പേജുകള്‍‌

2014, ഡിസംബർ 8, തിങ്കളാഴ്‌ച

പെരുവഴിപ്പാണ്ടുകള്‍

വരയന്‍കുതിരയെ കണ്ടിട്ടില്ലേ?
ഒന്നിനൊന്നായ്‌ വര
കറുത്തും വെളുത്തും.
പെരുവഴിപ്പുറത്തെ
കുതിരവര കണ്ടിട്ടില്ലേ?
കടലടിപോല്‍ വണ്ടികള്‍
ഇടമുറിയാതലയ്ക്കുന്ന,
കണ്ണടച്ചാല്‍ കടല്‍വിളി
ധ്വനിക്കുമാ വഴിയൊലി.
മുറിച്ചുകയറാന്‍ പഥികന്‍
കാല്‍വച്ചും പിന്‍വലിച്ചും
കുഴയുന്ന വഴിത്തീരം.
കീലിന്‍ കരിയാഴിത്തലപ്പില്‍
പായല്‍ത്തുണ്ടളവിലൊരു
തെളിവിന് എന്തിനാ ഹേ,
കുതിരയുടെ പേര്?
പറക്കുമൊരു വെള്ളക്കുതിര-
പ്പുറമേറി ആളുകള്‍
അങ്ങോട്ടുമിങ്ങോട്ടും
പാതകടക്കുമ്പോള്‍
നമുക്ക് കുതിരകളെക്കുറിച്ച്
വീണ്ടും പറയാം.
അത്ര കാലം, "ചായം
മറിഞ്ഞെന്തോ വെളുത്ത
പാണ്ടോ പുള്ളിയോ"-
നമുക്ക് ആ വരകളെ
അങ്ങനെ വിളിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ