ഈ ബ്ലോഗ് തിരയൂ

2014, മേയ് 25, ഞായറാഴ്‌ച

കൊതുകുപാഠം

തറക്കുന്നോരോ
കൊതുകിന്‍ മുന
നല്‍കുന്ന പാഠം,
സന്ധ്യമൂര്‍ച്ഛി-
ച്ചിരവ് തിങ്ങും
താളത്തില്‍ മൂളി-
ച്ചൊല്ലുമൊരു പാഠം.

I
പകലിന്‍റെ വ്യയം
കഴിഞ്ഞിരവായ്,
പകലാകെ കേവുമാടായ
ഞാന്‍ രാത്രം
ഇരപാര്‍ത്തിറങ്ങും
നരിയായ്‌ത്തീരും.
എപ്പോഴും ഞാനൊരു
ജന്തു തന്നെ.
ഇരയോട്ടവഴിയുടെ
ചോരത്തലപ്പില്‍
കാലൂക്കമര്‍ത്തി
ഇരയായ്‌,മറുപാതി
വേട്ടമൃഗമായ്‌
പിടയുമ്പോള്‍, കടിച്ചു
കുടയുമ്പോള്‍
രക്തം ചോരിഞ്ഞെന്നോ
രക്തം നുണഞ്ഞെന്നോ
ഭേദമില്ലാതെന്നിലോടും
ചോരക്കിതപ്പറിയാം
കൊതുകിന്.

II
എന്നെപ്പോലെ തന്നെ;
കൊതു,കിടയ്ക്ക് നരിയാം,
ചോരയുണ്ണും,
കൊതു,കിരയുമാം
ആഞ്ഞുവീഴും കയ്യൂക്കില്‍
ഒരു രക്തബിന്ദു.
ഞാന്‍ പലപ്പോഴും
ഭക്ഷ്യശ്രേണിയുടെയങ്ങേ-
ത്തലയ്ക്കലും, കൊതുക്‌
താഴെത്തട്ടിലുമെന്നു മാത്രം.
പക്ഷെ ഭക്ഷ്യശൃംഖല
ഒരു ആദര്‍ശവിചാരം മാത്രം;
ആര് ആരെ തിന്നുമെ-
ന്നാര്‍ക്കറിയാം?
തീനും തീനിയും
നിരമാറിക്കയറി-
യെല്ലാക്കണക്കും
തെറ്റുമല്ലീശ്വരാ!