പേജുകള്‍‌

2014 ഫെബ്രുവരി 5, ബുധനാഴ്‌ച

മണ്ടേല

മണ്ടേല

പ്രിയ ജോഹാനെസ്‌ബര്‍ഗ്,
നിന്‍റെ നഷ്ടത്തില്‍
ദുഃഖമുണര്‍ത്തിക്കട്ടെ
വൈകിയെങ്കിലുമാദ്യം.
നീയറിഞ്ഞുകാണുമല്ലോ,
നിന്‍റെ ഇരുള്‍ക്കഥകളെ
വെളുപ്പിച്ച നിന്‍റെ
പ്രിയപുത്രന്‍ മരിച്ചിട്ട്
പിന്നെയതിന്‍ മുമ്പും
മലയാളക്കുറിയില്‍ പലവട്ടം
വെളിപ്പെട്ടുവെന്ന്‍.
നമ്മള്‍ തമ്മിലെയകലം,
അന്തരമെല്ലാം നോക്കിയാല്‍
കണക്കറ്റ് ഞങ്ങള്‍ ഊറ്റം
കൊണ്ടതാണ് മണ്ടേലയെച്ചൊല്ലി,
ഞങ്ങള്‍ മലയാളികള്‍
വെളുത്തവരായിട്ടുകൂടി;
കണ്ടിട്ടില്ലേ ഞങ്ങളുടെ
തിരപ്പടങ്ങള്‍, പുസ്തകങ്ങള്‍
കാലികങ്ങള്‍,പരസ്യപ്പെരുംപുറം,
കണ്ടിട്ടില്ലേ ഞങ്ങളുടെ
ഫേസ്ബുക്ക് കമന്‍റുകള്‍,
കല്യാണത്തിളക്കങ്ങള്‍,
എല്ലാം വെളുത്തും തുടുത്തും
നിറയുന്ന പൂമേനിയല്ലേ!
എന്നിട്ടും ഞങ്ങള്‍ക്കിഷ്ട-
മായിരുന്നേറെ മണ്ടേലയെ.
നിര്‍ത്തട്ടെ, ഒരു പണിയുണ്ട്-
ദില്ലീലൊരു പുംഗവന്‍
ഒരു പഴങ്കവിതയില്‍
കറുത്ത് മെലിഞ്ഞവര്‍
എന്ന് മങ്കമാരെ വിളിച്ചതായറിഞ്ഞു,
നല്ല നാല് പറയാനുണ്ട്,
എവിടെയാ ചൂല്.

2014 ഫെബ്രുവരി 1, ശനിയാഴ്‌ച

കടല്‍നാക്ക്

കടല്‍നാക്ക്
കമാലക്കടവി*ലെന്‍റെ
കാല്‍ക്കുരുന്നോടിയ കാലം;
ചിതറിയടിഞ്ഞ കണവാസ്ഥികള്‍
കടല്‍നാക്കെന്നവര്‍ പറഞ്ഞു.
നിര്‍ത്താതെ അലച്ച്
തേഞ്ഞുണങ്ങിപ്പോയവ
പുതുനാവുകള്‍ക്കായി
കടലൊഴിഞ്ഞതാകാമെന്നുമോര്‍ത്തു.
മുതിര്‍ന്നപ്പോള്‍ അവ ഞാന്‍
കാണ്മത് നിര്‍ത്താതെ ചിലയ്ക്കുന്ന
സ്നേഹക്കിളിക്കൂട്ടില്‍-
കൊഞ്ചിപ്പെറുക്കിയവ
കൊത്തികോതിയതിന്‍ ചുണ്ണാമ്പ്‌.
ധാതുക്ഷയം തീര്‍ന്നോര-
ണ്ഡപടലമൊരു
കിളിക്കുഞ്ഞിനെ കാക്കും,
ശബ്ദഭൂവിലെക്കുയര്‍ത്തും.
കടല്‍ പിന്നെയും നാവു-
രിയുന്നു, ജീവമജീവവും;
രാഗമാലപോലേറിക്കുറയുന്ന
സ്വരദ്യുതിയില്‍,
ഒരു കടല്‍ദീപംപോല്‍;
ചില സ്വരാരോഹണങ്ങളില്‍
ജീവനെ പുണര്‍ന്നേറി,
മൂന്നാംപക്കമവരോഹണത്തില്‍
സ്വരം മൃതമായുലഞ്ഞും.
കടല്‍ നാവുകള്‍
ഉതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
നീ കേള്‍ക്കുന്നുണ്ടോ?


*കൊച്ചി കടപ്പുറത്തിന്‍റെ ഒരു പേര്

2014 ജനുവരി 11, ശനിയാഴ്‌ച

ഗുല്‍മോഹര്‍

ഗുല്‍മോഹര്‍
ഇലയാഴിയിളകുന്ന
വാകത്തലപ്പില്‍
ആയിരം തീക്കണം
ചെമ്പൂവായ്‌ പിറക്കവേ
അടര്‍ന്നിട്ടും കനലടങ്ങാത്ത
ദളശതം ഇറുത്തിട്ട
മാംസം കണക്കെ-
മണ്ണില്‍ ചോപ്പ് കിനിയുന്നു;
ഒരു ചെന്താരഗോളം
വീണു ചിതറി പോലെയും
ഇതിലും ചേലായ്
ആ നിറമെനിക്ക്
വര്‍ണ്ണിക്കാവതല്ല,
ഒരുപക്ഷെ നിനക്കതായേക്കും
പക്ഷെ ഓര്‍ക്കണേ
വിവരിച്ചുവരുമ്പോള്‍
നിറം മാറിയത്‌
മറ്റൊരു നിറവര്‍ണ്ണനയാകാ.
വാകപ്പൂഞ്ചെപ്പഴിച്ച്,
ഇതളുടുപ്പിച്ചൊരുക്കി,
പുറമേ പച്ചയും കീഴെ
ചെഞ്ചെമപ്പുമൊളിപ്പിച്ച
നഖവാള്‍ ചുഴറ്റുമ്പോള്‍
വെട്ടിവെടിപ്പാക്കിയ
തരളനഖങ്ങളെ
വെല്ലുന്നോരാവേഗം
വിരലറ്റം പേറുന്നു;
മിന്നലിടെ പാഞ്ഞൊരു
ചിതല്‍വഴി പോലത്-
ശിരോധമനിയുണരുന്നു.
കനമുള്ള മുനയുള്ള
നഖങ്ങളില്ലാത്തത്
നമുക്കൊരുകാലത്തും
ഒരു പ്രശ്നമായിരുന്നില്ല.