പേജുകള്‍‌

monsoon എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
monsoon എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച

റെയ്ന്‍ റെയ്ന്‍

ശീമേലുള്ളൊരു കുട്ടിപ്പാട്ട്
പലവുരു നാമത് പാടീതാ.
"മഴയേ മഴയേ വെക്കം പോ.
തുള്ളീം പെയ്യാതീയൊരു നാള്‍;
മഴയേ പെയ്തോ പിന്നൊരുനാള്‍
ഓടീം ചാടീം ജോണിക്കുഞ്ഞിനു
കളികള്‍ പലതു കളിക്കേണം.
മഴയേ മഴയേ വെക്കം പോ."
ഈയൊരു പാട്ടിന്‍ ചോട് പിടിച്ച്
വേറൊരു പാട്ടും പാടീട്ട്
മഴയ്ക്ക്‌ ചക്കരപീര കൊടുത്ത്‌
പെയ്യാതെത്രയൊതുക്കീതാ.
എന്നിട്ടെന്തായി മാളോരേ!
കേരവുമില്ല പീരയുമില്ല
മധുരം കിനിയും ചക്കരയില്ല.
മഴയോ മഴയോ കാണാനില്ല.

Disclaimer: കഴിഞ്ഞ മാസം എഴുതിയതാണ്. ഇപ്പോള്‍ അല്പം മഴയുണ്ട്. അതനുസരിച്ച് വായിക്കുമല്ലോ. :)


2013 മാർച്ച് 25, തിങ്കളാഴ്‌ച

ഇന്നലെ മഴപെയ്തിരുന്നോ?

ഇന്നലെ മഴപെയ്തിരുന്നോ?

ഒരു രാക്കാറ്റ്‌, ഉറക്കറയുടെ
മുന്നില്‍ കിതച്ചു മുട്ടി.
ആ രാക്കാറ്റ്‌ ഉറക്കത്തിലേക്ക്‌
ഞാനിടറും മുന്‍പ്‌ തഴുകാന്‍,
വിഹിതമല്ലാത്തൊരാശ മന്ത്രിച്ച്‌
അറവാതില്‍ തുറന്നെന്നെ തഴുകാന്‍,
പ്രണയാതുരമൊരു പൂപ്പാല-
യിറ്റിച്ച പൂവട്ട പേറി;
രാവ്‌,നിര്‍ജ്ജനം,യക്ഷം-
കിതപ്പേറ്റുവാങ്ങി വാതിലടച്ച്‌ ഞാന്‍
കോസടിക്കിടങ്ങിലേക്കൂളിയിട്ടു;
തഴുതിളക്കാതെ രാക്കാറ്റ്‌.
മച്ചില്‍ കടകടപ്പങ്ക,ഞാനറിയുന്നു
കള്ളക്കാറ്റിന്‍ അകക്കളിപ്പാച്ചില്‍.
രാക്കാറ്റിന്‍ പുറംകളികള്‍,
ആര്‍ത്തഭൂവിലൂന്നി മഴയുടെ ജലപാദം,
തമുക്കടിച്ച്‌ മിന്നല്‍ക്കയ്യിണ,
അടവാതിലിനപ്പുറം ഞാനറിയാതിവ.
പുറമേന്ന്‌ എന്നിടം വരും
കറണ്ട്‌ നിലച്ചേറെനേരമായത്‌
പശിമയുള്ള വിയര്‍പ്പടരായ്‌ ഞാനറിഞ്ഞ്‌
ഈര്‍ഷ്യയോട്‌ വശം മാറി കിടന്നത്‌.
കൂരമേലിഴഞ്ഞ്‌ മഴവാലിന്‍
ഓവുപാട്ടു കേട്ടുണര്‍ച്ച.
"ഇന്നലെ മഴപെയ്തിരുന്നോ?"
"ഉവ്വോ!ഇടിയും വെട്ടിയോ!"
ആ ചോദ്യം പിടിക്കാഞ്ഞിട്ടെന്തോ
പിറ്റേന്ന്‌ അത്താഴപ്പടിക്കലെത്തി
രാക്കാറ്റ്‌ ജനലിളക്കി കലമ്പി
പെരുന്തുടി കൊട്ടി, കുതിച്ചാടിപ്പോയി.