പേജുകള്‍‌

syria എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
syria എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച

ആരും തുടങ്ങാത്ത മെഴുതിരിജാഥകള്‍

നമ്മുടെ വളപ്പിന്റെ
ആ അറ്റത്തൊരു യൂദനും
ഈ അറ്റത്തൊരു യാങ്കിയും
മറ്റൊരറ്റത്ത്‌ ഫിരാന്‍ഗിയും
പിന്നൊരറ്റത്ത്‌ നാസിയും
ഇല്ലാത്തിടത്തോളംകാലം
കസേരയും ചാരി
നമുക്കവരുടെ നെറികേടുകളെ
പിരാകി പല്ലിടകുത്തിയിരിക്കാം,
ഗാസയെ രാകി ചോരചുടാം,
മേലാളപ്പോരിന്‍ കരിങ്കാലങ്ങളോര്‍ക്കാം,
പുതുതീയൂട്ടി പിന്നെയും
കാലം കരിക്കാം.
അപ്പോഴും സീഞാറിനെയോര്‍ക്കണേ
മൊസൂളിനെയോര്‍ക്കണേ,
ഒരു ചെറുവാക്ക് അവര്‍ക്കൂടെ;
ജപിച്ചറുത്ത ഗളനാഡിയും,
പിഴുത തലയും തിരുനാമങ്ങളും
മെരുങ്ങാത്ത കൊലക്കയ്യും നാവും
പടച്ച, കാലത്തിന്‍റെയേറ്റം
വികലമാമൊരു ചിത്രവും.

2014 ജൂലൈ 5, ശനിയാഴ്‌ച

വീണ്ടും വീണ്ടും

കഥക്കണ്ണടയ്ക്കാത്ത
ആയിരം രാവില്‍
മന്ത്രപ്പായേറി
മരണക്കൈ മുടക്കിയ
ഷെഹരസാദ്,
എന്‍ നിനവിലെ
നിന്‍ നഗരികള്‍
നീണൊരു മരണക്കൈ
വീണ്ടും പുല്‍കുന്നു.
ആയിരം പലതായ്
ഇരവുകള്‍ നിദ്ര
വെടിഞ്ഞാലും
കഥകളിവിടടങ്ങില്ല.
മണലാഴിയല്ലേ?
ലവണം കലരാതെ-
യേതാണൊരാഴി!
ഓരോ കണ്‍ചാലും
ഓര് കലങ്ങുന്ന
ആഴങ്ങള്‍
മണലാഴങ്ങള്‍.

2013 ഒക്‌ടോബർ 27, ഞായറാഴ്‌ച

സിറിയ

സിറിയ

എനിക്ക്‌ സിറിയയെ പരിചയം
ഇങ്ങനെയൊക്കെയാണ്‌:
ചുരുള്‍രോമങ്ങളിളകും
താടിയുലച്ച്‌ കുളമ്പടിതാളത്തില്‍,
കയ്യില്‍ കണ്ണില്‍ അസ്ത്രപ്രഭ,
പായുന്ന തേരില്‍
യുദ്ധത്തിണ്റ്റെ ആള്‍മുഖം:
ഇതിഹാസച്ചുവര്‍രേഖയില്‍
എഴുന്ന ശില്‍പങ്ങളായി കല്ലിച്ച
അസ്സീറിയന്‍ പ്രഭുക്കള്‍
കീഴ്ജനതയുടെ പ്രവാസഗീതി
ദേശഭ്രഷ്ടിണ്റ്റെ ദൈവാനുഭവം.
വെട്ടുക്കിളികളെപ്പോള്‍ അവര്‍
വന്നും പോയുമിരുന്നു-അസ്സീറിയര്‍.

അപ്രേമിണ്റ്റെ സ്വരച്ചിട്ടകള്‍
നേര്‍പ്പിച്ചതെങ്കിലുമൊരു പള്ളിപ്പാട്ട്‌,
മരുതലങ്ങളിലെ മുനിയറകള്‍
തപോവൃത്തിയുടെ ഈറ്ററ,
യേശുവിണ്റ്റെ അരമായമൊഴി-
മധുരമായവന്‍ പറഞ്ഞതൊക്കെ,
ശീമോന്‍ ദുസ്തോനായാ-
പെരുന്തൂണില്‍ കാലം കഴിച്ചവന്‍,
അവനെ വലയ്ക്കുന്ന
ബുഞ്ഞുവേലിണ്റ്റെ ഭൂതങ്ങള്‍.
മൈലക്കലച്ചന്‍ ചന്തത്തില്‍
തലയിളക്കിപ്പാടിയ
"കന്തീശാ ആലാഹാ... "-
ത്രൈശുദ്ധകീര്‍ത്തനം, പഴമൊഴിയില്‍.
കിറുക്കനായ ഞാനും, അരക്കിറുക്കന്‍
സുഹൃത്തും തൃശ്ശൂറ്‍ മാര്‍ നര്‍സായി പ്രസ്സില്‍
വാങ്ങിയ അരമായ പാഠങ്ങള്‍,
അന്നത്തെ പൊരിവെയിലും ആനന്ദവും.
സുറായി,സുറിയാനി,ക്നാനായ ഗരിമകള്‍
ഇതൊന്നുമില്ലാത്തയെന്‍ ലത്തീന്‍
തിരുശേഷിപ്പുകള്‍ ശോഷിച്ചത്‌;
കടലില്‍ത്താഴ്ന്ന കല്‍ദായമെത്രാന്‍,
മതതീക്ഷ്ണതയുടെ പറങ്കിക്കാലം.

യാങ്കികളുടെ ആറാം കപ്പല്‍-
പ്പടക്കണ്ണില്‍ ഇന്നു സിറിയ.
ഭ്രാതൃഹത്യ, വംശശൌചം,
യൂറ്റ്യൂബിലോടുന്ന യുദ്ധവീഥി,
കബന്ധനിര്‍മ്മിതി,
ഉടലില്‍ ചാരിവച്ചൊരു
അറുത്ത തല:
ഫ്രാന്‍സ്വാ മുറാദി-
ആയിരങ്ങളില്‍ കേവലമൊരാള്‍.
പച്ചച്ചങ്ക്‌ തിന്നുന്നൊരു
സമരവീരന്‍-നരഭോജനത്തിണ്റ്റെ
പുത്തന്‍പിറ,പുത്തന്‍ചിറ;
തിന്നപ്പെട്ടവണ്റ്റെ മൊബൈലില്‍
വിവസ്ത്രമായൊരു കീറപ്പൂവ്‌-
ഒരു പീഢനചിത്രം-അവണ്റ്റെ
ചങ്ക്‌ പറിക്കപ്പെടാന്‍ കാരണങ്ങളുണ്ട്‌.
മുറുക്കിയടച്ച രാജ്യസീമ
മുള്‍വേലിയുടക്കി അഭയാര്‍ഥന;
അഭയം തൂകിപ്പോന്ന ശൃംഗങ്ങള്‍
യന്ത്രത്തോക്കിന്‍ കഴുകന്‍കൂട്‌,
ചിന്നിച്ചിതറി ഊരുകള്‍
പേരുകള്‍, ഭാഷകള്‍.
ഒളിത്തോക്കിന്‍ കണ്‍കെട്ടാന്‍
വലിച്ചുകെട്ടിയ വര്‍ണ്ണകംബളങ്ങള്‍
ആകാശക്കാഴ്ചയില്‍ ഉത്സവനിറം
പരത്തിയേക്കാം,ഭൂമിയില്‍
ഭയപ്പെട്ടുവിടര്‍ന്ന കണ്ണുകള്‍
വര്‍ണ്ണാന്ധമാണവയിതു കണ്ടേക്കില്ല.
വിഷപ്പുകയേറ്റ്‌ മരവിച്ച
ഉടലുകള്‍, കണക്കറ്റ്‌ വെളുത്ത്‌,
കുളിച്ചൊരുക്കാതെ കൂട്ടിമൂടിയത്‌.
ചിതറിയ പാല്‍ത്തുള്ളിപോലെ
അങ്ങിങ്ങ്‌ കുരുന്നുടലുകള്‍,
നിറമായ നിറമൊക്കെയണിഞ്ഞ്‌
അവരുറങ്ങുന്നു ഉണരാതെ;
വീട്ടിലുമുണ്ടിങ്ങനെയെണ്റ്റെ
അനന്തിരക്കുഞ്ഞുങ്ങള്‍-
അവരുടെ വാരിവലിച്ചിട്ട പഞ്ഞിപ്പാവകള്‍
ഇങ്ങനെ കിടക്കുന്നതു കണ്ടിട്ടുണ്ട്‌.
ഇതെല്ലാം ആരു തുടച്ചുകഴുകും
ഇനിയും കുട്ടികള്‍ ഏറെ വരാനുണ്ട്‌.