പേജുകള്‍‌

2013 ജൂലൈ 28, ഞായറാഴ്‌ച

കവിതക്കുറ്റികള്‍

കവിതക്കുറ്റികള്‍

മായാന്‍ വിടാതെ
വലിച്ചുനീട്ടിയ ചിരി
വളിച്ചുതുടങ്ങി.
***


വെളിച്ചം തൂകിയിട്ടും
നിഴല്‍ചാര്‍ത്തുമായ്‌
വിളക്കുകാല്‍.

***

ചര്‍ച്ച സുഖമുള്ളേ-
ര്‍പ്പാടാണ്‌, കാല്‍ ചുടാത്ത
തീ-ഡ്യൂപ്പ്‌ കാവടി.

***

എന്നെ പിണക്കാതെന്‍ മുഖം-
നോക്കി കൊലവിളിക്കാം
നിനക്കൊരു മറുഭാഷയില്‍.

***

കാര്‍ന്നോരെല്ലാമടങ്ങി
ഇനി നമുക്ക്‌
മരിച്ചുതുടങ്ങാം.

***
മുന്‍ ഉപാസകന്‍
വിട്ടിട്ട്‌ പോയ തിരിക്കാല്‍,
തൂക്കുവിളക്ക്‌, മെതിയടി,
ധൂപക്കുറ്റി, തളിക്കുറ്റി,കൈമണി-
യൊക്കിവിടുണ്ട്‌;
എല്ലാം മുന്തിയ പിച്ചള.

2013 ജൂൺ 20, വ്യാഴാഴ്‌ച

സമാധാനത്തിണ്റ്റെ കാരണങ്ങള്‍

സമാധാനത്തിണ്റ്റെ കാരണങ്ങള്‍
നടന്നു നീങ്ങുമ്പോള്‍, പിന്നിലൊരു
നായ മുരണ്ടുവിളിക്കുന്നു.
ഭയക്കണം,ഭുവനവ്യാപാരതന്ത്രം
പഠിച്ചുറച്ചവനെപ്പോലാണവണ്റ്റെ നില്‍പ്പ്‌.
ആയുധമെന്തുവോര്‍ അതൊന്നു
നിലത്തിറക്കേണ്ട താമസം,
കൊത്തിനുറുക്കി, കുടലും
ചങ്കുമിത്യാദിയംഗങ്ങള്‍ വലിച്ചിറക്കി
ചോരപ്പെയ്ത്തില്‍ കുളിച്ച്‌
ഈറനുടുത്ത്‌ കയറുമെതിര്‍ത്തല,
എതിര്‍പ്പിന്‍മേല്‍ വാള്‍ത്തലവീശി
കണ്‍ചിമ്മാതെയവരിങ്ങനെ നില്‍ക്കും.
എന്താണീവിധം എന്നെ വിരട്ടി-
ഈ നായിണ്റ്റെ മോന്‍ നില്‍പ്പൂ.
കുനിഞ്ഞ്‌ കല്ല്‌ പരതുന്നപോല്‍
നടിച്ച്‌ നിവര്‍ന്ന്‌ തൊടുത്ത്‌:
പായുന്നു ശുനകനും ഇത്രനേരം
എന്നെ വലച്ച ഭീതിയും.
അന്യോന്യഭയത്തിന്‍ സൂക്ഷ്മ-
സന്തുലനത്തെ സമധാനമെന്ന്‌ പേരിട്ട്‌
സര്‍വചരാചരങ്ങള്‍ക്കും സഹജര്‍ക്കും
മേന്‍മേല്‍ ശാന്തിയോതി നടന്നകലുന്നു ഞാന്‍.

2013 ജൂൺ 13, വ്യാഴാഴ്‌ച

ചായയെടുക്കട്ടെ

ചായയെടുക്കട്ടെ
തീയുണ്ട്‌ ചായ തിളക്കുമ്പോളതിന്‌
അവതാരലക്ഷ്യങ്ങളില്ലാതില്ല.
കറയൂറി ജലം തീക്ഷ്ണമായ്‌
തിളങ്ങുമ്പോളതിനുമുണ്ടുദ്ദേശ്യം.
രണ്ടുകോപ്പ ചായമേല്‍ പറഞ്ഞൊടുക്കാ-
നാകാത്ത പ്രശ്നമില്ലിഹത്തില്‍;
കോപ്പയില്‍ വന്‍കാറ്റിനിടമുണ്ട്‌,
ചായക്കിടമില്ലെന്നു വന്നീടില്‍.
നിദ്രാലസ്യബന്ധനമുക്തരാകാ-
തെത്ര ഗ്രാമീണരീയിടവഴിപ്പീടികയില്‍
ചായ കുടിക്കേ പകരുന്നു സ്വപ്നവും,
വ്യഥയും, വാശിയും വീരസ്യവും.
ഉറങ്ങാന്‍ വൈകുന്ന നഗരമുണര്‍ന്നിറങ്ങും
അതിദ്രുത വഴിയോരങ്ങളി-
ലിടമില്ല ഒതുങ്ങിനില്‍ക്കാന്‍, കാഴ്ചകാണാന്‍,
ചിരിയൊഴുക്കാന്‍, പറഞ്ഞൊരുക്കാന്‍
ചെന്നുകേറുന്ന വീടേതിലും നീ
സ്വീകാര്യനാണെന്നാദ്യമേയോതി,
സ്നേഹസാന്ദ്രമായ്‌ നീട്ടിയ കൈകളില്‍
കണ്ടില്ലേ ഒരു കോപ്പ ചായ കണ്‍ചിമ്മിയത്‌.
മതിമറന്നുറങ്ങാന്‍ മദിരയാവാം
ദുരമൂത്തുറങ്ങാന്‍ രുധിരമാവാം
കണ്ണിലിരൂള്‍ ചേരുമീ മദ്ധ്യാഹ്നത്തില്‍
ഉണര്‍ന്നിരിക്കാന്‍ ഒരു ചായയെടുക്കട്ടെ.