ഈ ബ്ലോഗ് തിരയൂ

2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ദുര്‍യോഗനിദ്ര
ദുര്‍യോഗനിദ്ര
സത്നാം,നിണ്റ്റെ പേര്‌
വ്യാകരിക്കാന്‍ അറിവില്ലെനിക്ക്‌,
എങ്കിലും സല്‍പ്പേരെന്നൊരു
ധ്വനിയതിലുണ്ടെന്ന്‌ നിനക്കട്ടെ.

ചിത്തവൃത്തിനിരോധം യോഗ-

മെന്നു പതഞ്ജലീപദം;

ചിത്തമില്ലാത്തതോ,വൃത്തിയില്ലാത്തതോ-

ഏതാണ്‌ നിന്‍ ദുര്യോഗം?

ഗയ-ബോധിവൃക്ഷങ്ങളുടെ
ഊയല്‍ വേരിലാടിയ
നരഗരിമയുടെ നിര്‍വേദസ്മൃതി
മീമാംസകളുടെ ചിറയില്‍ തച്ചുടയുന്നു.

ഗയ-നിണ്റ്റെ നാടെന്ന്‌

പത്രത്താള്‍ പറയുന്നത്‌,

ഊരുവിലക്കില്‍ ആര്യസത്യങ്ങള്‍

പിന്നിട്ടുപോയൊരു നാട്‌.

ജടയും ജാടയും യോഗസിദ്ധം;
മറുത്തവ ക്ഷൌരം ചെയ്യും
അച്ചടക്കത്തിന്‍ മൊത്തവാണിഭ-
മേല്‍ക്കും കുലശ്രേഷ്ഠര്‍.

കുഴകള്‍ തിരിച്ച്‌ അവര്‍ നിന്നെ

ചിരിപ്പാവകളിലൊന്നായ്‌ നിരത്തും.

വികടകാലത്തിന്‍ ലാസ്യത്തില്‍

വിടച്ചിരി ചിരിക്കാനൊരുക്കും.

കുതറിയാല്‍ അവര്‍ നിന്നെ
മുഴക്കോല്‍ ചേര്‍ത്തുടയ്ക്കും;
ഊമയടികളില്‍ കുഴഞ്ഞ്‌
വെള്ളത്തിനായ്‌ നീയിഴയും.

കണ്ണീര്‍ത്തുമ്പ്‌ തേടി പ്രിയരെത്തുമ്പോള്‍

കുറഞ്ഞത്‌ മൂന്നു കാരണങ്ങളെങ്കിലും

നിന്നെ മരിപ്പിച്ചിരിക്കാമെന്നവര്‍ പറയും,

ആര്‍ക്കുമറിയാത്ത മൂന്നു കാരണങ്ങള്‍.

നിയമമറിയാതൊരു കൊല,
കഥമെനയാനൊരു പ്രേതഗണിതം,
കഥപാടാന്‍ നാവായിരം.
സത്നാം, ഞാനിരക്കുന്നൊരു മാപ്പ്‌.

Satnam Singh Mann was killed on 05.08.12. read the following links for further details