പേജുകള്‍‌

2021, മേയ് 23, ഞായറാഴ്‌ച

ആധിയും വ്യാധിയും മോദവും


ഈ വ്യാധി തുടങ്ങിയ കാലം മുതൽ
അയാൾ ആധി അകറ്റാൻ, പ്രാസത്തില്‍
കവിതകൾ ചൊല്ലുമായിരുന്നു.
പലതും നാം തീ കൊളുത്തിയും
തകരം കൊട്ടിയും ഏറ്റുപാടി.
ചില്ലിട്ട ശാലകളിൽ പാർപ്പുറപ്പിച്ചയാൾ
ചേലിട്ട ശീലുകൾ പറഞ്ഞുറപ്പിച്ചു.
🔸
മൊഴിമാറ്റം വഴക്കാത്ത
ചേലുണ്ടതിൽ.
ചുണ്ടുകൾ ഇടറുന്ന
കടുനോവുണ്ട്.
തുള്ളിക്കൊരു കുടം
പാകം കണ്ണീരതിൽ.
🔹
ഇങ്ങനെ മൂന്ന്
ഒറ്റവരിക്കവിതകൾ 
വായിക്കട്ടെ ഞാൻ.
നാടറിയണം, ഹിന്ദി പേശാത്ത
നാടറിയണം, ഈ കവിമഹിമ.
ഈ നാടിന്റെ ജ്ഞാനവൃദ്ധനെ.
🔸
കവിത ഒന്ന്:
2020 അന്ത്യം.

"ജബ് തക് ദവായ് നഹി
തബ് തക് ഢിലയ് നഹി"
(മരുന്നെത്തും വരെ
അശ്രദ്ധ പാടില്ല.)

ചില അശ്രദ്ധകൾ
നമുക്ക് ശ്രദ്ധിക്കാതിരിക്കാമല്ലേ!
മരുന്നെത്തിയില്ലേലും.
🔹
കവിത രണ്ട്:
2021 ആദ്യം.

"ദവായ് ഭീ ഔർ കഡായ് ഭീ"
(മരുന്നും വേണം സൂക്ഷവും)

ഹിന്ദി പേശാത്തവർ ഫോൺ-
തലയ്ക്കൽ കേട്ട
"ദി വൈബി ഓർ ക്ളൈബി".

ആരും പേടിക്കേണ്ട
മരുന്ന് എത്തിയിട്ടുണ്ട്,
ഇനി സൂക്ഷിച്ചാൽ മതി.
🔸
കവിത മൂന്ന്:
2021 മദ്ധ്യം

"യഹാം ബീമാർ വഹാം ഉപചാർ"
(രോഗമുള്ളിടത്ത് പരിചരണം)

പടികടന്നെത്തുന്ന പരിചരണം.
അയാളുടെ സുഖമൊഴികൾ 
രോഗിക്ക് ചാരെയുണ്ട്: ഉപചാർ.
🔹
ചാരെയുമില്ല, ഉപചാരവുമില്ല.
ആരും പടിയിറങ്ങുന്നുമില്ല.
ഇനിയും പടിയിറങ്ങിയവർക്ക്
അന്ത്യമൊരുപചാരം പോലുമില്ല.
വട്ടിക്കണക്കിൽ തീവെട്ടിക്കാലത്തിൽ
ഒരു വട്ടി ചാരമായ് അവർ.

2019, ഓഗസ്റ്റ് 25, ഞായറാഴ്‌ച

പച്ച കത്തിയ മുനിയുടല്‍



വേദവിഞാനം മുഴങ്ങിക്കേട്ടിരുന്ന ആ ആശ്രമത്തില്‍ ഒരു വലിയ നടുമുറ്റം ഉണ്ടായിരുന്നു. വളരെ വലുത്. മാവുകള്‍ നിര നിന്നിരുന്ന ഒന്ന്. കളകള്‍ പറിച്ചു നീക്കി എന്ന് ആശ്വസിക്കാന്‍ പായപ്പുല്ലുകള്‍ നട്ടു നിരത്തിയിരുന്നു. മണ്ണിനെ

പച്ച പുതപ്പിക്കാനുള്ള ആഗ്രഹമായിരുന്നോ അതോ മണ്ണ് കാണുമ്പോള്‍ ഉള്ള അറപ്പ് മാറ്റാനോ എന്ന് അറിയില്ല. പച്ചമണ്ണ് ഒരു ശത്രുവാണ്. അതിനെ കെട്ടിപ്പൂട്ടി പൊതിഞ്ഞുകെട്ടി കാല്‍ക്കീഴിലാക്കി, കൂരക്കീഴിലാക്കി,

കേട്ടിപ്പൊക്കിയതിന്റെയുമൊക്കെ കീഴിലാക്കി വയ്ക്കണം. മണ്ണിനെ മാനം കാണിക്കരുത്. മണ്ണിലടിയും എന്ന ചിന്ത പോലും കുറിക്കരുത്.
അങ്ങനെയുള്ള മണ്ണിന്റെ അകവഴികള്‍ തുറന്ന് പച്ചമണ്ണ് മാന്തി പുറത്തിടുന്ന പെരുച്ചാഴികളെ പിടിക്കാന്‍ വച്ച പെട്ടികളില്‍ പിടച്ചില്‍ കാണുമ്പോള്‍ ഉയരുന്ന രക്തക്കൊതിയിലാണ് എന്റെ ഓര്‍മ്മ ചെന്നെത്തുന്നത്.

മഹായോദ്ധാവിനെപ്പോലെ ആ പെട്ടി കൈക്കലാക്കി പെരുച്ചാഴിയെ കൊന്നു കുലം മുടിക്കണം എന്ന ധാരണയില്‍ ചാടി വീഴുമ്പോള്‍ ഒരു ദേവനാദം പോലെ സുപ്പീരിയര്‍ അച്ച്ചന്റെ മൊഴി വിടര്‍ന്നു :" ഒരു ഫ്രാന്സീസ്ക്കന്‍

ആണെന്ന് മറക്കേണ്ട".ചെളിയെ സഹോദരനെന്നും പ്രകൃതിയെ കൂടെപ്പിറപ്പെന്നും മരണത്തെ സോദരിയെന്നും വിളിച്ച വിശുദ്ധവിഡ്ഢിയായ ഫ്രാന്‍സീസ്.
വിസ്താരമുള്ള ആശ്രമപ്പറമ്പില്‍ പെറ്റ് കിടന്ന ഒരു തള്ളപ്പട്ടി.രോമഗോളങ്ങള്‍ പോലെ കുഞ്ഞുകളിക്കുടുക്കകള്‍.അവ അവിടെ ജീവിച്ചു പോകുമായിരുന്നു.സമയമാകുമ്പോള്‍ വേറെ വഴി തേടി പോകുമായിരുന്നു. എന്തിനു അവയെ

കൊല്ലാന്‍ നിശ്ചയിച്ചു എന്നറിയില്ല. മുലപ്പാല്‍ വറ്റും തോറും എരിയുന്ന വയറിന്‍റെ തീയണയ്ക്കാന്‍ ഒരിറ്റു തിന്നാന്‍ പിന്‍വാതില്‍ കടന്ന ആ തള്ളപട്ടിയെ എന്തിനാണ് നീണ്ടുനിവര്‍ന്നു കിടക്കുന്ന ആശ്രമവരാന്തകളില്‍ കൂടി

ആക്രോശങ്ങളുമായി ഓടിച്ചത് എന്നറിയില്ല.കല്ലും കട്ടയും എറിഞ്ഞു വീഴ്ത്തി ഗോവണിതട്ടിന്റെ അടിയില്‍ പെടുത്തി തല്ലികൊന്നത് എന്നറിയില്ല. അവള്‍ തിന്നുന്നത് അവള്‍ക്ക് വേണ്ടി മാത്രമല്ല എന്ന് എന്തേ അവര്‍ ഓര്‍ത്തില്ല

എന്നും അറിയില്ല.ഭക്ഷണം എന്നത് അവരെ സംബന്ധിച്ച് ശരീരത്തിലെ രണ്ടു ദ്വാരങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ചരക്കുനീക്കങ്ങള്‍ മാത്രമാണല്ലോ. തള്ളയെ കൊന്ന് ചില കുഞ്ഞുങ്ങളെ അതിന്റെയൊപ്പം കുഴിച്ചുമൂടി,രക്ഷപ്പെട്ട

കുഞ്ഞുങ്ങള്‍ക്ക് മരണവാറന്റും ഒരുക്കി അവര്‍ കാത്തിരുന്നു. അന്ന് വി.ഫ്രാന്സീസിന് പഞ്ചക്ഷതം കിട്ടിയതിന്റെ തിരുന്നാള്‍ ദിനമായിരുന്നു. നടുമുറ്റത്തെ തോട്ടത്തില്‍ വര്‍ണ്ണപ്പുല്ലുകള്‍ വെട്ടിയൊതുക്കി അവര്‍ താവ് കുരിശിന്‍റെ

ആകൃതി തീര്‍ക്കുന്നുണ്ടായിരുന്നു. മരണവിധിയറിയാതെ ആ കുഞ്ഞുനായ അവിടെ എത്തിയത് അപ്പോഴാണ്‌. അതിന്റെ പുറകെ പോകുന്ന ആക്രോശങ്ങളെ നോക്കി പതിഞ്ഞ ശബ്ദത്തില്‍ "എടാ വേണ്ട" എന്ന് ഞാന്‍ പറഞ്ഞത്

അത്ര പതിയെ ആയിരുന്നില്ല എന്ന് തോന്നുന്നു. ഊണുമുറിയില്‍ നിന്നു കിടപ്പുമുറിയിലേക്കും തിരിച്ചും മാത്രമുള്ള വഴികള്‍ ശീലിച്ചിട്ടുള്ള ആ ആഷാഢഭൂതി, ആ മര്ജാരസന്ന്യാസി എന്നോടു വിളിച്ച് ചോദിച്ചു

:"മേനകാഗാന്ധിയുടെ മോന്‍ ആണോ?" ഞാന്‍ വീണ്ടും വളരെ  പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു : "അല്ല, വരുണ്‍ ഗാന്ന്ധി ഞാനല്ലേടാ, #@##@$*...(പറ്റുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ കാലില്‍ തൂക്കി കല്ലില്‍ അടിച്ചേനെ)."

ഇപ്രാവശ്യം അത്  ശരിക്കും പതിയെ തന്നെ ആയിരുന്നു.
എന്നിട്ടും "ലൌദാത്തോ സീ" എന്ന പ്രകൃതിവിചാരം ഇറങ്ങിയപ്പോള്‍ ആ പേര് വരുന്ന  പാട്ട് ഉളുപ്പില്ലാതെ പാടാനും ആടാനും (കേട്ടോടാ ഞങ്ങളുടെ പുണ്യാളന്റെ പാട്ട്)  കാടും പടലും ഇളക്കി പരിശുദ്ധ അള്‍ത്താര അലങ്കരിക്കാനും

ഞങ്ങള്‍ മത്സരിച്ചിരുന്നു .കൂടെ ഞങ്ങള്‍ പഞ്ചഭൂതങ്ങളെ ചായങ്ങളില്‍  കുടുക്കികാന്‍വാസുകളില്‍ അവാഹിച്ചു മതിലുകളില്‍ കെട്ടിത്തൂക്കി ഇടും. ഒരു ചൊറിപിടിച്ച വൃദ്ധനായി കാലഹരണപ്പെട്ട ഒരു കാവല്‍നായയെ

തൂക്കികൊന്നിട്ടുണ്ട്. അതിന്റെ മനോവിഷമത്തില്‍ കവിത എഴുതിയിട്ടുണ്ട്. ചെറുപ്പത്തില്‍ കുളത്തിലെ തവളകളെ ഈര്‍ക്കില്‍ കുരുക്കില്‍ പിടിച്ച് കീറിത്തുറന്നു ചികഞ്ഞിട്ടുണ്ട്. പുകയില തിളപ്പിച്ച വെള്ളം അവയുടെ

മാംസത്തില്‍ കുത്തി ഇറക്കി നിരീക്ഷിച്ചിട്ടുണ്ട്. ഞാന്‍ ഒരു ശാസ്ത്രജ്ഞന്‍ ആകുമെന്ന് ഞാനും പലരും കരുതിയിരുന്നു. ഇന്ന് ഒരു തവള പോലും ഉണ്ടക്കണ്ണ് മിഴിച്ചു ജലതലത്തില്‍ ഇല്ല എന്നോര്‍ക്കുമ്പോള്‍ ആരോ പറയുന്നു അവ

സൂചകജീവികള്‍ ആയിരുന്നു. ജീവമണ്ഡലത്തില്‍  വിഷം കലരുമ്പോള്‍ ആദ്യമേ അവര്‍ തീരും. ആസന്നമായ സര്‍വ്വനാശത്തിന്റെ ഒന്നാം അപായമണി പതിയെ മുഴക്കി അവര്‍ രംഗം വിടും. ബൈക്കില്‍ കുതിക്കുമ്പോള്‍ കുറുകെ

ഇഴയുന്ന ഒരു ആമയെ കണ്ടു ശരവേഗം കുറച്ച് വണ്ടി നിര്‍ത്തി അതിനെ താങ്ങി അപ്പുറത്തെ കാവിലെ കുളത്തിലേക്ക് എറിഞ്ഞപ്പോള്‍ ഒരു പ്രായശ്ചിത്തം എന്നെ ഉദ്ദേശിച്ചുള്ളൂ.  അതിവേഗപാതകളുടെ അരികുകളില്‍ കാല്‍നടക്കാരുടെ അതിര്‍വരയെ തൊട്ടു നായ്ക്കള്‍ ചതഞ്ഞരഞ്ഞു കിടക്കുമ്പോള്‍ മനസ്സ് അറിയാതെ മന്ത്രിക്കുന്നു:വേഗം കുറഞ്ഞവരും വലിപ്പം കുറഞ്ഞവരും സൂക്ഷിക്കണേ!!

ഓര്‍ത്ത് പോയത് കൊണ്ട് ഏറ്റുപറയുന്നു.

ആമസോണ്‍ എരിയുമ്പോള്‍, സഹസ്രാബ്ദങ്ങളുടെ അതിജീവനകലകള്‍ തീതിന്നുമ്പോള്‍, ഓണ്‍ലൈന്‍ ട്രെന്‍ഡ് ആയി ഞാനും അത് അറിയുന്നു, പോസ്റ്റുകള്‍ വിതറുന്നു, ഓണ്‍ലൈന്‍ കുറിപ്പുകളില്‍ കണ്ണീര്‍ ചാലിക്കുന്നു.എല്ലാം

ഉണങ്ങും, എല്ലാം തണുക്കും.പച്ച കത്തിയ ഉടലുകള്‍ കരികത്തി കിടക്കും. അവയെ നമ്മള്‍ മണ്ണിനു അഹാരമാക്കും. ആ മണ്ണില്‍ മേലാപ്പുകള്‍ പണിത് ഓര്‍മ്മകളെയും അടക്കും.
യവനകഥകളില്‍ ആമസോണ്‍ ഒരു പെണ്പട ആണ്. സമരവീര്യത്തിന്റെയും പ്രതിരോധത്തിന്റെയും പെണ്മാനം.അതിജീവനത്തിനായി സ്തനങ്ങള്‍ മുറിച്ചെറിഞ്ഞവര്‍.
അധിനിവേശ ചരിതങ്ങളില്‍ അത് സുവര്‍ണ്ണഭൂമിയാണ്‌, കുഞ്ഞുങ്ങളെ വെള്ളചാട്ടങ്ങളില്‍ എറിഞ്ഞു കൊല്ലുന്ന അമ്മമാരുടെ നാടാണ്(പറങ്കിപ്പടകളില്‍ നിന്ന് കുഞ്ഞുങ്ങളെങ്കിലും രക്ഷപെടട്ടെ എന്ന് കരുതി അവര്‍ അത്

ചെയ്തതാണെന്ന് സൌകര്യപൂര്‍വ്വം മറക്കാമല്ലേ!!) അധികം തണുത്തുറഞ്ഞു വീശല്ലേ എന്ന് വടക്കന്‍ കാറ്റിനോട് യാചിച്ചിരുന്ന അവര്‍ക്ക് വസൂരി തീണ്ടിയ പുതപ്പുകള്‍ സമ്മാനിച്ചു കുലം മുടിച്ച കാര്യവും കുറിക്കെന്ടല്ലേ?!!
മെക്സിക്കോയിലെ യൂക്കാട്ടാന്‍ പ്രവിശ്യയില്‍ പതിച്ച ഒരു ഉല്‍ക്കയാണ് ജൂറാസിക്ക് സങ്കല്പങ്ങളിലെ ഉരഗപ്പെരുന്കാലത്തിനു അകാലവിരാമം ഇട്ടതെങ്കില്‍ ആമസോണ്‍ കാട്ടുതീ ആയിരിക്കും നമ്മുടെ അസുരപ്പെരുങ്കാലത്തിന്റെ

പതനം കുറിക്കുക. ഒരു ചെമന്ന ഇന്ത്യന്റെ പ്രതികാരം. അപ്പോകാലിപ്റ്റോ.

2018, നവംബർ 8, വ്യാഴാഴ്‌ച

മാരീചം

ഹിരണ്യഹിരണങ്ങൾ;
മായക്കൊടുങ്കാട്,‌ എങ്കിലും
പൊന്നണിയാത്തൊരിളമാൻ
നേരായ്‌ കരഞ്ഞതു ഞാൻ കേട്ടതാം; 
അറിയില്ല,
മരീചികയിൽ കണ്ണീർ പോലും
അടരും നേരിൻ പടലമാം.