പേജുകള്‍‌

2013 മാർച്ച് 25, തിങ്കളാഴ്‌ച

ഇന്നലെ മഴപെയ്തിരുന്നോ?

ഇന്നലെ മഴപെയ്തിരുന്നോ?

ഒരു രാക്കാറ്റ്‌, ഉറക്കറയുടെ
മുന്നില്‍ കിതച്ചു മുട്ടി.
ആ രാക്കാറ്റ്‌ ഉറക്കത്തിലേക്ക്‌
ഞാനിടറും മുന്‍പ്‌ തഴുകാന്‍,
വിഹിതമല്ലാത്തൊരാശ മന്ത്രിച്ച്‌
അറവാതില്‍ തുറന്നെന്നെ തഴുകാന്‍,
പ്രണയാതുരമൊരു പൂപ്പാല-
യിറ്റിച്ച പൂവട്ട പേറി;
രാവ്‌,നിര്‍ജ്ജനം,യക്ഷം-
കിതപ്പേറ്റുവാങ്ങി വാതിലടച്ച്‌ ഞാന്‍
കോസടിക്കിടങ്ങിലേക്കൂളിയിട്ടു;
തഴുതിളക്കാതെ രാക്കാറ്റ്‌.
മച്ചില്‍ കടകടപ്പങ്ക,ഞാനറിയുന്നു
കള്ളക്കാറ്റിന്‍ അകക്കളിപ്പാച്ചില്‍.
രാക്കാറ്റിന്‍ പുറംകളികള്‍,
ആര്‍ത്തഭൂവിലൂന്നി മഴയുടെ ജലപാദം,
തമുക്കടിച്ച്‌ മിന്നല്‍ക്കയ്യിണ,
അടവാതിലിനപ്പുറം ഞാനറിയാതിവ.
പുറമേന്ന്‌ എന്നിടം വരും
കറണ്ട്‌ നിലച്ചേറെനേരമായത്‌
പശിമയുള്ള വിയര്‍പ്പടരായ്‌ ഞാനറിഞ്ഞ്‌
ഈര്‍ഷ്യയോട്‌ വശം മാറി കിടന്നത്‌.
കൂരമേലിഴഞ്ഞ്‌ മഴവാലിന്‍
ഓവുപാട്ടു കേട്ടുണര്‍ച്ച.
"ഇന്നലെ മഴപെയ്തിരുന്നോ?"
"ഉവ്വോ!ഇടിയും വെട്ടിയോ!"
ആ ചോദ്യം പിടിക്കാഞ്ഞിട്ടെന്തോ
പിറ്റേന്ന്‌ അത്താഴപ്പടിക്കലെത്തി
രാക്കാറ്റ്‌ ജനലിളക്കി കലമ്പി
പെരുന്തുടി കൊട്ടി, കുതിച്ചാടിപ്പോയി.

2013 മാർച്ച് 22, വെള്ളിയാഴ്‌ച

എഴുത്തറ്റം

എഴുത്തറ്റം

തീക്ഷ്ണതകളെ വാക്കില്‍,
ഒറ്റവാക്കില്‍ കൊരുക്കാമോ?
കനപ്പെട്ടുവന്ന കുറിപ്പുകളല്ലാതെ,
തീക്ഷ്ണാനുഭവം ഒപ്പാന്‍ വച്ചിരുന്ന
കീശപ്പുസ്തകം, എണ്റ്റെ ഓര്‍മ്മ-
ക്കൊഴിച്ചിലില്‍ അര്‍ഥം പുരളാതെ നിന്നു.
ശരിയാണ്‌, ഞാന്‍ തന്നെയവ കുറിച്ചത്‌
പിന്നീടോര്‍മ്മിക്കാന്‍ എളുതായ്‌.
എന്നിട്ടിന്നവ തിരിച്ചും മറിച്ചും
നോക്കീട്ടും ഗൂഢാക്ഷരിപോല്‍.
മട്ടിച്ചതാം മനോരസന,
വാക്കുകള്‍ തെളിയാത്ത എഴുത്തറ്റമാണിത്‌;
വാക്കൊഴുക്കടയും അമിത-
ബോധത്തിന്‍ എക്കല്‍പ്പുറം;
മഷിക്കട്ടിയിളക്കാന്‍ കുത്തി-
ക്കോറിയ വികലസര്‍പ്പിളങ്ങള്‍;
കടലാസ്‌ പേനയുടെ അപഥ-
മായപ്പോള്‍ ആ കീശപ്പുസ്തകം
ഞാന്‍ തീയ്ക്കെറിഞ്ഞു.

2013 മാർച്ച് 19, ചൊവ്വാഴ്ച

എണ്റ്റെ 916 വടുക്കള്‍

എണ്റ്റെ ൯൧൬ വടുക്കള്‍

നീലതിളയ്ക്കുന്ന അഭൌമക്കടല്‍
വിട്ട്‌ കരയേറി വരും മറുനാടന്‍ കന്യകള്‍;
സിനിമാക്കൊട്ടകകളില്‍ അവറ്‍ നിരയായ്‌
എണ്റ്റെ കണ്ണുകളില്‍ കയറിവരും,
ഊടുവഴിപിടിച്ച്‌ മനസ്സിണ്റ്റെ
അന്തഃപുരത്തേയ്ക്കും.
ടീവീലും പത്രത്തിലും
പരസ്യപ്പാളികളിലുമിരുന്നവറ്‍
എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ മാറ്റേറ്റുന്നുണ്ട്‌.
എനിക്കണിയാന്‍,സ്വരുക്കൂട്ടാന്‍,
പണയമാക്കാന്‍,കവരാന്‍,തിന്നുവാന്‍-
(തങ്കക്കിനാക്കളുടെ പലജാതി)-
സ്വറ്‍ണ്ണം പേറിവരുന്ന ചുമട്ടുസുന്ദരി.
മിന്നുകെട്ടിക്കാന്‍, മാനത്തിണ്റ്റെ
പൊന്‍തൂക്കമെത്തിക്കാന്‍
പാടുപെട്ടാണ്ട കടക്കടലില്‍
തിരകളുടെ അഭൌമനീലയില്ല.
തങ്കമയമില്ലാത്ത ഭാരതവധുക്കള്‍
പെടുമരണമേല്‍ക്കുന്ന കടുംനിറങ്ങള്‍-
വിഷത്തിണ്റ്റെ കരിനീല,
രകതത്തിന്‍ കടുംചോപ്പ്‌,
തീപ്പൊള്ളിന്‍ കടുംകരി.
ചെവിഛിന്നം,വിരല്‍നഷ്ടം-
സ്വര്‍ണ്ണത്തിണ്റ്റെ മറുവറ്‍ണ്ണക്കഥകള്‍.
തസ്ക്കരവിരലടക്കത്തില്‍
കഴുത്തില്‍ പതിയും
മാങ്ങാപ്പാടുകള്‍,പാലയ്ക്കാപ്പാടുകള്‍;
പിന്നെയുമാഴ്ന്ന് ഗളനാഡി
പിളര്‍ക്കുമൊരു വാള്‍ത്തുമ്പ്‌.
എത്ര പൊന്നിന്‍പൊടി ഞാന്‍
കഴിച്ചെത്രനാള്‍ വേണം
എണ്റ്റെ വടുക്കളുണങ്ങാന്‍.