പേജുകള്‍‌

2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

ഉത്രാടം വന്നു ഓണവും

ഉത്രാടം പാഞ്ഞുപോയ്
ഓണം ആണ്ടുപോയ്
പിന്നെയും ബാക്കിയായ്
നാമിരുവർ, ഒരിലയിലും
ഒതുങ്ങാതെ, പലരുചികൾ
മാറിപ്പഠിക്കുന്നു.

സു-ഓണം!!!

2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

പ്രസാദം <പരിഭാഷ>

പ്രസാദം
കുട്ടിക്കാലത്ത്‌ ഒരു പക്കിയെപ്പോലും
ചിറക്‌ കിള്ളിയോ,
പൂച്ചവാലില്‍ തകരമുടക്കിയോ,
വണ്ടുകളെ തീപ്പെട്ടിയടച്ചോ
ചിതല്‍പുറ്റിടിച്ചോ
അവന്‍ രസിച്ചിട്ടില്ല.
അവന്‍ വളര്‍ന്നു, അന്ന്
ഇതെല്ലാം അവനോട്‌ ചെയ്യപ്പെട്ടു.
അവന്‍ മരിക്കുമ്പോള്‍
കിടക്കയരിക്‌ ഞാനിരുന്നു;
അവന്‍ പറഞ്ഞു: എനിക്കൊരു
കവിത ചൊല്ലി തരിക,
കടലും സൂര്യനും,
അണുയന്ത്രങ്ങളും
ഉപഗ്രഹങ്ങളും
മനുഷ്യപ്പെരുമയും
ഇതള്‍വിരിയുന്നൊരു കവിത.




നസീം ഹിക്മെത്‌  
Nazim Hikmet

Optimistic Man

2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ഹൃദയാഘാതം <പരിഭാഷ>

ഹൃദയാഘാതം

എണ്റ്റെ പാതിഹൃദയമിവിടെങ്കില്‍,
ഡോക്ടര്‍, മറുപാതി ചീനയില്‍
പീതനദി പൂകും
സൈന്യപ്രവാഹത്തില്‍.
ഒരോ പ്രഭാതത്തിലും, ഡോക്ടര്‍,
ഒരോ സൂര്യോദയത്തിലുമത്‌
ഗ്രീസില്‍ വെടിയേറ്റുപിടയുന്നു.
ഒരോ ഇരവിലും,ഡോക്ടര്‍,
തടവാളികള്‍ ഉറങ്ങുന്നിരവില്‍,
രോഗക്കിടക്കകള്‍ ഒഴിയുമിരവില്‍,
ഇസ്താംബൂളിലെ തകര്‍ന്നടിഞ്ഞൊരു
പുരയില്‍ അതു ചെന്നുനില്‍ക്കും.
ഇനി, പത്താണ്ട്‌ കഴിഞ്ഞിട്ടും
എണ്റ്റെ ജനനത്തിന്‌ നല്‍കാനാകെ-
യുള്ളതീക്കയ്യിലെ ആപ്പിള്‍ മാത്രം,
ഡോക്ടര്‍! ഒരു ചുവന്ന ആപ്പിള്‍:
എണ്റ്റെ ഹൃദയം;
അതാണ്‌,ഡോക്ടര്‍, എണ്റ്റെ
നെഞ്ചുനോവാന്‍.
അല്ലാതെ നിക്കോട്ടിനല്ല,
തടവല്ല,ധമനിവീക്കമല്ല.
രാത്രി ഞാന്‍ കമ്പിയഴിക്കപ്പുറം
നോക്കിക്കാണുന്നു,
നെഞ്ചില്‍ കനമമര്‍ന്നിട്ടും
ദൂരെ ചിമ്മുന്ന താരങ്ങ-
ളൊപ്പമെന്‍ ഹൃദയം തുടിക്കുന്നു.


നസീം ഹിക്മെത്‌  
Nazim Hikmet

Angina Pectoris