പേജുകള്‍‌

ecology എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ecology എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

കുരുവിയോട്‌

കുരുവിയോട്‌
നൂറ്റിക്ക്‌ മൂന്നെന്ന വിലയില്‍
കമ്പിക്കൂടടക്കം പോന്ന കുരുവീ,
നീ വന്ന തമിഴകത്ത്‌
നീ നെല്ല് തിന്നിരിക്കാം,
നിന്നെ വിറ്റയാള്‍ നിനക്കവ
വിതറിത്തരുന്നത്‌ ഞാന്‍ കണ്ടതാണ്‌.
ഇപ്പോള്‍ കൂടുമാറ്റവേ
നീ തെന്നിപ്പറന്നുപോയ്‌;
നിണ്റ്റെ പുതു കൂട്ടില്‍
തിനപ്പാത്രങ്ങളുണ്ടായിരുന്നു,
മലകടന്നു കടത്തട്ടിലെത്തിയ
അരിമണിച്ചാക്കുകള്‍
ഇട്ടുമൂടാം പണത്തിനു ഞാന്‍ വാങ്ങീത്‌.
എവിടെയെന്നറിയാതെ പുറത്തായ
നീയിനി ഏതരിമണി
ഏതിടത്തില്‍ കൊത്തിക്കൊറിക്കും!
കുഴപ്പം നിണ്റ്റേതല്ല,
എണ്റ്റെ നാട്‌ നിനക്കറിയില്ലല്ലോ.

2013 മാർച്ച് 17, ഞായറാഴ്‌ച

ഫെബ്രുവരി 1

ഫെബ്രുവരി 1

നാളെ നീര്‍ത്തടസ്മരണയിന്‍
ആഗോളദിനം; സ്മരണ
മാത്രമാകാതെ നീര്‍ത്തടങ്ങള്‍
പാലിക്കേണമെന്നൊര്‍മ്മിച്ച്‌.

നീര്‍ത്തടങ്ങള്‍ക്കൊരു കാവലാള്‍
ഉണ്ടായിരുന്നെങ്കില്‍, പേടിച്ച്‌
നാമവയെ അലട്ടാതെ വയ്ക്കുമായിരുന്നു.
എന്നിട്ടും ലംഘിക്കണമെന്നു
തോന്നിയാല്‍ പിന്നില്‍നിന്നു
കുത്തിമറിച്ച്‌ കാവല്‍ക്കണ്ണുക-
ളടച്ച്‌ നമുക്ക്‌ വഴിതേടാമായിരുന്നു.

ഉദാഹരണം പറയട്ടെ. മുതല,ജലഗാത്രത്തിന്‍ കൊമ്പല്ല്,
ജലപടങ്ങളുടെ ഒളികണ്ണ്‍,
വാരിജമെന്ന ഭംഗിപ്പേരില്ലെങ്കിലും
നീരില്‍ പിറന്നവന്‍,
തടങ്ങളിലെ ഉഭയജീവന്‍,
നിര്‍ന്നിമേഷമാം ഉരഗപര്‍വ്വം;
ജീവനാങ്കങ്ങളുടെ ജലമുഖ-
ങ്ങളില്‍ സന്തത നരാരി.
തുറയ്ക്കു വച്ച തുറവായില്‍ റാഞ്ചി
കുലുക്കഴിച്ച ശവങ്ങള്‍ മൂന്നിട
ഉയര്‍ത്തിക്കാട്ടി ജനകഥകളില്‍
ഭീഷണമാം കാവലാള്‍.

നദീലംഘനങ്ങളുടെ ചിരവരവില്‍
അവശ്യമാവശ്യം നക്രവധം.
വെടി,വെള്ളിടി,കൂടോത്രപ്പൊതി-
പ്രതിയോഗത്തിന്‍ മനുഷ്യാര്‍ഥങ്ങള്‍.
പൊയ്ക-മനുഷ്യനു ജലവഴി,
പൊയ്ക-നക്രനിവാസം,
നരന്‍ നക്രവേധം,നക്രം നരവേധം-
അശാന്തിയുടെ ത്രികോണമിതി.

മുതലകള്‍ കളങ്ങളില്‍ വലരുന്നു,
കൊയ്ത്തൊടുവില്‍ ചര്‍മ്മമായ്‌ മാംസമായ്‌.
മുതലകളില്ലാത്ത സരസ്സുകളില്‍
മണലൂറ്റി, വലനീട്ടി നാം പുലരുന്നു;
കരയെടുത്ത നദിതട്ടുകള്‍
പാറാവ്‌ വേണ്ടാതെ തുടരും.

മരണത്തിണ്റ്റെ സന്നികര്‍ഷം
മുതലവായിലൊളിക്കാതെ
മറുവഴിതാണ്ടിയെത്തും
ഫെബ്രുവരിത്തുറപ്പിന്ന്,ഇന്നുമെന്നും.

2013 ഫെബ്രുവരി 2, ശനിയാഴ്‌ച

ഭൂമിദോഷം

ഭൂമിദോഷം
തീയൊരുമ്പെട്ടാല്‍ മറുത്തൊന്നുമില്ല,
തീ തൊട്ടതൊക്കെയും തീയായ്ത്തീരും.
തന്‍വഴി തേടാന്‍ തീയ്ക്കെളുപ്പം-
മറഞ്ഞിരുന്നെവിടെയും പൊന്തുന്ന തീ.

നീര്‍,തടകളില്‍ കലിച്ചു നില്‍ക്കും
കവിഞ്ഞൊഴുക്കിനിട തേടി,
കുഴിവ്‌ പരതും ആദിബോധം,
കണ്ണെത്താത്ത ജലകഥപ്പരപ്പ്‌.

വായു,വാതരാശികളുടെ ആദ്യതാളം,
താളപ്പെരുക്കത്തിന്‍ തന്നിഷ്ടം,
ചുഴറ്റിപ്പരത്തി മന്ത്രമുദ്രയില്‍
മറുഭാവങ്ങളെ കാട്ടുന്ന വായു.

ആകാശം,നിതാന്തമസാന്നിധ്യം,
പിടിതരാതെ ചൂഴ്ന്നുനില്‍ക്കുന്നത്‌,
കാഴ്ചയുടെ മണ്ഡലാന്തങ്ങള്‍,
നാമിനിയും മുടിക്കാത്ത ആകാശം.

ഭൂമി,ഉഭയാര്‍ത്ഥങ്ങളില്ലാത്ത പൊരുള്‍;
ചവിട്ടേറ്റും,പിളര്‍ന്നും,വിഴുപ്പേറ്റും,
തൊലിവെന്തും,ആടയടര്‍ന്നും
രക്ഷതേടാത്‌,ഒളിപൂകാതവിടുള്ളത്‌.

പഞ്ചഭൂതങ്ങളില്‍ ഭൂമിക്കൊരു
ദോഷമുണ്ട്‌:കഥചൊല്ലി പഴിക്കാതെ,
ഒരിക്കലും പിന്‍വലിയാതെ
മനുഷ്യനിടമാകമെന്നൊരു നിനവ്‌.

jayant,thumpoly 11.01.2013

2012 ജൂലൈ 22, ഞായറാഴ്‌ച

കൈത

കൈത
മുള്ളുണ്ട്‌. കൈതച്ചെടി
തൊട്ടുകൂടെന്നും മറ്റും
ചെറുപ്പത്തിലറിഞ്ഞിട്ടുണ്ട്‌,
അതിന്‍ പച്ചത്തഴപ്പില്‍
പാമ്പുകള്‍ പതിഞ്ഞിരിപ്പെന്നും.
ചെഞ്ചിന്തുകള്‍ നീട്ടി
കൈതപൂക്കള്‍ വിളിച്ചിട്ടും, അതാണ്‌
നോട്ടം ഒളികണ്ണിലടച്ചത്‌,എന്നിട്ട്‌
പൂതലിച്ച തഴപ്പായകളില്‍
കൈതയിഴ ചിക്കിത്തലോടി,
ഒരു പച്ചക്കൈതോല പോല്‍,
പറയാ കിന്നാരങ്ങള്‍ ചൊല്ലി.
ഇത്രയേറെ മുള്ളുനിരന്നിട്ടും,
എന്തേ കൈത തോടിറമ്പു-
വിട്ടോടിപ്പോയ്‌,ചെറുക്കാതെ?

jayant 21.08.2012

2012 ജൂലൈ 5, വ്യാഴാഴ്‌ച

ഓര്‍മപ്പച്ച

ഓര്‍മപ്പച്ച
പാച്ചില്‍പ്പുറങ്ങള്‍ക്കതിരിട്ട്‌ തണല്‍മരം;
ഛായയല്ലതില്‍ ഓര്‍മ്മയാണധികവും-
പാതയൊരുക്കി,യങ്ങനെ നേര്‍ത്തൊരു
കാടിണ്റ്റെ അവശിഷ്ടസ്മൃതി.
കാല്‍ പതിഞ്ഞും,യാനം ഗമിച്ചും
പുല്ലൊഴിഞ്ഞ വനപര്‍വ്വങ്ങള്‍,
താര്‍വഴികളില്‍ ഒരുനിരമരമായ്‌
നാം തിരിച്ചെടുത്തേക്കും.
തളര്‍ന്നുറക്കത്തിലും തണല്‍ വിരിച്ച-
വ സ്നേഹക്കാറ്റയച്ചേക്കും,
കാലമെത്താതെ മഴുവേറ്റില്ലേല്‍,
പേക്കാറ്റില്‍ ഉടലടര്‍ന്നിലേല്‍,
താഴെ കീല്‍പ്പുറങ്ങളില്‍ ഞെരിഞ്ഞ തണ്റ്റെ
താവഴികളവ നോക്കിയിരുന്നേക്കും