ഈ ബ്ലോഗ് തിരയൂ

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

പത്രാധിപര്‍ക്കുള്ള കത്ത്‌

പത്രാധിപര്‍ക്കുള്ള കത്ത്‌

പെരിയബഹുമാനപ്പെട്ട സാര്‍,
വാര്‍ത്തവായിച്ചിട്ടെഴുതുന്നതല്ല,
പ്രവാസത്തിണ്റ്റെയിടക്കാലത്ത്‌
അറിയാഞ്ഞ വാര്‍ത്തയന്വേഷണം.
അമ്പത്തൊന്ന്‌ വെട്ടിലെ ചോര-
യുണങ്ങിയെല്ലവരും പിരിഞ്ഞോ,
ഊരുകാക്കും മലയിടങ്ങള്‍
തേടിയിന്നും തിരച്ചില്‍പ്പടയുണ്ടോ,
നഖങ്ങള്‍ മഷിത്തുമ്പായും കണ്ണ്‌
ക്യാമറയാക്കിയും മണപ്പിച്ചോടിയ നായ്ക്കളും?
ദില്ലിയിലെ ആ ബസ്‌ കഴുകി
തിരിച്ചുകൊടുത്തോ, അതിണ്റ്റെ ലിവറും?
പിതൃകാമനകളുടെ തിരക്കഥകള്‍
ദിവസവും എറിവേറിവരുന്നുണ്ടല്ലോ?
കസ്റ്റഡിയില്‍ വാങ്ങി മടക്കി നല്‍കാഞ്ഞ
ഗതികെട്ടോരുടെ ശേഷക്രിയയ്ക്കു പോയിരുന്നോ?
കല്‍ക്കരിപ്പാടങ്ങളുടെ കാര്യം
കരിപുരണ്ട്‌ വെളിച്ചം മുട്ടിയതല്ലല്ലോ?
രണ്ടാം തലമുറയിലെ* തരംഗരാജികള്‍
ചുളുവിലയ്ക്കിനിയും കിട്ടുമോ,
അതോ മൂന്നാം തലമുറയിലേക്ക്‌**
ഞാന്‍ കടക്കണോ?
പുതിയപത്രക്കച്ചവടക്കാരാ,
പഴയപത്രക്കെട്ടുകള്‍
ആക്രികച്ചവടത്തിനയക്കയാല്‍
നിണ്റ്റെ ആവേശങ്ങള്‍ എനിക്കോര്‍മ്മയില്ല.
മാറിക്കൈപ്പറ്റിയതാണെങ്കില്‍
ഈ കുറി മടക്കളൂ,
ഞാനിവിടെത്തന്നെയുണ്ട്‌.

*2G=Second Generation;**3G