പേജുകള്‍‌

2013 നവംബർ 24, ഞായറാഴ്‌ച

ബഹുഭാഷി

ബഹുഭാഷി

മലയാളം-ആര്യദ്രാവിഡ
മിശ്രമുണ്ടതില്‍,മലയാളിയുമങ്ങനെ.
ഏത്‌ കേമമെന്നലിവിടെ വിചാരം,
ഏതു സംസ്കൃതമേത്‌ പ്രാകൃതമെന്നും.
മൊഴിനിവരുമ്പോള്‍
മഹിതമൊരു ലാഞ്ചന,
ഉള്ളില്‍ കനമൊളിപ്പിച്ച്‌
പൊളിവിചാരം.
ഇരുഭാഷ നേര്‍നേര്‍
സന്ധിച്ച്‌ പിറന്നിട്ടും
വേണ്ടവ കുറിക്കാന്‍
രണ്ടും മതിയാഞ്ഞ്‌
പലഭാഷതേടുന്നു
മലയാളം,മലയാളിയുമങ്ങനെ.  

2013 നവംബർ 18, തിങ്കളാഴ്‌ച

ശാഖീയം

ശാഖീയം

ഇലകള്‍ തളിര്‍ത്തും പൊഴിച്ചും
ഋതുമേനി പതിയെ
പുണരുന്നൊരു തരു;
നാമീ സംഗമം കാണ്‍മതേയില്ല.
കരിയിലപ്പാടിണ്റ്റെ കലമ്പം,
ഉണരാത്ത പൂഞ്ഞെട്ട്‌,കനിമൊട്ട്‌-
മരത്തിണ്റ്റെ പ്രണയം വിടരുവോളം
നമ്മിലക്ഷമയുടെയെത്രകാതങ്ങള്‍.  

2013 നവംബർ 3, ഞായറാഴ്‌ച

വനം വനത്തോട്‌

വനം വനത്തോട്‌

നിങ്ങളോടൊരു വാക്ക്‌:
വിപ്ളവം തോക്കിന്‍കുഴലില്‍
വിടരുന്നില്ല, പുലരുന്നില്ല.
ആയിരുന്നെങ്കില്‍ യന്ത്രത്തോക്കിലും
പീരങ്കിയിലും മഹാവിപ്ളവം പിറന്നേനേ.
അവരോടൊരു വാക്ക്‌:
ഒരു വിപ്ളവം പോലും
തോക്കിന്‍മുനയിലൊടുങ്ങില്ല
ആയിരുന്നെങ്കില്‍ തോക്കും
കവാത്തും ഭയന്നാളുകള്‍
ഉണ്ടുമുറങ്ങിക്കഴിഞ്ഞേനേ.
ഇന്നോളവും പല്ലിനായ്‌ നാം
പല്ല്‌ കരുതുന്നത്‌
ഉള്ളിലടരാത്തതാം
അബോധമൊരു വനന്യായം.
എല്ലാവരോടുമൊരു വാക്ക്‌:
നുണയുന്നൊരു കൊതിവായ
കശക്കുന്നൊരു പെരുംകൈ
ഞെരിക്കുന്നൊരു കൊടുംകാല്‍-
ഗോത്രഭൂമികളിലെ
പ്രാക്തനസ്വപ്നങ്ങളില്‍
ഇവ വന്നുകയറിയിട്ട്‌
നാളേറെയായില്ല;
സ്വച്ഛസ്വപ്നങ്ങളുടെ
പോക്കുകാലം.