പേജുകള്‍‌

2013, ജൂൺ 13, വ്യാഴാഴ്‌ച

ചായയെടുക്കട്ടെ

ചായയെടുക്കട്ടെ
തീയുണ്ട്‌ ചായ തിളക്കുമ്പോളതിന്‌
അവതാരലക്ഷ്യങ്ങളില്ലാതില്ല.
കറയൂറി ജലം തീക്ഷ്ണമായ്‌
തിളങ്ങുമ്പോളതിനുമുണ്ടുദ്ദേശ്യം.
രണ്ടുകോപ്പ ചായമേല്‍ പറഞ്ഞൊടുക്കാ-
നാകാത്ത പ്രശ്നമില്ലിഹത്തില്‍;
കോപ്പയില്‍ വന്‍കാറ്റിനിടമുണ്ട്‌,
ചായക്കിടമില്ലെന്നു വന്നീടില്‍.
നിദ്രാലസ്യബന്ധനമുക്തരാകാ-
തെത്ര ഗ്രാമീണരീയിടവഴിപ്പീടികയില്‍
ചായ കുടിക്കേ പകരുന്നു സ്വപ്നവും,
വ്യഥയും, വാശിയും വീരസ്യവും.
ഉറങ്ങാന്‍ വൈകുന്ന നഗരമുണര്‍ന്നിറങ്ങും
അതിദ്രുത വഴിയോരങ്ങളി-
ലിടമില്ല ഒതുങ്ങിനില്‍ക്കാന്‍, കാഴ്ചകാണാന്‍,
ചിരിയൊഴുക്കാന്‍, പറഞ്ഞൊരുക്കാന്‍
ചെന്നുകേറുന്ന വീടേതിലും നീ
സ്വീകാര്യനാണെന്നാദ്യമേയോതി,
സ്നേഹസാന്ദ്രമായ്‌ നീട്ടിയ കൈകളില്‍
കണ്ടില്ലേ ഒരു കോപ്പ ചായ കണ്‍ചിമ്മിയത്‌.
മതിമറന്നുറങ്ങാന്‍ മദിരയാവാം
ദുരമൂത്തുറങ്ങാന്‍ രുധിരമാവാം
കണ്ണിലിരൂള്‍ ചേരുമീ മദ്ധ്യാഹ്നത്തില്‍
ഉണര്‍ന്നിരിക്കാന്‍ ഒരു ചായയെടുക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ