ഈ ബ്ലോഗ് തിരയൂ

2013, നവംബർ 29, വെള്ളിയാഴ്‌ച

എണ്റ്റെ ബാലപാപം

എണ്റ്റെ ബാലപാപം

ഏറെ പ്രിയമായിരുന്നു
ഒരു മൊരിപ്പലഹാരം:
പലമൃഗരൂപത്തില്‍
മൊരിച്ച മുറുക്ക്‌.
ആനയും കുതിരയുമെന്‍
കൊതിവായളവില്‍.

നേര്‍പ്പിച്ചൊരീര്‍ക്കില്‍ത്തുമ്പില്‍
കുരുങ്ങിയ തവളകള്‍,
ജീവദശ ഇടവഴിനിര്‍ത്തി
കുപ്പിയിലാവാഹിച്ച വാല്‍മാക്രികള്‍;
തുറന്നൊരുടലില്‍ തണുത്ത്‌
പിടയ്ക്കുന്ന തവളച്ചങ്കില്‍
താളമൊടുങ്ങും കൌതുകം.

സുന്ദരമായൊരു മഞ്ഞക്കനി,
താരം കണക്കൊരു വെണ്‍താര്‌,
വേലിക്കലെ കുരുട്ടുപാല,
കൊത്തിയാല്‍ കിനിയുന്ന
നറുംപാല്‍പ്പശ,
അവിടെ ഞാന്‍ ചാര്‍ത്തിയൊരു
ചിരട്ട, ഒരു കറവമരം കൂടി.
"ബിംബീസിലെ" ചില്ലുപെട്ടികള്‍,
അതിലെ മധുരങ്ങള്‍.
അതില്‍തന്നെ നല്ലനിറമുള്ളവ
മെച്ചമെന്നു നിനച്ചത്‌-
പിന്നീടാഴാന്‍ പോകുന്ന
വര്‍ണ്ണബോധം പിറക്കുന്നു-
ഒരു തീന്‍തുണ്ടിണ്റ്റെ നിറം
പള്ളയിലാണ്ടുയിരിലേക്ക്‌.

പുസ്തകക്കൂട്ടില്‍
പണിക്കത്തികള്‍ കൈവിട്ടത്‌,
തീരെ നിവര്‍ന്നുപോയ നടു-
വിളക്കാനതു ഗുണമായേനേ.
വലംകൈ പഠിച്ചതൊക്കെ
ഇടംകൈക്കിണക്കാതെ വിട്ടു.

ഉത്തരചീട്ടുകള്‍ക്കും
മത്സരക്കളം നിറയ്ക്കാനുമല്ലാതെ
നല്ലനാലുവാക്കു കരുതീല്ല.
ഏറ്റവുമൊടുവില്‍ പിന്നെയു-
മൊരുനാള്‍ വേണമെന്നറിഞ്ഞിട്ടും
ഓര്‍മ്മകള്‍ നേര്‍പ്പിച്ചുനിര്‍ത്തി
നല്ലോര്‍മ്മയില്ലെന്നു പറഞ്ഞത്‌.