygiri