ഈ ബ്ലോഗ് തിരയൂ

2013, നവംബർ 3, ഞായറാഴ്‌ച

വനം വനത്തോട്‌

വനം വനത്തോട്‌

നിങ്ങളോടൊരു വാക്ക്‌:
വിപ്ളവം തോക്കിന്‍കുഴലില്‍
വിടരുന്നില്ല, പുലരുന്നില്ല.
ആയിരുന്നെങ്കില്‍ യന്ത്രത്തോക്കിലും
പീരങ്കിയിലും മഹാവിപ്ളവം പിറന്നേനേ.
അവരോടൊരു വാക്ക്‌:
ഒരു വിപ്ളവം പോലും
തോക്കിന്‍മുനയിലൊടുങ്ങില്ല
ആയിരുന്നെങ്കില്‍ തോക്കും
കവാത്തും ഭയന്നാളുകള്‍
ഉണ്ടുമുറങ്ങിക്കഴിഞ്ഞേനേ.
ഇന്നോളവും പല്ലിനായ്‌ നാം
പല്ല്‌ കരുതുന്നത്‌
ഉള്ളിലടരാത്തതാം
അബോധമൊരു വനന്യായം.
എല്ലാവരോടുമൊരു വാക്ക്‌:
നുണയുന്നൊരു കൊതിവായ
കശക്കുന്നൊരു പെരുംകൈ
ഞെരിക്കുന്നൊരു കൊടുംകാല്‍-
ഗോത്രഭൂമികളിലെ
പ്രാക്തനസ്വപ്നങ്ങളില്‍
ഇവ വന്നുകയറിയിട്ട്‌
നാളേറെയായില്ല;
സ്വച്ഛസ്വപ്നങ്ങളുടെ
പോക്കുകാലം.