പേജുകള്‍‌

2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച

ഒരാൾ <പരിഭാഷ>

മൂന്നാലുപേറ്‍ ഒരു മുറിയിലുള്ളതില്‍

ഒരാളെപ്പോഴും ജനലരികെ നിന്ന്
പുറംപാളയങ്ങളിലനീതിയും
കുന്നിന്‍മുകളില്‍ വെടിത്തീയും
കാണുവാന്‍ വിധിക്കപ്പെടും.
പൂര്‍ണ്ണകായരായ്‌ രാവിലെ
വീടുവിട്ടിറങ്ങിയവര്‍
വൈകിട്ട്‌ ചില്ലറപോല്‍
വീട്ടിലേക്ക്‌ പൊതിഞ്ഞെടുക്കപ്പെടും.
മൂന്നാലുപേറ്‍ ഒരുമുറിയിലുള്ളതില്‍
ഒരാളെപ്പോഴും ജനലോരം-
ചിന്തമേല്‍ മുടിഭാരംചാര്‍ത്തി;
പിന്നിലൊരു മൊഴി, അലയുന്നു
തൂക്കാതൊരു ഭാണ്ഡം;
ഇടമില്ലാത്ത ഹൃദയങ്ങളില്‍
ഈറനല്ലാത്ത പ്രവചനങ്ങള്‍;
മഹാശിലകള്‍ നാട്ടിയതിവിടവിടെ,
അടഞ്ഞൊരു കുറിമാനം പോല്‍,
മേല്‍വിലാസം പേറാതെ,
ആരും ഏല്‍ക്കാതെ.



യെഹൂദാ അമിഖായി 
Yehuda Amichai

Of Three Or Four In The Room

2013 ഓഗസ്റ്റ് 18, ഞായറാഴ്‌ച

കഷ്ടം <പരിഭാഷ>

കഷ്ടം, നമ്മള്‍ നല്ലൊരു സംവിധാനമായിരുന്നു;

നിണ്റ്റെ തുടകള്‍ എണ്റ്റെയിടുപ്പില്‍-
നിന്നവര്‍ ഛേദിച്ചു;
എനിക്കു തോന്നുന്നു,
അവരെല്ലാം സര്‍ജന്‍മാരാണ്‌, എല്ലാം.
നമ്മെ അവര്‍ പൊളിച്ചുനിരത്തി,
ഒന്ന്‌ മറ്റൊന്നില്‍നിന്ന്‌;
എനിക്കു തോന്നുന്നു,
അവരെല്ലാം എന്‍ജിനിയര്‍മാരാണ്‌, എല്ലാം.
കഷ്ടം നമ്മള്‍ ഉത്തമം,
സ്നേഹം നിറഞ്ഞൊരു സംവിധാനമായിരുന്നു-
നരനും ഭാര്യയും ചേര്‍ന്നൊരു വിമാനം
ചിറകും ഒന്നും കുറയാതെ
ഭൂമിയില്‍ നിന്നല്‍പ്പം പൊന്തി
തെല്ല്‌ നാം പറക്കുകകൂടി ചെയ്തു.



യെഹൂദ അമിഖായി

Yehuda Amichai


2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച

ശാന്തി പരത്തുന്നു <പരിഭാഷ>

എണ്റ്റെ കുഞ്ഞ്‌ ശാന്തി പരത്തുന്നു

ഒരു മണമെന്നപോലെ,
കുനിഞ്ഞ്‌ ഞാനവനെ തൊടുമ്പോള്‍,
അതൊരു സോപ്പുമണമല്ലതന്നെ.
എല്ലാവരും ശാന്തി പരത്തുന്ന
പൈതങ്ങളായിരുന്നു.
എന്നിട്ടുമീ നാട്ടില്‍ ചലിക്കുന്നൊരു
തിരികല്ലും ശേഷിച്ചില്ല.
തയ്യല്‍ വഴങ്ങാത്ത
കീറത്തുണിപോല്‍ നാട്‌.
മക്ഫേലയിലെ* കല്ലറയില്‍
ഒറ്റപ്പെട്ട്‌ ഞെരുങ്ങി പിതാമഹര്‍;
കുട്ടികളില്ലാത്തപോല്‍ നിശ്ശബ്ദം.
എണ്റ്റെ കുഞ്ഞ്‌ ശാന്തി പരത്തുന്നു,
ദൈവം നമുക്ക്‌ നല്‍കാത്തൊരുറപ്പ്‌
അമ്മയുടെയുദരം അവനു നല്‍കി.

*മക്ഫേല:യെഹൂദചരിത്രത്തില്‍ അബ്രഹാം, ഇസഹാക്ക്‌, യാക്കോബ്‌,റാഹേല്‍, റബേക്ക തുടങ്ങിയ പൂര്‍വ്വപിതാക്കന്‍മാരും പൂര്‍വ്വമാതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി.


Yehuda Amichai  യഹൂദാ അമിഖായി