പേജുകള്‍‌

2013 ജനുവരി 31, വ്യാഴാഴ്‌ച

സിസെരായുടെ അമ്മ

സിസെരായുടെ അമ്മ
സിസെരാ,
കല്ലിച്ച യൂദക്കണ്ണുകളില്‍
ഒടുക്കദൃശ്യമായ്‌ പടര്‍ന്നവന്‍.
ഇരുപതാണ്ടിന്‍ അടര്‍-
ക്കലി തീര്‍ത്ത രക്തത്തടങ്ങളില്‍
ഉയിര്‍ച്ചേതങ്ങളുടെ കണക്കലട്ടാതെ
ഇളംചോര തേടിയ മരണവ്യാപ്തി.
ഇരപക്ഷ കഥയാണിത്‌.
മറുപക്ഷകഥകളിലവന്‍ യുദ്ധവീരന്‍.
തേരറിഞ്ഞ്‌, നേരറിഞ്ഞ്‌
കാനായസീമകള്‍ നീട്ടിപ്പടച്ചവന്‍.
കനപെട്ട അടിമവാഞ്ഛകള്‍
ഊതിക്കാച്ചിയൊരു കൂടാരക്കുറ്റി
ഒരു യൂദപ്പെണ്ണിന്‍ തളിര്‍ക്കയ്യേറി
ചെന്നി തുളയ്ക്കുമ്പോള്‍,
ഇല്ലം കാണാതവനൊടുങ്ങുമ്പോള്‍,
മദ്യാലസ്യം വിട്ടുണര്‍ന്നിരുന്നില്ല.
സിസെരായുടെ അമ്മ,
വളര്‍ത്തുദോഷങ്ങളുടെ ഒഴുക്കുചാല്‍.
വീടണയാന്‍ വൈകും മകനായ്‌
ജാലകവഴിയേ കണ്‍കോര്‍ത്തവള്‍.
കൊള്ളമുതലും അടിയാട്ടികളും
വീതിക്കാനാകും വിളംബമെന്നുറച്ച്‌,
തന്നെ പൊന്നില്‍ കുളിപ്പിക്കാന്‍
മകന്‍ വരിലെന്നറിഞ്ഞൊടുക്കം,
ജൂതപഴങ്കഥ ചൊല്ലുംപോല്‍,
നൂറ്റൊന്നാവര്‍ത്തി കരഞ്ഞവള്‍-
പുത്രവിയോഗന്യായത്തിലൊന്ന്‌,പിന്നെ
നഷ്ടങ്ങളോര്‍ത്ത്‌ ദുരചുരത്തിയ നൂറും.
ഇന്നും ജൂതതഴക്കങ്ങളില്‍ ആണ്ടുപിറയ്ക്ക്‌
നൂറ്‌ കുഴല്‍വിളിച്ച്‌ മാതൃ-
മാതൃകകളില്‍ ക്ഷതമേല്‍പ്പിച്ചയീ
പിറവിപ്പിഴകളോര്‍ക്കുന്നു.
സിസെരായും അമ്മയും,
ചരിത്രമുനകളില്‍ തറഞ്ഞുപോയവര്‍;
ഇനിയുമെത്ര മുനകള്‍ നീണ്ട്‌...
കുടുങ്ങാനിനിയുമെത്ര...
*ബൈബിളിലെ ന്യായാധിപന്‍മാരുടെ പുസ്തകം അദ്ധ്യായം 4 സിസെരാ എന്ന കാനാന്യ യുദ്ധപ്രഭുവിണ്റ്റെ ചിത്രം നല്‍കുന്നു...further reading
Wiki on Sisera,Wiki om Sisera's Mother,

2013 ജനുവരി 28, തിങ്കളാഴ്‌ച

ചര്‍വണപ്പശ

ചര്‍വണപ്പശ
ചവച്ചുതളര്‍ന്ന് നീയിട്ടുപോയ
ഒരു പശത്തുണ്ട്‌ നിലംപറ്റി-
ക്കിടന്നത്‌ ഒരു കെണിപോല-
ല്ലോ എന്നെ കുടുക്കുന്നു.
ചീമണം പരത്താതെ,
നിനക്കാഞ്ഞൊരിടം പൂകി
എന്നെ മുന്നറിയിക്കാതല്ലോ
സ്വയം പകുത്താ,ത്തുണ്ട്‌
പാതിയെന്നിലും പാതി നിലത്തുമായ്‌
നേര്‍ത്തിഴകള്‍ വലിച്ചെന്നെ തൊടുന്നു.
നിന്‍ ജഠരാഗ്നിയില്‍ ജ്വലിക്കേണ്ടു-
മെന്തോ വേവാതെയുണ്ടതില്‍,
വായ്ക്കകം തന്നെ പ്രയാണം
തീര്‍ന്നതിന്‍ വിങ്ങലും.

jayant seppa2thumpoly 9.1.13

2013 ജനുവരി 26, ശനിയാഴ്‌ച

ശീര്‍ഷനിവാരണം

ശീര്‍ഷനിവാരണം
എണ്റ്റെ തലയറുത്തപ്പോള്‍
കൊല നീയുദ്ദ്യേശിച്ചിരിക്കില്ല്ള
മരണം അനിവാര്യസിദ്ധിയായി
വന്നതാകാം.
കണ്ണുകള്‍-കനല്‍ക്കരയായ്‌ നിന്‍
കടല്‍ക്കുളിര്‍ കെടുത്തുന്നയെന്‍ കണ്ണുകള്‍.
രസമൊഴികളുടെ മധുഭാരം,
ചുംബനങ്ങളുടെ പ്രേമോഷ്ണം-
ചരിതങ്ങളില്‍ സമ്പുഷ്ടമെങ്കിലുമെന്‍
ചുണ്ടുകളിന്ന്‌ ചവര്‍ക്കുമൊരു കീറത്തലം.
എന്നുള്ളം തുറക്കാമൊരു ചാവിയാക്കാതെ
നിന്‍വാക്കിനെ ചെവിത്തോണ്ടിയാക്കും
എന്‍ കാതുകളുടെ പാടവം.
ഗുപ്തം ചികയുന്നൊരു മൂക്ക്‌,
തീത്തറയായൊരു നാക്ക്‌;
ഇത്രയും വിലക്ഷണങ്ങള്‍
സംഗമിച്ചെന്‍ തല.
അങ്ങനെ വന്നതാകാം.

jayant,seppa 10.10.12

2013 ജനുവരി 23, ബുധനാഴ്‌ച

കലാപലാഭങ്ങള്‍

കലാപലാഭങ്ങള്‍

നിറയൊഴിഞ്ഞിട്ടും
തിരയൊഴിയാത്തൊരു
കടലളവില്‍ എന്നില്‍
വന്നും പോയുമിരിക്കുന്നു-
നിരവിട്ട്‌ മലച്ച
വെടിച്ചീള്‌ കുറിച്ച
കപാലസ്മൃതികള്‍;
അതിലൊന്നെന്നമ്മ,
പിന്നെയഛന്‍,പിന്നെ
അടുത്തോരുമറിവോരും.
ശേഷക്രിയകളുടെ ആണ്ടുവരവില്‍
ഒരൊറ്റത്തീയതിയില്‍
ഓര്‍മ്മകളൊതുക്കാം;
എമ്പാടും ചിതറിക്കാതെ
രക്തസ്മരണകളെ
കനപ്പെടുത്തിത്തന്ന
കലാപങ്ങളേ,പെരുങ്കൊലകളേ
നിങ്ങള്‍ക്കു നന്ദി.

2013 ജനുവരി 20, ഞായറാഴ്‌ച

പ്രേ,മരം,ഗം

പ്രേ,മരം,ഗം
ഒരുകാലത്ത്‌ പ്രണയം
മരംചുറ്റിക്കഴിഞ്ഞിരുന്നു.
പൂമഴയും പൂമെത്തയും
ഒരുക്കിലും അരുതായ്മകള്‍
വിലക്കി പ്രണയത്തിണ്റ്റെ
മാംസചാര്‍ച്ചകളെ മരം മെരുക്കി.
പ്രേമസാഫല്യം കാല്‍പനികമായ
മരംമുറിക്കലായിരുന്നു-
തമ്മില്‍ താങ്ങായും തണലായും
ഭവിക്കാം എന്നുറപ്പിന്‍മേല്‍.
ഇന്നത്തെ പ്രണയപാഠങ്ങളില്‍
മരത്തിണ്റ്റെ നിഴല്‍വീഴ്ചയില്ല.
അതാകാം എനിക്കുണ്ടായിരുന്ന
പ്രണയത്തെ, മധുരോര്‍മ്മകളെ
ഇളമയുടെ ചാപല്യമെന്നു
വിളിച്ചു ഞാനെറിയുന്നത്‌;
പഴയ പ്രേമരംഗങ്ങളില്‍
കമിതാക്കള്‍ മരക്കീഴിലും
പുല്‍പ്പുറത്തും വലംവയ്ക്കുന്നത്‌
പരിഹാസത്തോടളക്കുന്നതും.

jayant,seppa 19.10.12

2013 ജനുവരി 18, വെള്ളിയാഴ്‌ച

മംഗോള്‍രാഗങ്ങള്‍

മംഗോള്‍രാഗങ്ങള്‍
ഇറുകിയ കണ്ണിടത്തില്‍
നിതാന്ത ധ്യാനമുദ്ര,
കടംകൊണ്ടു നേറ്‍ത്ത്‌
മറയുന്ന തനിമകള്‍,
രസഭേദങ്ങള്‍ പകര്‍ത്താതെ
രാഗങ്ങളില്‍ നാദക്ളിഷ്ടം,
മുളങ്കുഴലൂന്നി ഇടയഗീതങ്ങള്‍,
മന്ത്രക്കൊടിയുടെ താളത്തല്ലില്‍
സംഘജപങ്ങളുടെ മൂളക്കം,
വാക്കിന്‍ തുറകളടച്ച്‌
ഞെരുങ്ങും അനുനാസികങ്ങള്‍,
പോറ്‍ത്തിളക്കത്തിന്‍ തീനോട്ടം.
അയയാന്‍ മടിക്കുമൊരു
ഏകാന്തതന്തുവില്‍
കാലം കലരാത്ത മംഗോള്‍രാഗം.

seppa,arunachal 28.08.12,uthraadam

2013 ജനുവരി 16, ബുധനാഴ്‌ച

മാട്രിമോനും മാട്രിമോളും

മാട്രിമോനും മാട്രിമോളും

കെട്ടിച്ചയക്കാന്‍ പടച്ചവര്‍ക്കില്ലാത്ത
പിടപ്പാണ്‌ മാട്രിമോണിയലിന്‌.
ഊനം തീര്‍ത്ത ഫോട്ടോയുടെ മുഖക്കുറി,
സര്‍വ്വാംഗമഹിമയുടെ സംക്ഷിപ്തം,
ഊരും പേരും കുലപ്പേരും
പഠിപ്പും തൊങ്ങലുമെല്ലാം
തിക്കിയൊതുക്കിയ നീയാകും ആമാടപ്പെട്ടിയെ
ഒരു വ്യവഹാരസംഖ്യയായ്‌ ചമയ്ക്കും;
ആ സംഖ്യയില്‍ നിണ്റ്റെ പരംപൊരുള്‍
തെല്ലും ചോരാതുണ്ടെന്നു വരുത്തും.
സാങ്കേതികത്തികവും ലാവണ്യ-
ശാസ്ത്രവും ചേര്‍ന്നിട്ടും
കോടതിത്തിണ്ണകള്‍
വേറിട്ടുനീങ്ങും
പാദമുദ്രകള്‍ കുറിക്കുന്നു.

2013 ജനുവരി 15, ചൊവ്വാഴ്ച

നൂലഴികള്‍

നൂലഴികള്‍

ഇപ്പോഴും സൂചികള്‍ വില്‍ക്കപ്പെടുന്നു-
ആശ്ചര്യം തന്നെയത്‌.
കീറപ്പാടുകള്‍ ഇഴയടുക്കാത്ത
പുത്തന്‍ തയ്പും തുണീം,
പോറ്‍മുന കോറും
മറയാ ഛേദക്കുറികള്‍,
നൂലുമായ്‌ കൈ ഓടാന്‍
തികച്ചു കിടയാ സമയം,
തുന്നാന്‍ കൊതിക്കുന്ന
അമ്മവിരല്‍ അറ്റത്‌-
എന്നിട്ടും സൂചികള്‍ വില്‍ക്കപ്പെടുന്നു
ആരൊക്കെയോ തയ്ക്കുന്നു.

jayant
thumpoly capuchin ashram11.8.12