പേജുകള്‍‌

2013 മാർച്ച് 9, ശനിയാഴ്‌ച

മത്സ്യപ്രദര്‍ശിനി

മത്സ്യപ്രദര്‍ശിനി

ഇടവിട്ടിടവിട്ട്‌ കൊത്തിയിട്ടും
നീങ്ങാത്ത പ്രതലം
മറുഭാഗം കാണിച്ചന-
ങ്ങാതെ നില്‍ക്കുന്നയാ പ്രതലം,
മീന്‍കൂട്ടമേ, അതു ചില്ലാണ്‌.
കാഴ്ചകളെ മാത്രം കടത്തിവിടും;
ആ കാഴ്ചകളില്‍ നീ
കാണുന്നയീ ഞാന്‍, ഈ ലോകം
ചര്‍മ്മാന്തരം പ്രാപിച്ച ജലജീവിതങ്ങളല്ല.
ചെവിടില്ലാത്ത നീയും
ചെകിളയില്ലാത്ത ഞാനും
ജല, നിര്‍ജലമാം
നമ്മുടെ ലോകാന്തരങ്ങളും
തമ്മിലിടചേര്‍ന്ന്‌
വായുകല്‍പനത്തില്‍ നമ്മിലുള്ളിടച്ചില്‍
അന്യോന്യം ശ്വാസം കവരാതിരിക്കുവാന്‍
സഹജീവനത്തിന്‍ സ്ഫടികബന്ധം.

2013 മാർച്ച് 5, ചൊവ്വാഴ്ച

കണ്ടംഡ്‌ സെല്‍ഫോണ്‍

കണ്ടംഡ്‌ സെല്‍ഫോണ്‍

കരഫോണുകള്‍ പിരിയന്‍കമ്പികളില്‍
കറങ്ങി തലചുറ്റിക്കിടന്നു.
ആണ്ടുകളുടെ നേര്‍ച്ചകള്‍ക്കൊടുവില്‍
അവ കനിഞ്ഞിങ്ങണഞ്ഞപ്പോള്‍
ഇരിപ്പറകളില്‍ നനുത്തതുണി മൂടി
അവ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു.
ഇടയ്ക്കിടെ മൂളലണച്ചവര്‍
ചത്തുപോയി വീണ്ടുമുയിര്‍ത്തിരുന്നു.
ശബ്ദവിളംബരത്തിന്‍ വാതായനം
തുറന്നിരുന്നു, നമ്മില്‍ ആശ്വാസകൂജനം.
വിരലോടിടഞ്ഞ്‌ വില്ലയവില്ലാത്ത
മുഖവട്ടം ധരിച്ച,വരുടെ വയോധികര്‍;
പൊരുത്തമില്ലാശ്രുതി മീട്ടി
വിരലിടിയില്‍ മൂളിക്കൊണ്ടിവരും
മണിമുഴക്കത്തിന്‍ ഏകതാനത്തില്‍
ഉദ്വേഗം ചെത്തിക്കൂര്‍പ്പിച്ചു;
ഒരുവിളിയില്‍ പലയാളെ
വിളിച്ചടുപ്പിക്കും മണിക്കലാശം.
എല്ലാം കേട്ടിട്ടും പറഞ്ഞിട്ടുമൊടുക്കം
ഫോണ്‍ വച്ചു നാം മടങ്ങി,
വിധിയുടെ മുഖദാവിലുടയാത്ത
അവധൂതമനമായ്‌,സര്‍വം പിന്നിട്ട്‌.
ഇന്ന്‌,സെല്‍ഫോണ്‍കാലത്ത്‌
ഫോണ്‍ വയ്ക്കട്ടെയെന്നത്‌
ആണ്ടുപോയ ഒരു ശീല്‌,
വയ്ക്കാന്‍ ഒരു തട്ടുണ്ടായിട്ടല്ല.
ഒടുക്കം എന്നിലേക്കുതന്നെ
ഫോണ്‍ വച്ചിട്ട്‌ ഞാനാകുന്നു,
ഞാനകലുന്നു,ഞാനലയുന്നു.
എന്നില്‍ വിങ്ങിനില്‍ക്കുമെന്തോ
തരിച്ചും ചിലച്ചും പാടിയും
എന്നിലേക്കെന്നെയുണര്‍ത്തുന്നു.

2013 മാർച്ച് 1, വെള്ളിയാഴ്‌ച

സ്മൃതികളുണ്ടായിരിക്കണം

സ്മൃതികളുണ്ടായിരിക്കണം

മനുവേ,മഹാഗുരോ,
പെണ്‍വാഴ്‌വുകാലത്തെ
മൂന്നായ്‌ വിടര്‍ത്തി,
താതകാന്തപുത്രത്രയമാം
ത്രാതാക്കളിലര്‍പ്പിച്ചതിന്‍
വിടുതല്‍ അടച്ച്‌
സ്മൃതിപദം കുറിച്ചോനേ,
പളുങ്കാണ്‌ പെണ്ണ്‌,പാലിക്കേണ്ടും
മദഭരമാണ്‌ പെണ്ണ്‌,തടയേണ്ടും-
നിണ്റ്റെ വിവക്ഷകളളക്കവേ
രണ്ടായര്‍ത്ഥം കിടയുന്നു.
മന്വന്തരങ്ങള്‍ കഴിഞ്ഞു ഞാന്‍
ഒരു തിരുത്തയക്കട്ടെ.
"പിതാ ഭക്ഷിതി കൌമാരേ,
ഭര്‍ത്താ കാംക്ഷിതി യൌവ്വനേ,
പുത്രാ ശിക്ഷിതി വാര്‍ദ്ധക്യേ,
നഃ സ്ത്രീ സ്വാതന്ത്യ്രമര്‍ഹതി. "-
മന്ത്രനടുവില്‍ രകാരം
തുരത്തും തിരുത്തിന്‍ രാക്കരം.