ഈ ബ്ലോഗ് തിരയൂ

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

കിടുവ

കിടുവ

"കടുവ ഭീകരജീവിയാണ്‌
ഉളിപ്പല്ലുണ്ടതിന്‌
ഉള്‍വലിക്കാം നഖമുണ്ട്‌
വലിയവായിലലര്‍ച്ചയുണ്ട്‌;
പശു സാധുജീവിയാണ്‌
കരച്ചിലില്‍ സ്നേഹം വഴിയുന്നവള്‍,
ആടും അങ്ങനെതന്നെ
മറ്റു ചിലപ്പോള്‍ പോത്തും.
തീര്‍ന്നില്ല,കടുവ കാട്ടിലും
കാലികള്‍ നാട്ടിലും പുലരുന്നു. "
"അപ്പോ, ഇതു കാടല്ലേ"
"അയ്യോ,കാടിതല്ല,കാടങ്ങല്ലേ
ഇതിണ്റ്റിരട്ടി പച്ചയുള്ള കൊടുങ്കാട്‌. "
(തത്സമയം ഒരു യന്ത്രപ്പക്കിയില്‍
മേലേ പറന്നിരുന്നവറ്‍
താഴെക്കണ്ട ഒരു പച്ചത്തുണ്ട്‌
കാടാണ്‌ വഴിച്ചിഹ്നമല്ലെന്നവര്‍
പരസ്പരം തര്‍ക്കിച്ചുറപ്പിച്ചു. )
ഭക്ഷ്യച്ചങ്ങല വളഞ്ഞും പുളഞ്ഞും
കിടക്കുമ്പോള്‍ നാടും കാടും കലരും,
നാട്ടുകാലിക്കൂട്ടം കാടേറും
കാട്ടുജന്തുക്കള്‍ തിരിച്ചായിക്കൂടാ.
(പുലീ,പുലിക്കിഷ്ടമില്ലെങ്കില്‍
പുലിയെങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളൂ. )
അങ്ങനെ, ഉപരോധിച്ചും,
അന്നം മുടക്കി, തളര്‍ത്തി
ആളെക്കൂട്ടി ഒച്ചവച്ച്‌, വലവച്ച്‌
കടുവയെപ്പിടിച്ച്‌ പൊയിണ്റ്റ്‌ ബ്ളാങ്കില്‍
വെടിവച്ച്‌ കിടുവയതിനെ കൊന്നു.
കോര്‍ബറ്റിണ്റ്റെ നരഭോജി-
പ്പട്ടികയില്‍ പശുഭോജിമാത്രമായ
ഒരു പുത്തന്‍ മാര്‍ജ്ജാരപ്രഭു.
ഏട്ടിലേറിയാ കടുവ
മേലില്‍ പശുവേട്ടയ്ക്കിറങ്ങില്ല.
പുല്ലിറങ്ങാത്ത ഏട്ടിലെ പശുക്കള്‍
തവിടും പുഷ്ടിയും കഴിച്ച്‌
പാലും,മാംസവുമായ്‌ കൊഴുത്തു.