ഈ ബ്ലോഗ് തിരയൂ

2013, മാർച്ച് 25, തിങ്കളാഴ്‌ച

ഇന്നലെ മഴപെയ്തിരുന്നോ?

ഇന്നലെ മഴപെയ്തിരുന്നോ?

ഒരു രാക്കാറ്റ്‌, ഉറക്കറയുടെ
മുന്നില്‍ കിതച്ചു മുട്ടി.
ആ രാക്കാറ്റ്‌ ഉറക്കത്തിലേക്ക്‌
ഞാനിടറും മുന്‍പ്‌ തഴുകാന്‍,
വിഹിതമല്ലാത്തൊരാശ മന്ത്രിച്ച്‌
അറവാതില്‍ തുറന്നെന്നെ തഴുകാന്‍,
പ്രണയാതുരമൊരു പൂപ്പാല-
യിറ്റിച്ച പൂവട്ട പേറി;
രാവ്‌,നിര്‍ജ്ജനം,യക്ഷം-
കിതപ്പേറ്റുവാങ്ങി വാതിലടച്ച്‌ ഞാന്‍
കോസടിക്കിടങ്ങിലേക്കൂളിയിട്ടു;
തഴുതിളക്കാതെ രാക്കാറ്റ്‌.
മച്ചില്‍ കടകടപ്പങ്ക,ഞാനറിയുന്നു
കള്ളക്കാറ്റിന്‍ അകക്കളിപ്പാച്ചില്‍.
രാക്കാറ്റിന്‍ പുറംകളികള്‍,
ആര്‍ത്തഭൂവിലൂന്നി മഴയുടെ ജലപാദം,
തമുക്കടിച്ച്‌ മിന്നല്‍ക്കയ്യിണ,
അടവാതിലിനപ്പുറം ഞാനറിയാതിവ.
പുറമേന്ന്‌ എന്നിടം വരും
കറണ്ട്‌ നിലച്ചേറെനേരമായത്‌
പശിമയുള്ള വിയര്‍പ്പടരായ്‌ ഞാനറിഞ്ഞ്‌
ഈര്‍ഷ്യയോട്‌ വശം മാറി കിടന്നത്‌.
കൂരമേലിഴഞ്ഞ്‌ മഴവാലിന്‍
ഓവുപാട്ടു കേട്ടുണര്‍ച്ച.
"ഇന്നലെ മഴപെയ്തിരുന്നോ?"
"ഉവ്വോ!ഇടിയും വെട്ടിയോ!"
ആ ചോദ്യം പിടിക്കാഞ്ഞിട്ടെന്തോ
പിറ്റേന്ന്‌ അത്താഴപ്പടിക്കലെത്തി
രാക്കാറ്റ്‌ ജനലിളക്കി കലമ്പി
പെരുന്തുടി കൊട്ടി, കുതിച്ചാടിപ്പോയി.