<സ്വതന്ത്ര പരിഭാഷ>
അന്ന്‍
എന്‍ നാട്ടിലെ
നിര്‍മ്മമ ബുജികളെ
തീരെ സാദാ നരര്‍
ചോദ്യം ചെയ്യും.
ദേശം മെല്ലെ
ചത്തടിഞ്ഞപ്പോള്‍
അവരെന്ത് ചെയ്തെന്നു
ചോദിക്കും.
പുറയാടയെക്കുറിച്ചോ
ഉച്ചയുണ്ടിട്ട്
നീണ്ടുറക്കത്തെക്കുറിച്ചോ
അവരോട് ചോദിക്കില്ല
ശൂന്യതാസങ്കല്‍പത്തെ
കുറിക്കുന്നയവരുടെ
മച്ചിവാദങ്ങള്‍ ആരുമെതിര്‍ക്കില്ല
ഉച്ചസ്ഥായിയാം
അവരുടെ വിദ്യാധനത്തെയും.
യവനേതിഹാസങ്ങളില്‍
അവരുടെ ഗ്രാഹ്യമളക്കില്ല;
അവരിലൊരാള്‍ ഭീരുവിന്‍
മൃതി വരിക്കുമ്പോള്‍
അവരണിയുന്നയാത്മനിന്ദയും
വിലപ്പെടാ.
തികഞ്ഞ നുണ
നിഴല്‍ വീഴ്ത്തുമവരുടെ
മൂഢന്യായങ്ങള്‍
ചെവിക്കൊള്ളാതെ-
യന്ന്‍
സാദാ മനുഷ്യര്‍ വരും.
നിര്‍മ്മമ ബുജികള്‍
ബുക്കിലോ കവിതയിലോ
കുറിക്കാത്ത അവര്‍ വരും;
അവര്‍, ദിനവും
പാലും അപ്പവും
തീനും മുട്ടയും
മുടങ്ങാതണച്ചവര്‍;
വണ്ടിയുരുട്ടിയും
പട്ടിയെ കുളിപ്പിച്ചും
പൂങ്കാവൊരുക്കിയും
പണിയെടുത്തവര്‍;
അവര്‍ ചോദിക്കും:
"നിസ്വര്‍ വലഞ്ഞപ്പോള്‍
ദുരിതപ്പേമഴ കൊണ്ടപ്പോള്‍
നേര്‍മ്മയുമുയിരും
അവരില്‍നിന്നു
വെന്തൊലിച്ചപ്പോള്‍
നിങ്ങളെന്തു ചെയ്തു?"
എന്റെ നറുനാടിന്‍
ബുജികളെ നിര്‍മ്മമരേ,
നിങ്ങള്‍ക്കുത്തരം മുട്ടും.
മൌനമാം കഴുകന്‍
നിങ്ങളുടെ കുടല്‍ പറിക്കും.
നിങ്ങളുടെ ദൈന്യം
അന്തരാളത്തില്‍ കൊത്തും.
ലജ്ജയില്‍ നിങ്ങളുടെ
സ്വരം മരിച്ചടിയും.
Courtesy: English Translation of Intelectuales apoliticos, a poem by Otto Rene Castillo
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ