ഈ ബ്ലോഗ് തിരയൂ

2013, ജനുവരി 31, വ്യാഴാഴ്‌ച

സിസെരായുടെ അമ്മ

സിസെരായുടെ അമ്മ
സിസെരാ,
കല്ലിച്ച യൂദക്കണ്ണുകളില്‍
ഒടുക്കദൃശ്യമായ്‌ പടര്‍ന്നവന്‍.
ഇരുപതാണ്ടിന്‍ അടര്‍-
ക്കലി തീര്‍ത്ത രക്തത്തടങ്ങളില്‍
ഉയിര്‍ച്ചേതങ്ങളുടെ കണക്കലട്ടാതെ
ഇളംചോര തേടിയ മരണവ്യാപ്തി.
ഇരപക്ഷ കഥയാണിത്‌.
മറുപക്ഷകഥകളിലവന്‍ യുദ്ധവീരന്‍.
തേരറിഞ്ഞ്‌, നേരറിഞ്ഞ്‌
കാനായസീമകള്‍ നീട്ടിപ്പടച്ചവന്‍.
കനപെട്ട അടിമവാഞ്ഛകള്‍
ഊതിക്കാച്ചിയൊരു കൂടാരക്കുറ്റി
ഒരു യൂദപ്പെണ്ണിന്‍ തളിര്‍ക്കയ്യേറി
ചെന്നി തുളയ്ക്കുമ്പോള്‍,
ഇല്ലം കാണാതവനൊടുങ്ങുമ്പോള്‍,
മദ്യാലസ്യം വിട്ടുണര്‍ന്നിരുന്നില്ല.
സിസെരായുടെ അമ്മ,
വളര്‍ത്തുദോഷങ്ങളുടെ ഒഴുക്കുചാല്‍.
വീടണയാന്‍ വൈകും മകനായ്‌
ജാലകവഴിയേ കണ്‍കോര്‍ത്തവള്‍.
കൊള്ളമുതലും അടിയാട്ടികളും
വീതിക്കാനാകും വിളംബമെന്നുറച്ച്‌,
തന്നെ പൊന്നില്‍ കുളിപ്പിക്കാന്‍
മകന്‍ വരിലെന്നറിഞ്ഞൊടുക്കം,
ജൂതപഴങ്കഥ ചൊല്ലുംപോല്‍,
നൂറ്റൊന്നാവര്‍ത്തി കരഞ്ഞവള്‍-
പുത്രവിയോഗന്യായത്തിലൊന്ന്‌,പിന്നെ
നഷ്ടങ്ങളോര്‍ത്ത്‌ ദുരചുരത്തിയ നൂറും.
ഇന്നും ജൂതതഴക്കങ്ങളില്‍ ആണ്ടുപിറയ്ക്ക്‌
നൂറ്‌ കുഴല്‍വിളിച്ച്‌ മാതൃ-
മാതൃകകളില്‍ ക്ഷതമേല്‍പ്പിച്ചയീ
പിറവിപ്പിഴകളോര്‍ക്കുന്നു.
സിസെരായും അമ്മയും,
ചരിത്രമുനകളില്‍ തറഞ്ഞുപോയവര്‍;
ഇനിയുമെത്ര മുനകള്‍ നീണ്ട്‌...
കുടുങ്ങാനിനിയുമെത്ര...
*ബൈബിളിലെ ന്യായാധിപന്‍മാരുടെ പുസ്തകം അദ്ധ്യായം 4 സിസെരാ എന്ന കാനാന്യ യുദ്ധപ്രഭുവിണ്റ്റെ ചിത്രം നല്‍കുന്നു...further reading
Wiki on Sisera,Wiki om Sisera's Mother,