ഈ ബ്ലോഗ് തിരയൂ

2013, മാർച്ച് 17, ഞായറാഴ്‌ച

ഫെബ്രുവരി 1

ഫെബ്രുവരി 1

നാളെ നീര്‍ത്തടസ്മരണയിന്‍
ആഗോളദിനം; സ്മരണ
മാത്രമാകാതെ നീര്‍ത്തടങ്ങള്‍
പാലിക്കേണമെന്നൊര്‍മ്മിച്ച്‌.

നീര്‍ത്തടങ്ങള്‍ക്കൊരു കാവലാള്‍
ഉണ്ടായിരുന്നെങ്കില്‍, പേടിച്ച്‌
നാമവയെ അലട്ടാതെ വയ്ക്കുമായിരുന്നു.
എന്നിട്ടും ലംഘിക്കണമെന്നു
തോന്നിയാല്‍ പിന്നില്‍നിന്നു
കുത്തിമറിച്ച്‌ കാവല്‍ക്കണ്ണുക-
ളടച്ച്‌ നമുക്ക്‌ വഴിതേടാമായിരുന്നു.

ഉദാഹരണം പറയട്ടെ. മുതല,ജലഗാത്രത്തിന്‍ കൊമ്പല്ല്,
ജലപടങ്ങളുടെ ഒളികണ്ണ്‍,
വാരിജമെന്ന ഭംഗിപ്പേരില്ലെങ്കിലും
നീരില്‍ പിറന്നവന്‍,
തടങ്ങളിലെ ഉഭയജീവന്‍,
നിര്‍ന്നിമേഷമാം ഉരഗപര്‍വ്വം;
ജീവനാങ്കങ്ങളുടെ ജലമുഖ-
ങ്ങളില്‍ സന്തത നരാരി.
തുറയ്ക്കു വച്ച തുറവായില്‍ റാഞ്ചി
കുലുക്കഴിച്ച ശവങ്ങള്‍ മൂന്നിട
ഉയര്‍ത്തിക്കാട്ടി ജനകഥകളില്‍
ഭീഷണമാം കാവലാള്‍.

നദീലംഘനങ്ങളുടെ ചിരവരവില്‍
അവശ്യമാവശ്യം നക്രവധം.
വെടി,വെള്ളിടി,കൂടോത്രപ്പൊതി-
പ്രതിയോഗത്തിന്‍ മനുഷ്യാര്‍ഥങ്ങള്‍.
പൊയ്ക-മനുഷ്യനു ജലവഴി,
പൊയ്ക-നക്രനിവാസം,
നരന്‍ നക്രവേധം,നക്രം നരവേധം-
അശാന്തിയുടെ ത്രികോണമിതി.

മുതലകള്‍ കളങ്ങളില്‍ വലരുന്നു,
കൊയ്ത്തൊടുവില്‍ ചര്‍മ്മമായ്‌ മാംസമായ്‌.
മുതലകളില്ലാത്ത സരസ്സുകളില്‍
മണലൂറ്റി, വലനീട്ടി നാം പുലരുന്നു;
കരയെടുത്ത നദിതട്ടുകള്‍
പാറാവ്‌ വേണ്ടാതെ തുടരും.

മരണത്തിണ്റ്റെ സന്നികര്‍ഷം
മുതലവായിലൊളിക്കാതെ
മറുവഴിതാണ്ടിയെത്തും
ഫെബ്രുവരിത്തുറപ്പിന്ന്,ഇന്നുമെന്നും.