2014 സെപ്തംബര്‍ 30... ഷൂ ലീ ഴൂ എന്ന 24-കാരനായ യുവാവ് ചൈനയിലെ ഷെന്‍സെന്‍ എന്ന സ്ഥലത്തെ ഫോക്സ് കോണ്‍ ഇലക്ട്രോണിക് നിര്‍മ്മാണശാലയില്‍>> താഴേയ്ക്ക് ചാടി മരിച്ചു. ദാരിദ്ര്യവും, അമിത ജോലിയും, അധികാരി വര്‍ഗത്തിന്റെ നിസ്സംഗതയും സമാസമം ചേര്‍ന്ന മരണകാരണം. ആളുകള്‍ തിക്കും തിരക്കും ഉണ്ടാക്കി മേടിക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ ഉല്‍പാദിപ്പിക്കുന്നത് അവിടെയാണ്. ഇത് വായിക്കുന്ന ആരെങ്കിലും ഐ ഫോണുകള്‍ ഉപയോഗിന്നെന്കില്‍ ഒന്ന് മണുത്ത് നോക്ക്: ചിലപ്പോള്‍ ഉണങ്ങിയ ചോരയുടെ മണം കിട്ടിയേക്കും. തിന്നാന്‍ ആളുണ്ടെങ്കില്‍ പിന്നെ കൊന്നു തരാനാണോ ആളില്ലാത്തത്? അദ്ദേഹത്ത്തിന്‍റെ കുറിപ്പ് പുസ്തകങ്ങളില്‍ ജീവിതഗന്ധിയായ നിരവധി കവിതകളും കുറിമാനങ്ങളും കണ്ടെത്തി പ്രസിദ്ധീകരിച്ച http://libcom.org എന്ന ഇടതുപക്ഷ/ബഹുജനപക്ഷ ചിന്താനിധികുംഭത്തെ അഭിമാനത്തോടെ ഓര്‍ക്കുന്നു, നന്ദിയോടെയും. ഈ ഇന്റര്‍നെറ്റ് സ്ഥലി സന്ദര്‍ശിക്കാന്‍ മറക്കല്ലേ.
http://libcom.org/blog/xulizhi-foxconn-suicide-poetry
പരിഭാഷ: I SPEAK OF BLOOD
http://libcom.org/blog/xulizhi-foxconn-suicide-poetry
പരിഭാഷ: I SPEAK OF BLOOD
എന്‍റെ വാക്കില്‍ ചോരയുണ്ട്,
അതില്ലാതെ വയ്യ.
പൂവാടുമിളങ്കാറ്റും
മഞ്ഞിന്‍ചെപ്പിലെയമ്പിളിയും:
എനിക്കിഷ്ടമാണ് അവയെ-
ക്കുറിച്ച് പറയാനേറെ;
പെരുമാള്‍ക്കഥകളും
വീഞ്ഞിറ്റും കവനകേളിയും-
ഇഷ്ടമാണേറെ ചൊല്ലുവാന്‍.
എങ്കിലും നിജബോധങ്ങള്‍
നിണഗീതിയല്ലാതെ മറ്റൊന്നു-
ന്റെ നാവില്‍ ചാര്‍ത്തീല്ല.
രക്തം, തീപ്പെട്ടിച്ചാളയില്‍
ഇറുകിക്കഴിഞ്ഞ്
സൂര്യാംശു തഴുകാത്ത
തൊഴിലാളും പെണ്ണും
കുമിഞ്ഞിറങ്ങുന്ന
വാടകക്കൂട്ടിലെ രക്തം.
ദൂരെ ദൂരേക്ക് കെട്ടിച്ചയച്ച
ഗതിയറ്റലയും സ്ത്രീകള്‍,
തട്ടുകടയില്‍ നാടന്‍ കൊതി
വില്‍ക്കും സിഹ്വാന്‍ പയ്യര്‍,
ഹെനാനിലെ കിഴവിത്തള്ളകള്‍
വില്‍ക്കാന്‍ നിരത്തിയ വഴികള്‍;
പിന്നെ ഞാന്‍ പകലാകെ
ജീവിതമെത്തിപ്പിടിക്കാനോടി-
ത്തളര്‍ന്നീ രാത്രിയില്‍
കവിതയ്കായ് കണ്‍പാര്‍ത്തിരിപ്പൂ.
ഞാനിവരെക്കുറിച്ചാണ് പറയുന്നത്,
ഞങ്ങളെക്കുറിച്ച്.
വാഴ്വിന്‍ ചെളിപ്പരപ്പില്‍
വലയുന്ന ഞങ്ങളുറുമ്പുകള്‍.
തൊഴിലിടപ്പാതയിലുടനീളം
പതിഞ്ഞുണങ്ങും ചോരമൊട്ട്,
പോലീസ് പടയോടിച്ചിട്ടടിച്ചും,
യന്ത്രം ചതച്ചതും, ചോര.
ഉറക്കക്കേടും വ്യാധിയും
തൊഴില്‍ച്ചേതവും ആത്മവധവും
വാക്കിന്‍ പൊട്ടിത്തെറികളും
വകഞ്ഞുമാറ്റി ഞാന്‍,
പവിഴനദിപ്പൊഴിയില്‍*
പണിയിടയാജ്ഞയാം
കൊലവാള്‍ പിളര്‍ത്തിയ
ദേശനാഭിയില്‍ നിന്ന് ഞാന്‍
ഇതെല്ലാം നിന്നോടു പറയുന്നു,
നാവടഞ്ഞുപോകുന്നെന്‍-
നാവു വിണ്ടുപോകിലും.
മൌനം, ഈ യുഗത്തിന്‍
മൌനം ചിന്തിയെറിയാന്‍,
നിണഗാഥ ചൊല്ലുവാന്‍, പിന്നെ
വാനം പൊളിഞ്ഞു വീണതും.
എന്‍റെ നിണമൊഴികള്‍,
വായാകെ ചോപ്പ്.
*Pearl River Delta, booming economic zone in China
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ