പേജുകള്‍‌

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

സ്വയാര്‍ത്ഥം


എനിക്ക് നിന്നോടസൂയ തോന്നുന്നു,
പ്രിയരുടെ വിശേഷദിവസങ്ങളോര്‍ത്ത്‌
നീയവര്‍ക്കാശംസയുമാശിസും
നേരുന്നതില്‍; എനിക്കാവില്ലത്.
എന്‍റെയോര്‍മ്മകളില്‍  ഉറ്റവരും
ഉടയോരും നിറം മങ്ങി നില്‍പ്പൂ.

2014 സെപ്റ്റംബർ 28, ഞായറാഴ്‌ച

രണ്ടു കവിതക്കുട്ടികള്‍

ലോറി സാര്‍

'ഗുരുനാഥന്‍' എന്നാണയാള്‍
ലോറിക്കിട്ട പേര്.
നെഞ്ചത്ത് കയറാന്‍പഠിപ്പിച്ചയേതോ
ഗുരുവിന്‍റെയോര്‍മ്മയ്ക്ക്.

***

വിനീതവിധേയന്‍

ഞാനിട്ടയൊപ്പുകളൊക്കെയും
എന്‍റേതുതാനെന്ന്‍
ഇതിനാല്‍ ഞാന്‍
സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന്,
ഞാന്‍.
ഒപ്പ്‌.

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച

ആരും തുടങ്ങാത്ത മെഴുതിരിജാഥകള്‍

നമ്മുടെ വളപ്പിന്റെ
ആ അറ്റത്തൊരു യൂദനും
ഈ അറ്റത്തൊരു യാങ്കിയും
മറ്റൊരറ്റത്ത്‌ ഫിരാന്‍ഗിയും
പിന്നൊരറ്റത്ത്‌ നാസിയും
ഇല്ലാത്തിടത്തോളംകാലം
കസേരയും ചാരി
നമുക്കവരുടെ നെറികേടുകളെ
പിരാകി പല്ലിടകുത്തിയിരിക്കാം,
ഗാസയെ രാകി ചോരചുടാം,
മേലാളപ്പോരിന്‍ കരിങ്കാലങ്ങളോര്‍ക്കാം,
പുതുതീയൂട്ടി പിന്നെയും
കാലം കരിക്കാം.
അപ്പോഴും സീഞാറിനെയോര്‍ക്കണേ
മൊസൂളിനെയോര്‍ക്കണേ,
ഒരു ചെറുവാക്ക് അവര്‍ക്കൂടെ;
ജപിച്ചറുത്ത ഗളനാഡിയും,
പിഴുത തലയും തിരുനാമങ്ങളും
മെരുങ്ങാത്ത കൊലക്കയ്യും നാവും
പടച്ച, കാലത്തിന്‍റെയേറ്റം
വികലമാമൊരു ചിത്രവും.