പേജുകള്‍‌

2013 ഫെബ്രുവരി 27, ബുധനാഴ്‌ച

ഈ കയ്യും കടന്ന്‌

ഈ കയ്യും കടന്ന്‌

വസേപ്പുരിലെ ദാദഗിരി*
ഫൈസല്‍ഖാന്‍, പത്നി
മൊഹ്സീനയോട്‌ ചൊന്നത്‌:
"നിന്നെയോര്‍ത്തോര്‍ത്തെന്‍ കൈകഴച്ചു. "
ആള്‍ കുറെനാള്‍ ജയിലിലും
ഓര്‍മ്മകള്‍ പുരയ്ക്കകത്തുമായിരുന്നു.
പ്രഥമദൃഷ്ടിയില്‍ പ്രണയം
വിരിയുമ്പോള്‍ എന്താണ്‌ സംഭവിക്കുക?
എന്തായിരിക്കും അത്‌ പ്രണയ-
മെന്നുതന്നെ വിളിക്കപ്പെടുന്നത്‌?
അതിലല്‍പം ഇറച്ചിച്ചുവ-
യില്ലെങ്കില്‍ പിന്നെന്താണ്‌
പ്രണയവാഴ്‌വുകളുടെ തൊലി-
നിറക്കണക്കില്‍ കറുപ്പിന്‌
വിലയുയരാത്തത്‌?
ഹൃത്താളം കൊട്ടിക്കയറാത്ത
പ്രണയത്തിണ്റ്റെ കൈത്താളം.
______________
*GANGS OF WASSEYPUR II

2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

സ്കോറെത്രയായ്‌?

സ്കോറെത്രയായ്‌?

ഒരുനാള്‍ കേരനാട്ടിന്‍ തലപ്പത്ത്‌
ത്രിസന്ധ്യാനേരത്ത്‌,മദ്യത്തിളപ്പിലൊ-
രധമന്‍ കെട്ടിയോളെ
മേശക്കാലിനടിച്ചു കൊന്നു.
പ്രാണവേദനയുടെ നിലവിളി
അയല്‍ക്കാറ്‍ കേട്ടുവത്രേ.
ആരും തിരിഞ്ഞുനോക്കിയില്ല,
കാരണം മൂന്നുണ്ട്‌.
പള്ളുകളുടെ അധീശനാണു പുള്ളി,
തെറിപോലെ മല്ലൂസിനു പേടി
വേറൊന്നില്ലല്ലോ;ഒന്ന്.
രണ്ട്‌,ക്രിക്കറ്റ്‌ കളിയൊന്ന് ടിവിയില്‍
കത്തിക്കാളുകയായിരുന്നത്രെ;
മേശക്കാലല്ലെങ്കിലും അതും
മരവടികൊണ്ടുള്ളഭ്യാസമാണല്ലോ.
മൂന്ന്,ആയമ്മയുടെ നിലവിളി
സ്ഥിരമായ്‌ കേട്ടുമടുത്തതാണ്‌.
ആയിരത്തൊന്നാവര്‍ത്തി കഴിച്ചിട്ടും
മടുക്കാത്ത കേളികളുടെ നാടാണിത്‌.
ഒരു ചാവൊലിക്ക്‌ ലാവണ്യമില്ലല്ലോ,
റേറ്റിങ്ങും കുറവാണ്‌,മടുക്കും.
സന്ധ്യയായാല്‍ കളി നിറുത്തി
പുരകയറാന്‍ ഈ മലയാളി-
പ്പിറപ്പുകളെ ആരും പഠിപ്പിച്ചില്ലേ?


(യഥാര്‍ഥസംഭവം, തിരുവനന്തപുരം കുടപ്പനകുന്നില്‍ 2012ല്‍ നടന്നത്‌...)

2013 ഫെബ്രുവരി 19, ചൊവ്വാഴ്ച

താരാര്‍ബുദം

താരാര്‍ബുദം
യുവിയെപ്പോലെ*,ഇന്നച്ചനെപ്പോലെ**
അതികഠിനമായ ശുഭചിന്തയാല്‍
എണ്റ്റെ രോഗവിവരം കുറിച്ചു-
തരണമെന്നുണ്ട്‌,നിനക്കതു വേണ്ടെങ്കിലും.
താരമല്ല, താഴായ്മയില്ല;രോഗം
ഗ്രസിക്കുമ്പോള്‍ മണ്ണില്‍ ഞാനിഴയുന്നു.
പണമില്ലാതെ പിണമായ്പ്പിണമായ്‌
ഒടുക്കം പിന്നെയും ഞാന്‍ പിണമാകും.
അന്നെണ്റ്റെ ശവം വിട്ടുകിട്ടാന്‍
അവരെത്ര പാടുപെട്ടേക്കും.
തീ മറന്നുപോയ എണ്റ്റെയടുക്കള
അന്നും തീ കത്താതെ നില്‍ക്കും;
അയല്‍ക്കൂരയില്‍ പഷ്ണിക്കഞ്ഞി
വച്ചവര്‍ എണ്റ്റെയോര്‍മ്മ പറഞ്ഞയക്കും.
ആണ്ടുപോയ പെരുങ്കുഴികളില്‍ കിടന്ന്‌
അവര്‍ ഇനിയേറെ ജീവിതം
വാവട്ടകണക്കില്‍ ആകാശം കണ്ടുതീര്‍ക്കും.

*യുവരാജ്‌ സിംഗ്‌
**ചലച്ചിത്രനടന്‍ ഇന്നസെണ്റ്റ്‌ തണ്റ്റെ അര്‍ബുദത്തെ കുറിച്ച്‌ വളരെ സരസമായും ലാഘവത്തോടെയും ചില ശുഭചിന്തകള്‍ പങ്കിട്ടത്‌.മലയാള മനോരമ ഞായറാഴ്ചപതിപ്പ്‌(ഫെബ്രുവരി 3,2013 or refer a week back)