പേജുകള്‍‌

2014, മാർച്ച് 23, ഞായറാഴ്‌ച

കല്‍ദായച്ചൂള

ഇതൊരു പഴങ്കഥയാണ്
വേദകഥ, ഗുരുവാക്ക്‌.
യൂദരുടെ പ്രവാസകാലം
കല്‍ദായഭൂവിലെ
പതിതവാഴ്വ്.
നന്നേ ഇളതിലേ-
യിറുത്തെടുത്ത യൂദബാലര്‍:
അധീശവഴക്കം
പഠിപ്പിച്ച്, നാടും
സ്മൃതിയും വേദവു-
മെന്തിനു മൊഴിപോലും
ഉടച്ചൊരുക്കി-
ഹനനിയാ,അസറിയാ,
മിസായേല്‍, അതില്‍ മൂവര്‍.
അവരില്‍ സ്വത്വമുണര്‍ന്നത്
രാജവെറിക്കിരയായ്‌;
ചൂളയൊരുക്കി
പതിന്മടങ്ങാക്കത്തില്‍.
തീപ്പടര്‍പ്പില്‍ മൂവര്‍
ദൈവസ്തുതികള്‍ പാടി:
ഭിന്നതകളുണക്കുന്ന,
വൈരമകറ്റുന്ന
പ്രാപഞ്ചികമൊരു
ദൈവഗീതി.
നാലാമതൊരാള്‍ ചൂളയില്‍
ഇവര്‍ക്കിടെ കാണപ്പെട്ടെന്നുമത്
ദൈവദൂതെനെന്നും കഥ,
കൊടുംചൂടില്‍ കുളിര്‍
ചോരിഞ്ഞൊരു ദൂതന്‍.
ഞാന്‍ കരുതുന്നു,
അത് മൂന്നു ദൈവദൂതരും
ഒരു മനുഷ്യനുമെന്ന്‍.
സഹനത്തീയിലൊന്നായൊട്ടി
മനുഷ്യനാം മനുഷ്യന്‍,
പിന്നെ,
സഹനമെന്ന വരം
ലഭിക്കാതെ മൂന്നും
മൂന്നായ്‌ നില്‍ക്കുന്നൊരു
പറ്റം ദൈവദൂതര്‍.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ