ഈ ബ്ലോഗ് തിരയൂ

2013, മാർച്ച് 13, ബുധനാഴ്‌ച

മാമ്പൂമരണങ്ങള്‍

മാമ്പൂമരണങ്ങള്‍

കഴിഞ്ഞിരവിലെ മഴച്ചാറ്റില്‍
കണ്ണിമാങ്ങകള്‍ മഴനൂലില്‍ കൊരുത്തിറങ്ങി.
ഒളിയണഞ്ഞ മരതകചാര്‍ത്തായവ
മഴനീര്‍ തെളിച്ച മണ്‍പുറത്ത്‌.
കാറ്റില്‍പ്പിണഞ്ഞ്‌ മരിക്കുമസംഖ്യം
മാമ്പൂക്കളിലൊന്നാകതവ വളര്‍ന്നപ്പോള്‍
തുടുത്ത മാങ്കനിയോളവും
വളര്‍ന്നേക്കുമെന്നു വെറുതൊരാശ.
മക്കളെക്കണ്ടോ, മാമ്പൂകണ്ടോ
ഞാന്‍ കൊതിച്ചതല്ല;
മറ്റേതു മുന്‍വിധി പോലെയിതും
ജീവാശകളുടെ ചൂതാട്ടം.
മാമ്പൂമരണങ്ങളുടെ നാട്‌,
ചുഴലികളൊളിപ്പിച്ച കാറ്റനക്കം,
മുറതെറ്റിയ മഴപ്പേടിക്കാറുകള്‍,
വര്‍ഷനാദത്തില്‍ അഴിഞ്ഞാടി
മാമ്പൂവിന്‍ മിന്നാരപ്പൊലി, അഥവാ
മാവിന്‍ കണക്കെഴുത്തില്‍
ആയിരം തലമുറകളുടെ പടിയിറക്കം.