പേജുകള്‍‌

2014, ജൂലൈ 26, ശനിയാഴ്‌ച

മഞ്ഞത്തൊപ്പിക്കാര്‍


നമ്മുടെ തൊഴിലിടങ്ങള്‍
മറുനാട്ടരങ്ങല്ലേ!
അടുക്കടുക്കായ് നരനടരുകള്‍
ചേര്‍ന്നും കൊഴിഞ്ഞും
തൊഴില്‍ത്താവളം
വിട്ടുയരാത്ത ചാമ്പല്‍കിനാക്കളു-
മൊരുപിടി പൂവിട്ട സ്വപ്നവും
പുണര്‍ന്നിണയും കിതപ്പില്‍
ജന്മഗേഹം വിട്ടുപാറിയ
മറുജന്മങ്ങളുയിര്‍ക്കുന്നു,
പൊറുതി തേടുന്നു.
അവരെന്താണ് മഞ്ഞ-
ത്തൊപ്പി ധരിക്കാത്തത്-
ശിരോരക്ഷ! തലനിറഞ്ഞ്
സ്വപ്നങ്ങളവര്‍ക്കില്ലേ!
പച്ചക്കടുകടിഞ്ഞ
വെള്ളത്തൊട്ടിയില്‍ ഒന്ന് രണ്ടു
മഞ്ഞത്തൊപ്പികള്‍ വഞ്ചിയോടുന്നല്ലോ?
ഊണുനേരങ്ങളിലും
സന്ധ്യയിലുമവര്‍ അതില്‍
വെള്ളം കോരി
ശുചി ചെയ്യുന്നല്ലോ!
മഞ്ഞ നല്ലൊരു നിറമാണ്.
പണിയാള്‍ക്കൂടുകള്‍
ചൂഴ്ന്നുനില്‍ക്കുന്ന
കാട്ടുപൊന്തയിരുട്ടില്‍
മഞ്ഞയെഴുന്നുനില്‍ക്കും;
കരിപുരണ്ട രാവിലും
കുറഞ്ഞ വാട്സിന്‍റെ
നേര്‍ത്ത തെളിവിലും
മഞ്ഞയെഴുന്നുനില്‍ക്കും;
വെള്ളം വേണ്ടതിനൊക്കെയും
ഒരു മഞ്ഞത്തൊപ്പിയുമായ്‌
തൊട്ടികള്‍ തേടാം.
അല്ലെങ്കിലും മഞ്ഞത്തൊപ്പി
വേറെയെന്തിനാ?
തകരാത്ത തലകള്‍
എണ്ണിക്കുറിക്കാന്‍
കണ്ണില്‍ക്കുത്തുന്ന
മഞ്ഞ വേണ്ടല്ലോ!
പിന്നെ,
തകര്‍ന്ന മറുനാടന്‍
തലകളെ ആര്‍ക്കാണു ഭയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ