ഈ ബ്ലോഗ് തിരയൂ

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

താരാര്‍ബുദം

താരാര്‍ബുദം
യുവിയെപ്പോലെ*,ഇന്നച്ചനെപ്പോലെ**
അതികഠിനമായ ശുഭചിന്തയാല്‍
എണ്റ്റെ രോഗവിവരം കുറിച്ചു-
തരണമെന്നുണ്ട്‌,നിനക്കതു വേണ്ടെങ്കിലും.
താരമല്ല, താഴായ്മയില്ല;രോഗം
ഗ്രസിക്കുമ്പോള്‍ മണ്ണില്‍ ഞാനിഴയുന്നു.
പണമില്ലാതെ പിണമായ്പ്പിണമായ്‌
ഒടുക്കം പിന്നെയും ഞാന്‍ പിണമാകും.
അന്നെണ്റ്റെ ശവം വിട്ടുകിട്ടാന്‍
അവരെത്ര പാടുപെട്ടേക്കും.
തീ മറന്നുപോയ എണ്റ്റെയടുക്കള
അന്നും തീ കത്താതെ നില്‍ക്കും;
അയല്‍ക്കൂരയില്‍ പഷ്ണിക്കഞ്ഞി
വച്ചവര്‍ എണ്റ്റെയോര്‍മ്മ പറഞ്ഞയക്കും.
ആണ്ടുപോയ പെരുങ്കുഴികളില്‍ കിടന്ന്‌
അവര്‍ ഇനിയേറെ ജീവിതം
വാവട്ടകണക്കില്‍ ആകാശം കണ്ടുതീര്‍ക്കും.

*യുവരാജ്‌ സിംഗ്‌
**ചലച്ചിത്രനടന്‍ ഇന്നസെണ്റ്റ്‌ തണ്റ്റെ അര്‍ബുദത്തെ കുറിച്ച്‌ വളരെ സരസമായും ലാഘവത്തോടെയും ചില ശുഭചിന്തകള്‍ പങ്കിട്ടത്‌.മലയാള മനോരമ ഞായറാഴ്ചപതിപ്പ്‌(ഫെബ്രുവരി 3,2013 or refer a week back)