പേജുകള്‍‌

2013, മേയ് 15, ബുധനാഴ്‌ച

ഹേമന്തത്തിലെ പനിനീര്‍പ്പൂക്കള്‍

ഹേമന്തത്തിലെ പനിനീര്‍പ്പൂക്കള്‍
ധന്യേ, നിന്‍ സ്മൃതിയെനിക്ക്‌ ദിശാഭേദത്തിന്‍.
പച്ചപ്പൊടുങ്ങാത്ത ഓലക്കുരുന്നുകള്‍ നിശാഗന്ധത്തില്‍
രമിച്ചുറങ്ങാതെ, നിണ്റ്റെ കറതീര്‍ന്നയാശപോല്‍,
നാകവൃന്ദം പാടുന്നിടത്ത്‌, ശോകമുക്തരായി
നിനക്കായ്‌ ചടുലമായ്‌ ചുവടുവയ്ക്കുമ്പോള്‍
പാതകി, കുലസ്വപ്നമുടച്ചവളെന്നോതാ-
നല്ലെനിക്കിഷ്ടം, പിന്നെയീ ഗാഢതമസ്സിലും
തവസ്തവത്തിലലിഞ്ഞാടാന്‍.
സഹജരാജി തുഷ്ടിയോടെന്തുന്ന ദീപയഷ്ടി-
കളിലസ്ഥിരനാളങ്ങള്‍ രചിപ്പൂ കോവിലിന്‍
ഭിത്തിയിലസംഖ്യ ദൃശ്യങ്ങള്‍, അസുഖദൃശ്യങ്ങള്‍,
ഒളിയിലും ഫണമാട്ടുന്ന കുറ്റിരുട്ടിന്‍ വ്യാളങ്ങള്‍.
വലയാതൊട്ടും നിന്‍ യൌവ്വനം വലയിതമായ്‌
സുഖദശകളന്യമായീ ദിശാന്തരത്തില്‍;
ഒടുവില്‍ ഭവിച്ചീടും മണ്‍കുഴിപ്പാര്‍പ്പീ-
യാവൃതിപ്പാളികള്‍ മുന്നേ വിളമ്പിയും.
മേഘം കണ്ടു കൊതിച്ചുയര്‍ന്നൊരു
ചെറുപ്പട്ടമായ്‌ നൂല്‍ക്കിഴിയോടിടഞ്ഞ്‌
മേഘക്കൈകോര്‍ത്തു നീ പൊങ്ങുന്നു
കാറിഴയാത്ത ദീപ്തവാനം തേടി.
പഞ്ഞത്തിന്‍ പെരുമഴപ്പെയ്ത്തില്‍ നീ
ചിത്രക്കുടയെറിഞ്ഞ്‌ നടന്നിറങ്ങുമ്പോള്‍
തിരിച്ചേറുമെന്നാരോ നിനച്ചിരുന്നു;
മടങ്ങീല്ല നീ,കീല്‍പടമൂറിയ സാന്ദ്രരാവിലും.
സഹജേ, എന്നു കാണുമീ താണവന്‍ നിന്നെ,
ഈ ശിശിരത്തിലും പനിമലരുണരുമ്പോ-
ളെന്നു നീ ചൊന്നുവോ; ചെന്നു നീ ചേര്‍ന്ന
കൈകളില്‍ ഞാനുമൊരു ചെറുതാരെങ്കില്‍.

(അസ്സീസ്സിയിലെ വി.ഫ്രാന്‍സീസ്‌ എന്ന നിസ്വണ്റ്റെ മഹനീയമാതൃകയില്‍ ആകൃഷ്ടയായി സമ്പന്നതയുടെ മടിത്തട്ടില്‍ നിന്ന്‌ സന്ന്യാസത്തെ പുല്‍കിയ മഹതിയാണ്‌ വി.ക്ളാര. അന്നൊരു കുരുത്തോല ഞായറായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ കഥകളാണ്‌.ക്ളാരയും ഫ്രാന്‍സീസും പൂര്‍വാശ്രമത്തില്‍ പ്രണയബദ്ധരായിരുന്നു എന്നു ചില ഭാഷ്യങ്ങളുണ്ട്‌.അതിനു നേര്‍ത്ത ഒര്‍ സാധ്യതയുണ്ടെങ്കിലും ആ പ്രണയഭാവം സന്ന്യാസജീവിതത്തിലെക്കു അവര്‍ പകര്‍ന്നു എന്നു ചിന്തിക്കാന്‍ നിര്‍വ്വാഹമില്ല. ആഴമേറിയ ഒരു ആത്മീയ ബന്ധം അവരുടെ ഇടയില്‍ നിലനിന്നിരുന്നു. ഫ്രാന്‍സീസ്‌ തണ്റ്റെ സഹജമായ തപശ്ചര്യകള്‍ പ്രകാരം സ്ത്രീകളോട്‌ അകലം പാലിച്ചിരുന്നു, അവര്‍ സന്ന്യാസസഹോദരികള്‍ ആണെങ്കില്‍ കൂടി. എന്നാല്‍ ക്ളാര ഫ്രാന്‍സീസിണ്റ്റെ അഭിമുഖങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാണ്‌ തന്നോട്‌ സംസാരിക്കന്‍ ഫ്രാന്‍സീസ്‌ സന്നദ്ധനാകുക എന്ന്‌ ക്ളാര ചോദിച്ചപ്പോള്‍ മഞ്ഞുകാലത്ത്‌ പനിനീര്‍പ്പൂക്കള്‍ വിടരുന്ന സമയത്താകാം എന്നു ഫ്രാന്‍സീസ്‌ മറുപടി പറയുന്നു. അതൊരു അസാധ്യതയാണെന്നാണ്‌ വിവക്ഷ. കര്‍ളോ കരെട്ടൊ എന്ന ഗ്രന്ഥകാരന്‍ വിവരിക്കുന്ന ഈ കഥയില്‍ അത്ഭുതകരമായി അവര്‍ നിന്നിടം അപ്പോള്‍ തന്നെ പനിനീര്‍പ്പൂക്കള്‍ നിറഞ്ഞു എന്നു പറയുന്നു. ഈ സംഭവത്തെ അനുസ്മരിച്ച്‌ വി. ക്ളാരയ്ക്ക്‌ എണ്റ്റെ ഹൃദയാഞ്ജലികള്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ